നുണബലൂണുകളുമായി മാധ്യമപ്പട
നുണകള്‍ നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിടാന്‍ സിപിഐ എം സംസ്ഥാന പ്ലീനം നടക്കുന്ന പാലക്കാട് പട്ടണത്തില്‍ പാര്‍ടി വിരുദ്ധ മാധ്യമപ്പട. ഓരോ സമ്മേളനം നടക്കുമ്പോഴും സിപിഐ എം ഇതാ തകരാന്‍ പോകുന്നു എന്നാര്‍ത്തുവിളിച്ചവര്‍ ഈ വിശേഷാല്‍ സമ്മേളന വേദിയിലും മുന്‍കൂര്‍ ഹാജരുണ്ട്. 1998ല്‍ സിപിഐ എം സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ മുത്തശ്ശി പത്രങ്ങള്‍ രചിച്ച സിപിഐ എം വിരുദ്ധസാഹിത്യത്തിന്റെ പൊള്ളത്തരങ്ങള്‍ അറിയുന്ന പാലക്കാട്ടുകാര്‍ക്ക് മുന്നില്‍ ഇത്തവണയും പരിഹാസ്യരാവുകയാണ് ഇക്കൂട്ടര്‍. 1998ലെ സംസ്ഥാന സമ്മേളന കാലത്ത് പാലക്കാടിന്റെ മുക്കിലും മൂലയിലും പ്രചാരണം കൊടുമ്പിരി കൊണ്ടപ്പോള്‍ മനോരമ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ നല്‍കിയ സചിത്രവാര്‍ത്ത വായിച്ച് തലയറഞ്ഞ് ചിരിച്ചവരാണ് പാലക്കാട്ടുകാര്‍. "സിപിഐ എം സമ്മേളന പ്രചാരണത്തിന് ഇന്ദിരാഗാന്ധിയുടെ ചിത്രവും എന്നായിരുന്നു ആസ്ഥാന ലേഖകന്റെ കണ്ടെത്തല്‍. ശ്രീകൃഷ്ണപുരത്തുള്ള ഒരു ബസ് സ്റ്റോപ്പിന്റെ ചിത്രവും "തെളിവാ"യി കൊടുത്തു. കോണ്‍ഗ്രസിന്റെയും സിപിഐ എമ്മിന്റെയും ചുവരെഴുത്തുകളുള്ള ബസ് സ്റ്റോപ്പിന്റെ ചിത്രം വക്രീകരിച്ചായിരുന്നു ചിത്രവധം. ശ്രീകൃഷ്ണപുരത്തിന് പുറത്തുള്ള പാര്‍ടി പ്രവര്‍ത്തകര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും സത്യം പുറത്തറിയാന്‍ അധികനേരം വേണ്ടിവന്നില്ല.
സമ്മേളനം തുടങ്ങിയ ദിവസം പാലക്കാട് പട്ടണത്തില്‍ മറ്റാര്‍ക്കും മീന്‍ കിട്ടിയില്ലെന്നും മാര്‍ക്കറ്റില്‍നിന്ന് മീന്‍ അത്രയും സമ്മേളന നഗരിയിലെ അടുക്കളയിലെത്തിച്ചുവെന്നുമാണ് കേരളകൗമുദിയുടെ "എക്സ്ക്ലൂസിവ്." ഇത്തരം വാര്‍ത്തകളുണ്ടാക്കിയ നാണക്കേടില്‍നിന്ന് ഈ പത്രങ്ങള്‍ പാഠം പഠിച്ചില്ലെന്നാണ് പ്ലീനത്തെക്കുറിച്ചുള്ള ഇവരുടെ വാര്‍ത്തകള്‍ വെളിവാക്കുന്നത്. മലയാള മനോരമ ഇറക്കുമതി ചെയ്ത ലേഖകര്‍ക്ക് പ്ലീനം "വിഭാഗീയത"ചര്‍ച്ച ചെയ്യാനുള്ള വേദി മാത്രം. പ്ലീനം നടത്തുന്നതിലൂടെ സിപിഐ എം സംഘടനാദൗര്‍ബല്യങ്ങളും പിഴവുകളും ഏറ്റുപറയുകയാണെന്നാണ് "സിപിഐ എം ബീറ്റ് പണ്ഡിതരുടെ" കണ്ടെത്തല്‍. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നത കേരളത്തിലെ പാര്‍ടിക്കകത്ത് നിലനില്‍ക്കുന്നില്ലെന്നും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക എന്നതാണ് പ്ലീനത്തിന്റെ ലക്ഷ്യമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അര്‍ഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും അതൊന്നും കണ്ട ഭാവം നടിക്കുന്നില്ല ലേഖകന്‍. പാലക്കാട് ജില്ലയിലെ ഐക്യം നിലനിര്‍ത്താനാണ് പ്ലീനമെന്നാണ് മറ്റൊരു വാര്‍ത്തയില്‍ മനോരമ പറയുന്നത്.
by WHM NEWS ONLINE · 0
CK Guptan
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 103 കോടി രൂപ നഷ്ടപ്പെടുത്തിയത് ആരാണ് ? ലാവ് ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സംസ്ഥാനത്തിനുണ്ടായി എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്ന നഷ്ടത്തിന് ഉത്തരവാദികള്‍ ആരാണ് ? എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അവരുടെ മന്ത്രിസഭകളില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുമാണ്. ഇതാണ് സി ബി ഐ അന്വേഷണത്തില്‍ മറച്ചുവെക്കപ്പെട്ടത്. പതിമ്മൂന്നു വര്‍ഷം മുഖ്യമന്ത്രിമാരായി ഇരുന്നിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ,എന്നിവരും അവരുടെ മന്ത്രിസഭകളില്‍ അംഗങ്ങളായ സി വി പദ്മരാജന്‍, കടവൂര്‍ ശിവദാസന്‍, ആര്യാടന്‍ മുഹമ്മദ്, കെ കാര്‍ത്തികേയന്‍ എന്നിവരെ ഒന്നും തൊടാതെ രണ്ടുവര്‍ഷം മന്ത്രിയായിരുന്ന സ: പിണറായി വിജയനെ പ്രതിയാക്കിയത് എന്തിനായിരുന്നു എന്നാണ് ചോദ്യം. എന്റെയല്ല. വിജിലന്‍സ് കോടതിയുടെ. പോതുതാല്‍പ്പര്യാര്‍ത്ഥം മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് അത്രവലിയ കുറ്റമാണോ.? അതിനു തടയിടാന്‍ കടവൂര്‍ ശിവദാസനും ആര്യാടനും ശ്രമിച്ചതല്ലേ പൊതുജന ദ്രോഹം .?ഇതായിരുന്നു വിജിലന്‍സ് കോടതിയുടെ സംശയം. ഗവര്‍ണ്ണറെകൂടി സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ: പിണറായി വിജയനെ കേസ്സില്‍ കുരുക്കിയത് കേരളത്തില്‍ സി പി ഐ എം നെ തകര്‍ക്കാരനും വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയെ നശിപ്പിക്കാനും അല്ലേ .? മുന്‍പ് പലപ്രാവശ്യം ആ സഖാവിനെയും കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാരെ, നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിളിച്ചുപറയാന്‍ എനിക്കാവും. മലബാറിലെ ക്യാന്‍സര്‍ രോഗികള്‍ ചികിത്സക്കായി സാധാരണ പോകുന്നത് തിരുവനന്തപുരത്തേക്കും അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകത്തെക്കുമാണ്. വളരെ അസൌകര്യമാണ് ഇത്. ഇതിനു പരിഹാരമായിട്ടാണ് ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിച്ചത്. ക്യാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്ന് ലാവ് ലിന്‍ കമ്പനി വാങ്ങിത്തരാം എന്ന് ഇട്ടിരുന്നത് 103.3 കോടി രൂപയില്‍ 98.
3കോടി രൂപയാണ്.അഞ്ചുകൊടിരൂപ പശ്ചാത്തലവികസനത്തിനായി കേരളസര്‍ക്കാര്‍ നീക്കി വെക്കണം എന്നും ധാരണ ആയതാണ്. 1998 ജനവരി 22 നാണു ഈ പ്രോജക്റ്റ് അംഗീകരിച്ചത്. ധാരണാപത്രത്തിന്റെ അടിസ്താനത്തില്‍ 12.75 ലക്ഷം രൂപ ലഭിച്ചു.ധാരണാപത്രം കരാറാക്കിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത ബാക്കി തുക , 98.
3 കോടി രൂപ തരാന്‍ കഴിയില്ലെന്നും നേരത്തെ കൊടുത്ത തുകക്ക് ഒരു അപ്രീസിയേഷന്‍ കത്തെങ്കിലും നല്‍കണമെന്നും ലാവ്ലിന്‍ കമ്പനി 2001 ഡിസംബര്‍ അഞ്ചിനും 2002 ഡിസംബര്‍ രണ്ടിനും രണ്ടുകത്തുകള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് അയച്ചു. പിന്നീടും പലതവണ എ കെ ആന്റണിക്ക് ഈ കമ്പനി കത്തയച്ചു. ഇതിന്റെ തുടക്കമാകട്ടെ, 1996 മാര്‍ച്ച് 14 ന് ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ ആണ്. ഗ്രാന്റ് എന്ന സങ്കല്‍പ്പം ഉയര്‍ന്നുവരുന്നതും അതിനായ നടപടി പുരോഗമിക്കുന്നതും. ഈ ഗ്രാന്റ് കേരളത്തിനു നഷ്ടമാക്കാന്‍ കാരണം സ: പിണറായി വിജയനല്ല , മറിച്ചു , എ കെ ആന്റണി. ഉമ്മന്‍ചാണ്ടി, കടവൂര്‍ ശിവദാസന്‍ ,ജി കാര്‍ത്തികേയന്‍ , ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരാണ്.കുറ്റ്യാടി പദ്ധതി നടപ്പാക്കിയ സി വി പദ്മരാജനും ഇതില്‍ ഒരു പങ്കുണ്ട്. വസ്തുതകള്‍ മറച്ച് വെച്ചു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും
by WHM NEWS ONLINE · 0
1. എന്താണ് ലാവ്‌ലിന്‍ പ്രശ്‌നം?
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ 1991-1996 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചു. കാനഡ സര്‍ക്കാരിന്റെ ധനസഹായത്തോടെ നവീകരണത്തിനായി ലാവ്‌ലിന്‍ കമ്പനിയുമായി അന്നത്തെ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയന്‍ നവീകരണത്തിന് ധാരണാപത്രവും കരാറും ഒപ്പിട്ടു. ആ കരാര്‍ പ്രാബല്യത്തിലുള്ള ഘട്ടത്തിലാണ് 1996 മെയ് മുതല്‍ 1999 ഒക്‌ടോബര്‍ വരെ പിണറായി വിജയന്‍ മന്ത്രിയായത്. കരാറിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും പണം നല്‍കിയതും വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴാണ്. പിണറായി ഈ പ്രശ്‌നത്തില്‍ തെറ്റായ ഒരുകാര്യവും ചെയ്‌തിട്ടില്ലെന്ന് യുഡിഎഫ് ഭരണകാലത്തുതന്നെ അന്വേഷിച്ച വിജിലന്‍സ് വ്യക്തമാക്കി. എന്നിട്ടും സ: പിണറായി വിജയനെതിരെ രാഷ്‌ട്രീയപ്രേരിതമായി സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് മന്ത്രിസഭാ തീരുമാനത്തെ മറികടന്ന് ഗവര്‍ണ്ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന് കോടതിയില്‍ കേസിന്റെ നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുകയാണ്. മാത്രമല്ല, സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് കോടതി ഉത്തരവിറക്കിയിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
2. എം.ഒ.യു (ധാരണാപത്രം) സമ്പ്രദായപ്രകാരമുള്ള കരാറുകള്‍ രൂപപ്പെടുന്ന രീതി എന്താണ്? അത് എപ്രകാരമാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ വന്നിട്ടുള്ളത്?
വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രണ്ട് മാര്‍ഗം അവലംബിക്കാം. ആദ്യത്തേത് ധാരണാപത്രം അഥവാ എം.ഒ.യു റൂട്ടാണ്. ബന്ധപ്പെട്ട കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിന്റെ രീതി. ഇതിലൂടെ മുഖ്യമായും നവീകരണത്തിനുള്ള ചെലവ് വിദേശരാജ്യത്തുനിന്ന് വായ്‌പയായി ലഭിക്കും. ദ്രുതഗതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. രണ്ടാമത്തെ മാര്‍ഗമാണ് ആഗോള ടെണ്ടര്‍ വിളിക്കുന്നത്.
എം.ഒ.യു റൂട്ടിലുള്ള കരാറിന് മൂന്ന് ഘട്ടങ്ങളാണ് ഉണ്ടാവുക. ആദ്യത്തേത് ധാരണാപത്രം ഒപ്പുവയ്‌ക്കലാണ്. ഇതിലാണ് എന്ത് പ്രോജക്‌ട്, ഏത് കമ്പനി, എത്ര തുക, വായ്‌പ എങ്ങനെയാണ് ലഭിക്കുക തുടങ്ങിയ പൊതു കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുക. രണ്ടാം ഘട്ടത്തില്‍ ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്. കമ്പനി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കമ്പനി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ എന്തെന്നും ഓരോന്നിന്റെയും സവിശേഷതകളും വിലയും ആ ഘട്ടത്തില്‍ തീരുമാനിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ കണ്‍സള്‍ട്ടന്‍സി കരാറിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നു. അതുകൊണ്ട് ഇതിനെ അനുബന്ധ കരാര്‍ എന്നു വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാംഘട്ട കരാറിന്റെ അനുബന്ധ പ്രവര്‍ത്തനം മാത്രമാണ്. അതുകൊണ്ടാണ് ഈ ഘട്ടത്തിന്റെ പേര് തന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നു വിളിക്കുന്നത്.
3. ആഗോള ടെണ്ടര്‍ വിളിക്കുന്ന പ്രശ്‌നം ഉയര്‍ന്നുവന്നല്ലോ. അക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും ഒരേ സമീപനമായിരുന്നോ സ്വീകരിച്ചത്?
1991-96 കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ 13 വൈദ്യുത പദ്ധതികള്‍ ക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഒന്നില്‍ പോലും ആഗോള ടെണ്ടര്‍ വിളിച്ചില്ല. എല്ലാം നേരിട്ട് സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയ്‌ത് ധാരണാപത്രം ഒപ്പുവെച്ച് കരാര്‍ ഉണ്ടാക്കുകയാണ് ചെയ്‌തത്.
എന്നാല്‍ 1996-2001 കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരൊറ്റ വൈദ്യുത പദ്ധതി പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ കരാര്‍ ഉറപ്പിച്ചിട്ടില്ല. കുറ്റിയാടി അഡീഷണല്‍ എക്‌സ്‌റ്റന്‍ഷന്‍ പദ്ധതി ടെണ്ടര്‍ വിളിച്ച് പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെയാണ് ഏല്‍പ്പിച്ചത്. അതിരപ്പള്ളിയും ടെണ്ടര്‍ വിളിക്കുകയാണ് ചെയ്‌തത്. കോഴിക്കോട് ഡീസല്‍ പ്ലാന്‍റും ടെണ്ടര്‍ വിളിച്ചാണ് നിശ്ചയിച്ചത്. കരാര്‍ ഒപ്പിടാതെ ധാരണാപത്രം മാത്രം ഒപ്പിട്ട നേര്യമംഗലം പദ്ധതി ധാരണാപത്രം റദ്ദാക്കി ടെണ്ടര്‍ വിളിക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് ഉപേക്ഷിക്കാനാവാത്തവിധം ബാധ്യതപ്പെട്ട കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്ന പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി മാത്രമാണ് മുന്നോട്ടുകൊണ്ടുപോയത്.
4. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിക്കു മുമ്പ് യു.ഡി.എഫ് ഏതെങ്കിലും കരാറില്‍ ലാവ്‌ലിനുമായി ഏര്‍പ്പെട്ടിരുന്നോ?
50 മെഗാവാട്ടിനുള്ള കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ടെണ്ടര്‍ വിളിക്കാതെയാണ് ഏല്‍പ്പിച്ചത്. ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട് കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട് യു.ഡി.എഫ് നടപ്പിലാക്കിയത് ഈ മൂന്ന് ഘട്ട കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ഈ നടപടി തന്നെ അതേപോലെ ആവര്‍ത്തിക്കുകയാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയിലും യു.ഡി.എഫ് ചെയ്‌തത്. കുറ്റിയാടി പദ്ധതിയില്‍ മൂന്ന് കരാറുകളും ഒപ്പുവച്ചത് യു.ഡി.എഫാണ്. എന്നാല്‍ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളില്‍ ആദ്യത്തെ രണ്ട് കരാര്‍ യു.ഡി.എഫും മൂന്നാമത്തേത് എല്‍.ഡി.എഫ് സര്‍ക്കാരുമാണ് ഒപ്പുവച്ചത്.
പള്ളിവാസല്‍-പന്നിയാര്‍-ശെങ്കുളം പദ്ധതിയുടെ കാലത്ത് യു.ഡി.എഫ് ഒരുപടി കൂടി മുന്നോട്ടുപോയി. ജലവൈദ്യുതപദ്ധതികള്‍ മുഴുവന്‍ ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട് ചെയ്യിക്കാന്‍ ധാരണയുണ്ടാക്കി. ഇതിന്റെ ഒന്നാംഘട്ടമെന്ന നിലയിലാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി ലാവ്‌ലിന് നല്‍കുന്നതെന്ന് പറയുന്നുണ്ട്. ഇവരുമായി ഒരു സംയുക്ത സംരംഭം ആരംഭിക്കുമെന്ന് ധാരണാപത്രത്തില്‍ തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ കുത്തക ലാവ്‌ലിന് നല്‍കുന്നത് പൊളിക്കുകയാണ് പിന്നീടു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്‌തത്.
5. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ ദുര്‍വ്വഹമായ ചെലവുണ്ടായി എന്നും അതുമൂലം നഷ്‌ടമുണ്ടായി എന്നും പറയുന്നുണ്ടല്ലോ?
യു.ഡി.എഫ് ലാവ്‌ലിനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെയും കരാറിന്റെയും അടിസ്ഥാനത്തിലാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ കരാര്‍ ഒപ്പുവച്ചത്. ഇതിനെ സംസ്ഥാനത്തിന് കൂടുതല്‍ ആനുകൂല്യം വാങ്ങിയെടുക്കാന്‍ പറ്റുന്ന തരത്തില്‍ രൂപപ്പെടുത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. നഷ്‌ടമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി യു.ഡി.എഫ് മാത്രമാണ്.
115 മെഗാവാട്ടാണ് ഈ പദ്ധതിയുടെ സ്ഥാപിതശേഷി. പദ്ധതി നിര്‍വ്വഹണത്തിന് 350 കോടി ചെലവായി. മെഗാവാട്ട് ഒന്നിന് മൂന്നുകോടി രൂപ എന്ന നിരക്കിലാണ് ഈ ചെലവ്. ഇത് അധികമാണ് എന്ന് വിമര്‍ശിക്കുന്ന യു.ഡി.എഫ് അഞ്ചുവര്‍ഷം മുമ്പ് അവര്‍ പൂര്‍ണ്ണമായും ആവിഷ്‌കരിച്ച 50 മെഗാവാട്ടിന്റെ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്ക് 201 കോടി രൂപയാണ് ചെലവായത്. രണ്ട് പദ്ധതികളിലും പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്. യു.ഡി.എഫ് നടപ്പാക്കിയ കുറ്റിയാടി പദ്ധതിക്ക് നാലുകോടി രൂപയാണ് ചെലവ് വന്നത് എന്നു മാത്രമല്ല, കുറ്റിയാടി പദ്ധതിയില്‍ മുടക്കിയ 201 കോടി രൂപയും പാഴായിപ്പോയി എന്ന് എ.ജി പറഞ്ഞിട്ടുമുണ്ട്. കുറ്റിയാടി പദ്ധതിയിലെ അധികജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന് സാധ്യതയുണ്ട് എന്നു പറഞ്ഞാണ് എക്‌സ്റ്റന്‍ഷന്‍ പദ്ധതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതിനാവശ്യമായ ജലം ലഭ്യമല്ലെന്നാണ് പിന്നീട് തെളിഞ്ഞത്.
6. ധാരണാപത്രം റദ്ദാക്കാന്‍ കഴിയുമായിരുന്നില്ലേ?
ആന്റണി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിന്റെ 17-ാം വകുപ്പ് പ്രകാരം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വൈദ്യുതി ബോര്‍ഡ് കമ്പനിക്ക് നഷ്‌ടപരിഹാരം നല്‍കണം. പാരീസില്‍ പോയി കേസ് നടത്തണം. അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കണം. പുതിയ വായ്‌പ കണ്ടെത്തണം. നേരിയമംഗലം പവര്‍ പ്രോജക്‌ടില്‍ ഇത്തരത്തില്‍ യു.ഡി.എഫ് ഉണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ കരാറില്‍ ഒപ്പിട്ട എ.ബി.ബി കമ്പനി കേസ് നടത്തുകയും ആ കേസില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്‌തു. ഇതേ സ്ഥിതി തന്നെ ആകുമായിരുന്നു ലാവ്‌ലിന്‍ കരാര്‍ റദ്ദാക്കിയാലും ഉണ്ടാവുക.
7. കരാര്‍ റദ്ദാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേട്ടം സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നവിധം മാറ്റം വരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ?
കരാര്‍ റദ്ദാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് കേരളത്തിന് അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 1996 ഫെബ്രുവരി 24-ന് പ്രാബല്യത്തില്‍ വന്ന കരാറില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച അനുബന്ധ കരാറിന്റെ ഉള്ളടക്കം.
കരാറില്‍ വരുത്തിയ മാറ്റങ്ങള്‍
ഇനം യു.ഡി.എഫ് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ എല്‍.ഡി.എഫ് വരുത്തിയ മാറ്റങ്ങള്‍
സാധന സാമഗ്രികള്‍ 157.47 കോടി 131.26 കോടി
കണ്‍സള്‍ട്ടന്‍സി ഫീസ് 24.04 കോടി 17.88 കോടി
പലിശ 7.8 ശതമാനം 6.8 ശതാനം
കമിന്റ്‌മെന്റ് ചാര്‍ജ് 0.5 ശതമാനം 0.375 ശതമാനം
അഡ്‌മിനിസ്‌ട്രേഷന്‍ ഫീസ് 0.75 ശതമാനം 0.5 ശതമാനം
എക്‌സ്‌പോഷര്‍ ഫീ 6.25% മുതല്‍ 5.8% വരെ 4.76%
സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ് 46 കോടി 98 കോടി
8. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തിലുണ്ടായ വീഴ്‌ച ആരുടേതാണ്?
മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍� കാനഡ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ കനേഡിയന്‍ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള ധാരണ രൂപപ്പെടുന്നത്. ഇതിനായി കനേഡിയന്‍ അന്താരാഷ്‌ട്ര വികസന ഏജന്‍സിയില്‍നിന്നും മറ്റും സമാഹരിച്ച് ധനസഹായമായി 98 കോടി രൂപ നല്‍കാമെന്നും 105 കോടി രൂപ ചെലവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും തീരുമാനിച്ചു. എല്‍.ഡി.എഫ്. ഗവണ്‍മെന്റ് മാറി യു.ഡി.എഫ്. ഗവണ്‍മെന്റ് വന്നതോടുകൂടി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് യു.ഡി.എഫുകാര്‍ വലിയ തോതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയും 32 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഒപ്പിട്ട് അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. എസ്.എന്‍.സി. ലാവ്‌ലിന്‍ അധികൃതര്‍ ആന്റണി ഗവണ്‍മെന്റിനെ സമീപിക്കുകയും മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി തങ്ങള്‍ 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ബാക്കി തുക തരാന്‍ സന്നദ്ധമാണെന്നും പറഞ്ഞുകൊണ്ട് കത്ത് നല്‍കുകയുണ്ടായി. ഒപ്പം ചെയ്‌തു തന്ന സഹായങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് നല്‍കണമെന്നും ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഒരു കരാറാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. കത്ത് നല്‍കുന്നതിനോ കരാര്‍ ഉണ്ടാക്കുന്നതിനോ തയ്യാറാകാതെ അന്നത്തെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ ധാരണാപത്രം പുതുക്കാതെ തുടര്‍സഹായം നഷ്‌ടപ്പെടുത്തി. 98 കോടി രൂപയുടെ സഹായ വാഗ്‌ദാനത്തില്‍ നിന്ന് 12 കോടി രൂപ കഴിച്ച് ബാക്കി തുക നഷ്‌ടപ്പെട്ടതിന് കാരണം യുഡിഎഫ് ഗവണ്‍മെന്റാണ്.
ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാതെ പണം നഷ്‌ടപ്പെടുത്തിയ കടവൂര്‍ ശിവദാസന്റെ പേരിലോ 1995 ല്‍� കരാര്‍ ഉണ്ടാക്കിയ ജി. കാര്‍ത്തികേയന്റെ പേരിലോ യാതൊരു കുറ്റവും കാണാത്ത സി.ബി.ഐ പിണറായിയെ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്‌ട്രീയ ദുരുദ്ദേശത്തോടുകൂടിയാണെന്ന് വ്യക്തമാണ്.
9. ചില കാര്യങ്ങള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചു എന്നു പറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ടോ?
ഈ കരാറിന്റെ തുടക്കക്കാരന്‍ ജി. കാര്‍ത്തികേയനാണെങ്കില്‍ പിണറായി വിജയന്‍ മന്ത്രി ആയതിന് ശേഷമുള്ള കരാറിന്റെ തീരുമാനം എടുക്കുന്നത് മന്ത്രിസഭയാണ്. ഒരു വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുരുക്കി നോട്ടിനകത്ത് ഉണ്ടാകും. ആ നോട്ടിന്റെ വിവരങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും യോഗത്തിനു മുമ്പാകെ വരും. സംശയമുള്ള ഏതെങ്കിലും അംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഈ ഫയലുകളെല്ലാം പരിശോധിക്കാവുന്നതുമാണ്. വസ്‌തുത ഇതായിരിക്കെ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് ക്യാബിനറ്റിന്റെ ബാലപാഠം അറിയാവുന്ന ഒരാള്‍ക്കുപോലും അംഗീകരിക്കാനാവില്ല. അന്നത്തെ മന്ത്രിസഭാംഗങ്ങളാരും തന്നെ ഇത്തരമൊരു തെറ്റിദ്ധരിപ്പിക്കല്‍ നടന്നതായി എവിടെയും പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും മൂന്നാമതൊരാള്‍ ഇപ്പോള്‍ തെറ്റിദ്ധരിപ്പിച്ചു എന്ന വിചിത്ര വാദവുമായി മുന്നോട്ടുവരുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
10. വരദാചാരിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നമെന്താണ്?
സി.ബി.ഐ പിണറായിയെ കേസില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാന കാരണമായി പറഞ്ഞത് വരദാചാരി ഈ കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഫയല്‍ അയച്ചിരുന്നുവെന്നും അതില്‍ ശക്തമായ എതിര്‍പ്പ് പിണറായി രേഖപ്പെടുത്തി എന്നുമാണ്. എന്നാല്‍ ഇങ്ങനെ ഒരു ഫയല്‍ അയച്ചിട്ടില്ലെന്നും അത് അയച്ചത് സഹകരണവകുപ്പുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നും വ്യക്തമായിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം പുറത്തുവന്നതോടെ സി.ബി.ഐയുടെ മറ്റൊരു കല്ലുവെച്ച നുണ പുറത്താവുകയും ചെയ്‌തു. സി.ബി.ഐ കേസ് രാഷ്‌ട്രീയ പ്രേരിതമായാണ് കെട്ടിച്ചമച്ചതെന്ന വസ്‌തുത പകല്‍ വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്. ഇല്ലാത്ത ഫയല്‍ കണ്ടതിന് കള്ള സാക്ഷികളേയും സി.ബി.ഐ ഒരുക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ ഗൂഢാലോചനയുടെ ആഴവും പരപ്പും വ്യക്തമാകുന്നത്. മ
11. മന്ത്രിസഭ പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നത് നിയമപരമാണോ?
ഇന്ത്യയിലെ നിയമങ്ങള്‍ അനുശാസിക്കുന്നത് സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ഇരുന്നവര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ സമ്മതമുണ്ടെങ്കിലേ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ പറ്റൂ എന്നാണ്. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതിന്റെ ലക്ഷ്യം അനാവശ്യ വ്യവഹാരങ്ങളില്‍നിന്ന് പൊതുപ്രവര്‍ത്തകന്മാരെയും മറ്റും സംരക്ഷിക്കുക എന്നതാണ്. രാഷ്‌ട്രീയമായ താല്‍പ്പര്യത്തോടുകൂടി ഓരോ ഘട്ടത്തിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കുത്തിപ്പൊക്കാമെന്നത് പ്രതിസന്ധി സൃഷ്‌ടിക്കും എന്നതാണ് ഇതിനടിസ്ഥാനം. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തന്നെ ഉള്ളതാണ് ഇത്തരത്തിലുള്ള പ്രോസിക്യൂഷന്‍ അനുമതി നല്‍കുക എന്ന പ്രശ്‌നം. അതില്‍ നിയമത്തില്‍നിന്ന് വ്യതിചലിക്കുന്ന ഒന്നുമില്ലെന്നര്‍ത്ഥം.
പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ മുഖേന സിബിഐ നല്‍കിയ അപേക്ഷ ഭരണഘടന അനുശാസിക്കുന്നതുപോലെ മന്ത്രിസഭ അഡ്വക്കേറ്റ് ജനറലിന് കൈമാറി. അഡ്വക്കേറ്റ് ജനറലിന്റെ ഉത്തരവാദിത്വമെന്തെന്ന് ഭരണഘടന കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്.
``അഡ്വക്കേറ്റ് ജനറലിന് അപ്പോഴപ്പോള്‍ ഗവര്‍ണ്ണര്‍ അയച്ചുകൊടുക്കുകയോ ഏല്‍പ്പിക്കുകയോ ചെയ്യുന്ന അങ്ങനെയുള്ള നിയമപരമായ വിഷയങ്ങളെക്കുറിച്ച് ആ സംസ്ഥാനത്തിന്റെ സര്‍ക്കാരിന് ഉപദേശം കൊടുക്കുകയും നിയമസ്വഭാവമുള്ള അത്തരം മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ഈ ഭരണഘടനയാലോ ഭരണഘടനപ്രകാരമോ ആ സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്താലോ നിയമപ്രകാരമോ നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നത് അഡ്വക്കേറ്റ് ജനറലിന്റെ കര്‍ത്തവ്യമായിരിക്കുന്നതാണ്.'' (ഇന്ത്യന്‍ ഭരണഘടന, 165 (2))
ഇപ്രകാരം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നവിധം സര്‍ക്കാരിനു മുമ്പാകെ വന്ന നിയമപ്രശ്‌നം എ.ജിക്ക് അയയ്‌ക്കുകയാണ് മന്ത്രിസഭ ചെയ്‌തത്. ഇതില്‍ അസാധാരണമായി ഒന്നുമില്ല. എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും സിബിഐ നല്‍കിയ രേഖകള്‍ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തിലും മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്‌തു. സ്വാഭാവികമായും മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യേണ്ടത്. എന്നാല്‍ ഈ കീഴ്‌വഴക്കവും ഭരണഘടനാപരമായ ഉത്തരവാദിത്വവും മറന്ന് സ്വന്തം നിലയ്‌ക്ക് തെളിവുകള്‍ ശേഖരിക്കാനും സി.ബി.ഐയുമായി നേരിട്ട് ഇടപാടുകള്‍ നടത്താനും അവരുടെ കൈയില്‍ നേരിട്ട് പ്രോസിക്യൂഷനുള്ള അനുമതി കൊടുക്കാനുമാണ് ഇവിടെ ഗവര്‍ണ്ണര്‍ തയ്യാറായത്.
12. പിണറായി വിചാരണ നേരിടുകയല്ലേ വേണ്ടത്? നിയമപരമായി കൈകാര്യം ചെയ്യേണ്ട കാര്യം എന്തിന് രാഷ്‌ട്രീയവല്‍ക്കരിക്കുന്നു?
രാഷ്‌ട്രീയമായി കെട്ടിച്ചമച്ച, ഗൂഢാലോചനയിലൂടെയും ഉപജാപങ്ങളിലൂടെയും കരുപ്പിടിപ്പിച്ച കേസിനെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും അതിന്‍െറ രാഷ്‌ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാനും രാഷ്‌ട്രീയത്തിന്റെ വഴിതന്നെ വേണം. പിണറായി വിജയനെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും സി.പി.ഐ (എം) നെ കരിതേച്ചുകാണിക്കാനും കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ അറിഞ്ഞേതീരൂ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയംതന്നെ കേസിന്റെ നിയമപരമായ വശങ്ങളെ അതിന്‍െറ വഴിയിലൂടെതന്നെ നേരിടും.
രാഷ്ട്രീയമായും നിയമപരമായും ഈ കടന്നാക്രമണത്തെ നേരിടും എന്നാണ് സി.പി.ഐ (എം) ന്റെ തീരുമാനം. കള്ള സാക്ഷിമൊഴികളുടെയും വ്യക്തമായ മുന്‍വിധിക്ക് അനുസൃതമായി തെരഞ്ഞെടുത്ത രേഖകളുടെയും അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച ഈ കേസ് കോടതിയില്‍ നിലനില്‍ക്കാന്‍ പോകുന്നില്ല.
ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ചതാണ്. നിയമത്തിന്റെ ഒരു കണക്കിലും പെടുത്തിയല്ല വിജിലന്‍സ് അന്വേഷണത്തിന്മേല്‍ യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു പൈസയുടെ അഴിമതി സിബിഐ കണ്ടെത്താത്ത കേസ് കൂറ്റന്‍ അഴിമതിയെന്ന് സംഘടിതമായി പ്രചരിപ്പിക്കുന്നത് നിയമവും വകുപ്പും നോക്കിയല്ല. ഇപ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയെ വെല്ലുവിളിച്ചുകൊണ്ട് സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും നിയമത്തെയും ഭരണഘടനയെയും മാനിച്ചുകൊണ്ടല്ല. യുഡിഎഫും തല്‍പ്പരകക്ഷികളാകെയും ഗവര്‍ണറെയും അദ്ദേഹവുമായി ബന്ധമുള്ള മറ്റുചിലരെപ്പോലും സ്വാധീനിച്ചതും ഭീഷണിപ്പെടുത്തിയതും പ്രലോഭിപ്പിച്ചതും ഒരു നിയമത്തിന്റെയും ആനുകൂല്യത്തിലല്ല. എല്ലാറ്റിലും കളിച്ചത് രാഷ്ട്രീയമാണ്. സിപിഐ എമ്മിനെ തകര്‍ത്തുകളയണമെന്ന് മോഹിക്കുന്ന ആ രാഷ്ട്രീയത്തോട് രാഷ്ട്രീയമായിത്തന്നെ പ്രതികരിച്ചേ തീരൂ. കാര്‍ത്തികേയന്റെ പങ്ക് പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന കോടതിയുടെ ഉത്തരവ് സി.ബി.ഐ നടത്തിയ ഗൂഢാലോചനയുടെ ഉള്ളടക്കത്തിലേക്കാണ് വെളിച്ചം വീശുന്നത്.
13. കേസ് രാഷ്‌ട്രീയപ്രേരിതമാണ് എന്ന് പറയാന്‍ കാരണമെന്ത്?
യു.ഡി.എഫിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം നടത്തി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സി.ബി.ഐ തന്നെ തുടക്കത്തില്‍ ഈ കേസ് അന്വേഷിക്കാന്‍തന്നെ അതുകൊണ്ട് തയ്യാറായില്ല. ഇപ്പോള്‍ കോടതിയില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രത്തില്‍ പുനരന്വേഷണം നടത്തണമെന്ന് കോടതി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. കരാര്‍ തുടങ്ങിയ ജി. കാര്‍ത്തികേയന്‍ പ്രതി ആവാതിരിക്കുകയും അതില്‍ ഗുണപരമായി മാറ്റം വരുത്തിയ പിണറായി വിജയന്‍ പ്രതി ആവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുതന്നെ ഗൂഢാലോചനയുടെ ഫലമായാണ് പിണറായി പ്രതിയാക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ കാണിച്ച ഭരണഘടനാ ലംഘനവും ആര്‍ക്കോവേണ്ടി കേസ് ഉപയോഗപ്പെടുത്തുകയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.
14. കേസില്‍ എങ്ങനെ മുന്നോട്ട് പോകണമെന്നാണ് സി.പി.ഐ (എം) തീരുമാനം?
ഈ കേസില്‍ നിരപരാധിത്വം നിയമപരമായി തെളിയിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗങ്ങളും പാര്‍ട്ടി സ്വീകരിക്കും. അതിനര്‍ത്ഥം സിബിഐ ഉന്നയിച്ച ദുരാരോപണങ്ങളാകെ ശിരസ്സാവഹിച്ച്; മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകളാകെ അംഗീകരിച്ച് കീഴടങ്ങുകയല്ല, കമ്മ്യൂണിസ്‌റ്റുകാരുടെ കറതീര്‍ന്ന ശുദ്ധി ഈ പ്രസ്ഥാനത്തിനും ഇതിന്‍െറ നേതൃത്വത്തിനുമുണ്ടെന്ന് ജനങ്ങള്‍ക്കുമുന്നില്‍ തെളിയിക്കാനുള്ള പോരാട്ടമാണ് പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നത്
by WHM NEWS ONLINE · 0
1948ല്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന വികെ കൃഷ്ണമേനോനെതിരെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതിയാരോപണമുയര്‍ന്നത്. സൈന്യത്തിന് വേണ്ടി 80 ലക്ഷം രൂപയുടെ ജീപ്പ് ഇറക്കുമതിയോടനുബന്ധിച്ചായിരുന്നു ഇത്. എന്നാല്‍ കാര്യമായ അന്വേഷണമൊന്നുമില്ലാതെ 1955ല്‍ ഈ കേസ് ക്ലോസ് ചെയ്തു. അധികം താമസിയാതെ കൃഷ്ണമേനോന്‍ നെഹ്‌റു മന്ത്രിസഭയിലെത്തുകയും ചെയ്തു.
അന്വേഷണം കാര്യക്ഷമമാക്കത്തതില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ഇതൊരു തിരഞ്ഞെടുപ്പ് വിഷയമാക്കിക്കോളാനായിരുന്നു പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് പറഞ്ഞത്. ജീപ്പ് ഇറക്കുമതിയിലെ ലക്ഷങ്ങളില്‍ തുടങ്ങിയ അഴിമതിക്കഥകള്‍ ഇന്ന് പടര്‍ന്ന് പന്തലിച്ച് ലോകത്തേറ്റവും വലിയ അഴിമതികളിലൊന്നായി 2ജി സ്‌പെക്ട്രത്തിലെത്തി നില്‍ക്കുകയാണ്. സ്വതന്ത്രഭാരത്തിലെ അഴിമതികളെക്കുറിച്ച് വിവരിയ്ക്കണമെങ്കില്‍ ഒരു ബൃഹദ്ഗൃന്ഥം തന്നെ എഴുതേണ്ടി വരും. എന്നാലും കേസിലുള്‍പ്പെട്ടവരും നഷ്ടത്തിന്റെ വ്യാപ്തിയും ജനശ്രദ്ധ നേടിയതിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചില അഴിമതികള്‍ ഇതാ.
1992 - കാളകള്‍ കൊമ്പുകുത്തിയ ഓഹരികുംഭകോണം
ഓഹരിവിപണിയിലെ കാളക്കൂറ്റനെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട ഹര്‍ഷദ് മേത്ത ബാങ്ക്പണം അനധികൃതമായി സ്‌റോക്ക് മാര്‍ക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതുമൂലം സ് മാര്‍ക്കറ്റില്‍ വന്ന ഇടിവില്‍ 5000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
വന്‍ തോതില്‍ മുന്‍ നിര കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി മന:പൂര്‍വ്വം സെന്‍സെക്‌സ് സൂചിക ഉയര്‍ത്തുകയെന്നതായിരുന്നു മേത്തയുടെ തന്ത്രം. ഇങ്ങനെ ഓഹരികളുടെ വില ഉയര്‍ത്തുന്നവരാണ് കമ്പോളത്തിലെ കാളകള്‍. എ സി സി സിമന്റിന്റെ ഓഹരികളായിരൂന്നു ഹര്‍ഷദ് മേത്ത വാങ്ങിക്കൂട്ടിയത്. പക്ഷേ സംഗതി എങ്ങനെയോ പുറത്തായതോടെ സെന്‍സെക്‌സ് മൂക്കും കുത്തി വീണു. ഓഹരികമ്പോള ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കാണ് അന്ന് രാജ്യം സാക്ഷ്യം വഹിച്ചത്.
1957-മുന്ദ്രയിലൂടെ കുംഭകോണമുണ്ടായി
അഴിമതിയ്ക്ക് കുംഭകോണം എന്നൊരു ഓമനപ്പേര് ആദ്യമായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് 1957ലെ മുന്ദ്ര കുഭകോണക്കേസിലൂടെയാണ് കൊല്‍കത്തയിലെ മാര്‍വാഡി വ്യവസായിയും സറ്റോക്ക് മാര്‍ക്കറ്റ് ഏജന്റുമായ ഹരിദാസ് മുന്ദ്രയ്ക്ക് എല്‍.ഐ.സി ഷെയര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവും എം.പിയുമായ ഫിറോസ് ഗാന്ധി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ആരോപണം വന്‍ വിവാദകൊടുങ്കാറ്റായുര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു ആരോപണം അന്വേഷിക്കുവാനായി ജസ്‌റീസ് എം.സി ചഗഗ്ലയെ ഏകാംഗകമ്മീഷനായി നിയമിച്ചു. ഇടപാടില്‍ ഒന്നരക്കോടി രൂപ നഷ്ടമുണ്ടായെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയും മുന്ദ്രയ്ക്ക് 22 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ധനകാര്യ വകുപ്പുമന്ത്രി ടി.ടി കൃഷ്ണമാചാരിയുടെ രാജിയില്‍ പ്രശ്‌നം കെട്ടടങ്ങുകയും ചെയ്തു.
1996 - ഹവാലയില്‍ അദ്വാനിയും കുടുങ്ങി
രാജ്യത്തെ പ്രമുഖ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിയ്ക്കപ്പെട്ട ഹവാല കേസ് പ്രധാന്യം നേടിയത് ആരോപണവിധേയരായത് ചില്ലറക്കാരല്ലെന്നതു കൊണ്ടാണ്. കുറ്റരോപിതരുടെ പട്ടികയില്‍ പ്രതിപക്ഷ കക്ഷി ആയിരുന്ന ബിജെപിയുടെ എല്ലാമെല്ലാമായ എല്‍കെ അദ്വാനിയുടെ പേരും പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു. ഹവാല ഇടപാടുകാരിലൂടെ 180 ലക്ഷം ഡോളര്‍ രാഷ്ട്രീയക്കാര്‍ക്ക് ലഭിച്ചുവെന്നായിരുന്നു കേസിലെ ആരോപണം. രാഷ്ട്രീയക്കാരില്‍ ആരും ശുദ്ധരല്ലെന്ന ഒരു വിശ്വാസം ജനങ്ങളില്‍ ഉടലെടുത്തത് ഹവാല കേസിലൂടെയായിരുന്നു. കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീനുകളായിരുന്നു പണത്തിന്റെ ഉറവിടമെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു.
കാലീത്തീറ്റയിലും കുംഭകോണം നടത്താം
പ്രതിരോധ ഇടപാടുകളില്‍ മാത്രമല്ല കാലിത്തീറ്റയില്‍ വരെ അഴിമതി നടത്താമെന്ന് തെളിയിച്ചത് ബീഹാറിലെ രാഷ്ട്രീയ നേതൃത്വം. പത്രങ്ങളില്‍ കാലിത്തീറ്റ കുംഭകോണമെന്ന പേരില്‍ കുറെക്കാലം നിറഞ്ഞുനിന്ന കേസില്‍ കുടുങ്ങിയത് ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തനായി നില്‍ക്കുന്ന ലാലു പ്രസാദ് യാദവ്. ബീഹാര്‍ മൃഗസംരക്ഷണ വകുപ്പില്‍നിന്ന് 950 കോടി രൂപ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പിന്‍വലിച്ചതായിരുന്നു ആരോപണം. കേസ് ഇപ്പോഴും കോടതിയില്‍ തുടരുന്നു.
1987-കോണ്‍ഗ്രസിന് വെടിവെച്ചിട്ട ബോഫോഴ്‌സ് കുംഭകോണം
എണ്‍പതുകളുടെ അന്ത്യം മുതല്‍ രണ്ട് പതിറ്റാണ്ടേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഉലച്ചുകളഞ്ഞ ബോഫോഴ്‌സ് കുംഭകോണത്തില്‍ പ്രതിസ്ഥാനത്ത് വന്നത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരും ഒരൂകൂട്ടം വിദേശ വ്യവസായികളുമായിരുന്നു. സ്വീഡീഷ് ആയുധ കമ്പനിയായ ബോഫോഴ്‌സില്‍ നിന്ന് 155 എം എം ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ അഴിമതി. തോക്കു് വാങ്ങാനായി രാജീവ് ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതൃത്വം 40 കോടിരൂപ കൈകൂലി കൈപറ്റിയതായാണ് ആരോപണം.
അതുവരെ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ അഴിമതിയാരോപണം 89ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനത്തിനും വഴിവെച്ചു. 2004ല്‍ ദില്ലി ഹൈക്കോടതി രാജീവ് ഗാന്ധിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. കേസിലുള്‍പ്പെട്ട ബ്രിട്ടീഷ് ബിസിനസ്സുകാരായ ഹിന്ദുജ സഹോദരരെയും കോടതി കുറ്റവിമുക്തരാക്കി. 2011ല്‍ ബോഫോഴ്‌സ് ഇടപാടില്‍ ഇടനിലക്കാരനായി നിന്നുവെന്ന ആരോപണം നേരിട്ട ഇറ്റാലിയന്‍ ബിസിനസ്സുകാരനായ ക്വത്‌റോച്ചിയ്‌ക്കെതിരെ വ്യക്തമായ തെളിവില്ലെന്നും നിരീഷണം നടത്തി. അഴിമതിക്കറകള്‍ പുരണ്ടെങ്കിലും ഇന്ത്യന്‍ യുദ്ധമുഖങ്ങളില്‍ ബോഫോഴ്‌സ് ഇന്നും താരമായി തിളങ്ങുന്നു.
1996-സുഖ്‌റാമിന്റെ അകത്താക്കിയ ടെലികോം അഴിമതി
1996ലെ ഒരു സുപ്രഭാതത്തില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് നാട്ടുകാരെ ഞെട്ടിച്ചുവെന്നല്ല വിസ്മയിപ്പിച്ചുവെന്ന് തന്നെ പറയാം സുഖ്‌റാമിന്റെ വസതികളിലെ അലമാരകളിലും അറകളിലും ബാഗിലുമായി കണ്ടെത്തിയത് 3.5 കോടി രൂപയും ഒട്ടേറെ ആഭരണങ്ങളും. കിടയ്ക്കക്കുള്ളില്‍പ്പോലും പണം ഒളിപ്പിച്ചിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. നരസിംഹ റാവു ഗവണ്‍മെന്റിന്റെ 1993-96 കാലയളവില്‍ ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയില്‍നിന്ന് ടെലികോം ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1.6കോടി രൂപയുടെ അഴിമതി നടന്നതായി അന്നത്തെ ടെലികോം മന്ത്രി സുഖ്‌റാമിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതായിരുന്നു റെയ്ഡിന് കാരണം. 2002ല്‍ സുഖ്‌റാം ശിക്ഷിക്കപ്പെട്ടെങ്കിലും ടെലികോം കേസില്‍ ഇപ്പോഴും നിയമയുദ്ധം തുടരുന്നു.
2009-സത്യം അഴിമതിയുടെ പര്യായം
സത്യമെന്ന വാക്കിനെ അഴിമതിയുടെ പര്യായമാക്കി മാറ്റിയതാണ് സത്യം കമ്പ്യൂട്ടേഴ്‌സെന്ന സോഫ്റ്റ് വെയര്‍ സ്ഥാപനം നടത്തിയ സാമ്പത്തിക തട്ടിപ്പ്. ബാങ്കുകളെയും ഇതര ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ ഹര്‍ഷദ് മേത്തയുടെ ഓഹരി തട്ടിപ്പിനു ശേഷം കോര്‍പറേറ്റ് വ്യവസായി തന്നെ നേതൃത്വം നല്‍കി നടത്തിയ വെട്ടിപ്പാണ് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപക ചെയര്‍മാനായ രാമലിംഗ രാജു നടത്തിയത്. ഹര്‍ഷദ് മേത്തയുടെ തട്ടിപ്പ് 4000 കോടിയുടേതായിരുന്നെങ്കില്‍ സത്യത്തില്‍ നടന്നത് 7000-14000 കോടിക്കിടയിലാണെന്ന് കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കമ്പനി പ്രസിദ്ധീകരിച്ചു വന്ന ബാലന്‍സ് ഷീറ്റുകളില്‍ നല്‍കിയ കണക്കുകള്‍ കളവായിരുന്നെന്നും ഓരോ വര്‍ഷവും ആസ്തിയും ലാഭവും പെരുപ്പിച്ചു കാട്ടിയിരുന്നെന്നുമാണ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു കൊണ്ട് കമ്പനി ഡയറക്ടര്‍ ബോര്‍ഡിനയച്ച കത്തില്‍ ശ്രീ രാമലിംഗ രാജു ഏറ്റു പറഞ്ഞത്. കമ്പനിയുടെ കൊടുത്തു തീര്‍ക്കാനുള്ള ബാധ്യതകള്‍ കുറച്ചു കാണിക്കുകയും ലഭിക്കാനുള്ള തുക കൂട്ടിക്കാണിക്കുകയും ചെയ്താണ് ലാഭവും ആസ്തിയുമെല്ലാം പെരുപ്പിച്ചു കാണിച്ചത്. ഇതെല്ലാം ചേര്‍ത്ത് 7136 കോടി രൂപയാണ് കണക്കില്‍ കളവായി ഉള്‍പ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭം 61 കോടി രൂപയായിരുന്നത് 649 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചു വന്ന ഈ കള്ള ബാലന്‍സ് ഷീറ്റുകള്‍ ഓഡിറ്റ് നടത്തിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന മള്‍ട്ടി നേഷണല്‍ ഓഡിറ്റിംഗ് കമ്പനിയാണെന്നത് കുറ്റത്തിന്റെ ഗൗരവം കൂട്ടി. സത്യം തട്ടിപ്പിലെ പ്രധാന പ്രതികളായ രാമലിഗം രാജുവും ഉറ്റവവരും ജയിലില്‍ വിഐപികളായി കഴിയുന്നു. കേസിലെ അന്വേഷണം പതിവുപോലെ നീളുന്നു.
2003-30000 കോടിയുടെ മുദ്രപ്പത്ര കുംഭകോണം
ഉദ്വോഗസ്ഥ പ്രമുഖരുടെ അറിവോടെ അബ്ദുള്‍കരിം തെല്‍ഗി നടത്തിയ മുദ്രപ്പത്ര കുഭകോണം രാജ്യത്തെ ഞെട്ടിച്ചു. സെന്‍ട്രല്‍ സ്റ്റാമ്പ് ഓഫീസില്‍നിന്നും ലഭിക്കുന്ന സ്റ്റാമ്പ് രസീതുകള്‍ ഇരട്ടിപ്പിച്ച് വ്യാജ മുദ്രപ്പത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയും ഉപയോഗം കഴിഞ്ഞതോ, റദ്ദാക്കിയതോ ആയ മുദ്രപ്പത്രങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കഴുകി പുനര്‍വിതരണം ചെയ്തും ഏതാണ്ട് പത്തുവര്‍ഷത്തോളം തെല്‍ഗി തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യാജമുദ്രപ്പത്രങ്ങളുപയോഗിച്ച കേസില്‍ രാജ്യത്തുടനീളം 46ഓളം കേസുകള്‍ തെല്‍ഗിക്കെതിരെ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സിബിഐ നടത്തിയ തെരച്ചിലില്‍ 25 കോടിയിലധികം രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തിരുന്നു. മഹാരാഷ്ട്രയിലാണ് വ്യാജ മുദ്രപ്പത്രങ്ങള്‍ ആദ്യം കണ്ടെടുത്തത്. തെല്‍ഗി അറസ്റ്റുചെയ്യപ്പെടുമ്പോള്‍ വ്യജ മുദ്രപ്പത്രം വിതരണത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് 30,000 കോടിയോളം രൂപ നഷ്ടമായിരുന്നു.
2010- ജവാന്മാരുടെ വിധവകളെയും പറ്റിച്ച ആദര്‍ശ് അഴിമതി
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് വേണ്ടിയുള്ള ശവപ്പെട്ടികളില്‍പ്പോഴും അഴിമതി നടത്തിയ രാഷ്ട്രീയക്കാര്‍ക്ക് സൈനികരുടെ വിധവകളോട് കാരുണ്യമുണ്ടാകുമെന്ന് കരുതാന്‍ വയ്യ. യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരുടെ വിധവകള്‍ക്കായി മുംബൈ നഗരത്തില്‍ ആറ് നിലകളുള്ള ഫ്ളാറ്റ് നിര്‍മിക്കുന്നതിനായി മാറ്റിവച്ചിരുന്ന ഭൂമിയില്‍ അനധികൃതമായി 31 നിലകളുള്ള ഫല്‍റ്റാണ് സര്‍ക്കാരിലെയും സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ ഉള്‍പ്പെട്ട സംഘം നിര്‍മിച്ചതും സ്വന്തമാക്കിയതും. ഈ അഴിമതി ആരോപണത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് രാജി സ്ഥാനം വയ്ക്കേണ്ടി വന്നു. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലുള്ള 103 ഫ്ളാറ്റുകളില്‍ ഏകദേശം 30 എണ്ണത്തോളം ബിനാമി പേരുകളിലാണ് ചിലര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് സി ബി ഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസിലെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
2010-അഴിമതിയുടെ മേള
രാജ്യത്തിന്റെ കായികചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി മാറേണ്ട കോമണ്‍വെല്‍ത്ത് ഗെയിംസിന് പക്ഷേ അതിന് ഭാഗ്യമുണ്ടായില്ല. കായിക മേളയെ 2010 ലെ അഴിമതിയുടെ മേളയാക്കി മാറ്റിയപ്പോള്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ നാണംകെട്ടുവെന്ന് പറയാം. ഒരുക്കങ്ങളില്‍ വന്ന പാളിച്ചകള്‍ ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഇന്ത്യയുടെ പ്രതിച്ഛായക്കാണ് കളങ്കമേറ്റത്. കോടികള്‍ യഥേഷ്ടം ചെലവഴിച്ചെങ്കിലും പണം ലക്ഷ്യസ്ഥാനത്തെത്താതിരുന്നതാണ് മേളയുടെ നിറപ്പകിട്ടിന് മങ്ങലേല്‍പ്പിച്ചത്. മേളയുമായി ബന്ധപ്പെട്ട് നടന്ന ഒട്ടുമിക്ക നിര്‍മാണപ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണളില്‍ കോണ്‍ഗ്രസ് എംപിയും ഗെയിംസ് സംഘാടക സമിതി ചെര്‍മാനുമായ സുരേഷ് കല്‍മാഡിയും അദ്ദേഹത്തിന്റെ അനുയായികളും ജയിലിലായി. 2011 ഓഗസ്റ്റിലും അന്വേഷണവുമായി ബന്ധപ്പെട്ട പുതു വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.
2ജി സ്‌പെക്ട്രം-അഴിമതിയുടെ രാജ
എല്ലാ അഴിമതികളുടെയും രാജ, 2ജി സ്‌പെക്ട്രം അഴിമതിയ്ക്ക് ചേര്‍ന്ന ഏറ്റവും നല്ല വിശേഷം അതാവും. രണ്ടാം തലമുറ മൊബൈല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ തരംഗ വിതരണനിര്‍ണ്ണയ അനുമതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് 2ജി സ്‌പെക്ട്രം അഴിമതി. ഒന്നാം യുപിയ സര്‍ക്കാരിന്റെയും അതിന് മുമ്പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെയും കാലത്താണ് ഇത് നടന്നത്. 2ജി ഇടപാടില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി നഷ്ടം വന്നുവെന്നാണ് സിഎജി കണ്ടെത്തിയത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബഐ ഈ കേസ് അന്വേഷിയ്ക്കുന്നു. 2ജി കേസില്‍ അഴിയ്ക്കുള്ളിലായവര്‍ ചില്ലറക്കാരല്ല, മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ദയാനിധി മാരനെപ്പോലുള്ളവര്‍ തിഹാര്‍ ജയിലിന് ഒരു വാഗ്ദാനമായി പുറത്തുകഴിയുന്നു.
================================================
================================================
കള്ളപ്പണത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണുള്ളത്. സ്വിസ് ബാങ്കുകളിലെ ഏകദേശം 1456 ബില്യന്‍ യു.എസ്. ഡോളറും കള്ളപ്പണത്തിന്റെ രൂപത്തിലാണ്. 2006ലെ സ്വിസ് ബാങ്കിങ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളിലെല്ലാംകൂടിയുള്ളതിനെക്കാള്‍ കൂടുതല്‍ കള്ളപ്പണം ഇന്ത്യയുടേതാണ്. ഇന്ത്യയുടെ ദേശീയകടത്തിന്റെ 13 മടങ്ങു വരും ഇന്ത്യയുടെ സ്വിസ് ബാങ്കിലുള്ള ആസ്തി. ചിലപ്പോള്‍ ഇന്ത്യയുടെ കള്ളപ്പണം പുറത്തേക്കു കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍നിന്നും സൂറിച്ചിലേക്കുള്ള 'സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകളി'ല്‍ പണം വിദേശത്തേക്ക് ഒഴുകുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇക്വിറ്റി സ്ഥാപനത്തിന്റെ സി.ഇ.ഒ. ഈയിടെ പത്രലേഖകരോടു പറഞ്ഞു. ബാങ്കിങ് വ്യവസായരംഗത്തെ കേന്ദ്രങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് സ്വിസ് ബാങ്കുകളിലെ അവിഹിത പണത്തിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യക്കാരായിരിക്കുമെന്ന് തീര്‍ച്ച. 2002-2006 കാലത്ത് ഇന്ത്യയില്‍നിന്നും പ്രതിവര്‍ഷം ഒളിച്ചുകടത്തിയിരുന്ന ശരാശരി പണം 27.3 ബില്യന്‍ യു.എസ്. ഡോളറാണ് എന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയസംവിധാനത്തിലെ ക്രിമിനലൈസേഷന്‍ ഗുരുതരമായ ഒരു പ്രശ്‌നമാണ്. (ഇന്ത്യയിലെ 540 പാര്‍ലമെന്റംഗങ്ങളില്‍ ഏതാണ്ട് നാലിലൊന്നു പേര്‍ കുറ്റം ചുമത്തപ്പെട്ടിട്ടുള്ളവരാണ് എന്ന് 2008 ജൂലായിലെ ദി വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. 1948നും 2008നും ഇടയ്ക്കുള്ള കാലത്ത് 462 ബില്യന്‍ ഡോളര്‍ (20 ലക്ഷം കോടിയിലധികം രൂപ) ഇന്ത്യ പുറത്തേക്കൊഴുക്കിയിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇന്ത്യയില്‍നിന്നുള്ള പണത്തിന്റെ അവിഹിത പലായനത്തെക്കുറിച്ച് അന്തര്‍ദേശീയതലത്തില്‍ നിയമവിരുദ്ധപ്രവൃത്തികള്‍ പ്രതിരോധിക്കാനുള്ള ഒരു സംഘം നടത്തിയ പഠനം (നിഗൂഢതയില്‍ ആണ്ടു മുങ്ങിയ ഒരു വിഷയത്തിലേക്ക് വെളിച്ചം ചൊരിയാനുള്ള ആദ്യ ശ്രമമായിരിക്കാം ഇത്) അവസാനിപ്പിക്കുന്നത്. ഈ തുക ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 40 ശതമാനമാണ്.
സ്വതന്ത്രമായ റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ചും എസ്. ഗുരുമൂര്‍ത്തി തയ്യാറാക്കി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ 2011 ജനവരി 2നു പ്രസിദ്ധീകരിച്ചത്, ഈയിടെ കണക്കാക്കിയിട്ടുള്ളത് പാരമ്പര്യമായി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയകുടുംബത്തിന്റെ മിച്ചം 42,345 കോടി രൂപയ്ക്കും (9.4 ബില്യന്‍ യു.എസ് ഡോളര്‍) 83,900 കോടി രൂപയ്ക്കും (18.63 ബില്യന്‍ യു.എസ് ഡോളര്‍) ഇടയ്ക്കാണെന്നാണ്. ഇതില്‍ ഏറിയ പങ്കും അവിഹിത പണത്തിന്റെ രൂപത്തിലാണ്.
രാജീവ്ഗാന്ധിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമായി ചെന്നിട്ടുള്ള പണത്തിന്റെ ഇടപാടുകള്‍ വിക്തോര്‍ ചെബ്രിക്കോവ് വഴിയായിരുന്നു എന്ന് കെ.ജി.ബി. രേഖകള്‍ സൂചിപ്പിച്ചുകൊണ്ട് ഹാര്‍വാഡ് പണ്ഡിതന്‍ യെവ്‌ഗെനിയ ആല്‍ബാട്ട്‌സ് പറയുന്നു. 'രാജീവ്ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ക്ക്, അതായത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയുടെ മാതാവ് പാവൊല മെയ്‌നൊ എന്നിവര്‍ക്ക് അമേരിക്കന്‍ ഡോളറായി പണമയയ്ക്കുന്നതിന് അനുമതി തേടി 1985 ഡിസംബറില്‍ സി.പി.എസ്.യുവില്‍ നിന്ന് കെ.ജി.ബി. തലവന്‍ വിക്തോര്‍ ചെബ്രിക്കോവ് എഴുതി എന്നാണിതു കാണിക്കുന്നത്.
അമേരിക്കയിലെ രണ്ടാം ദണ്ഡിമാര്‍ച്ചിന്റെ സംഘാടകര്‍ പറയുന്നതിപ്രകാരമാണ്: 'സങ്കല്പാതീതമാംവണ്ണം വലിയ തുക പണം ഉള്‍പ്പെട്ടിട്ടുള്ള അടുത്തകാലത്തെ തട്ടിപ്പുകള്‍, 2 ജി സ്‌പെക്ട്രം അഴിമതി പോലുള്ളവ, എല്ലാവര്‍ക്കും അറിവുള്ളതാണ്. 80 ശതമാനം ഇന്ത്യക്കാരും പ്രതിദിനം 2 ഡോളറില്‍ താഴെ സമ്പാദിക്കുകയും ഓരോ രണ്ടാമത്തെ കുഞ്ഞും പോഷകാഹാരക്കുറവനുഭവിക്കുകയും ചെയ്യുമ്പോള്‍, വിദേശ താവളങ്ങളിലേക്ക് ലക്ഷം കോടിയിലധികം ഡോളര്‍ ഒഴുകുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ സത്യസന്ധരായവര്‍ ദരിദ്രരാണെന്നതുപോലെ തോന്നും; അവര്‍ വിദ്യാഭ്യാസം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം, അന്യദേശവാസം എന്നിവയിലൂടെ തങ്ങളുടെ ദാരിദ്ര്യത്തില്‍നിന്നു മോചനം നേടാനാശിക്കുന്നു. അതേസമയം ഹസ്സന്‍ അലിഖാനെപ്പോലുള്ള എല്ലാ അഴിമതി വീരന്മാരും തട്ടിപ്പിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും സമ്പന്നരായിത്തീരുന്നു. ദരിദ്രജനങ്ങളെക്കൊണ്ടു നിറഞ്ഞ ഒരു സമ്പന്നരാജ്യമാണ് ഇന്ത്യ എന്നു തോന്നിപ്പോവുന്നു.'
നഗരവികസനം, ജലവിഭവം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളുടെ അപര്യാപ്തമായ ആസൂത്രണത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യാഗവണ്‍മെന്റ് 100,000 കോടി രൂപയുടെ (22.2 ബില്യന്‍ യു.എസ് ഡോളര്‍) ഉപയോഗിക്കാത്ത വിദേശസഹായത്തിന്റെ മേലാണ് ഇരിക്കുന്നതെന്ന് ഒരു കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് പറയുന്നു. 2011 മാര്‍ച്ച് 18ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി. പറയുന്നു: '2010 മാര്‍ച്ച് 31 ആയപ്പോള്‍ ഏറ്റെടുത്ത വിദേശസഹായം ഉപയോഗിക്കാതെയുള്ളത് 1,05,339 കോടി രൂപയുടേതായിരുന്നു. യഥാര്‍ഥത്തില്‍ ബഹുകക്ഷികളുള്ളതും ഇരുകക്ഷികളുള്ളതുമായ വായ്പാ ഏജന്‍സികളംഗീകരിച്ച ധനസഹായം യഥാസമയം ഉപയോഗിക്കാതിരുന്നതിന്റെ പിഴയുടെ രൂപത്തില്‍ 2009-2010 കാലത്ത് നികുതിദായക പണത്തില്‍ നിന്നും കമ്മിറ്റ്‌മെന്റ് ചാര്‍ജായി 86.11 കോടി രൂപ (19.12 മില്യന്‍ ഡോളര്‍) ഇന്ത്യാ ഗവണ്‍മെന്റ് അടച്ചിരുന്നു.
1991നു ശേഷമുള്ള പ്രധാന അഴിമതികള്‍
2009 നവംബര്‍ 23നു പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് മാഗസിനില്‍ പറയുന്ന പ്രകാരം 1991ലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തുറന്നു കൊടുക്കല്‍ രഹസ്യ പണത്തെ അത്യന്തം ഉയര്‍ന്ന നിലയിലേക്കെത്തിച്ചു. 1991 മുതലുള്ള സാമ്പത്തിക അഴിമതികളുടെ ഏകദേശ പട്ടിക ഔട്ട്‌ലുക്ക് തയ്യാറാക്കി അവതരിപ്പിച്ചിട്ടുള്ളത് സങ്കല്പിക്കാനാവാത്തത്ര വലിയ കൊള്ളമുതലിന്റെ കണക്കാണ്-73 ലക്ഷം കോടി രൂപ. അതില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു:
1992-ഹര്‍ഷദ്‌മേത്തയുടെ ഓഹരി അഴിമതി 5000 കോടി രൂപ.
1994-പഞ്ചസാര ഇറക്കുമതി അഴിമതി 650 കോടി രൂപ.
1995-പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് അഴിമതി 5000 കോടി രൂപ; യുഗോസ്ലാവ് ദിനാര്‍ അഴിമതി 400 കോടി രൂപ; മേഘാലയ വനം അഴിമതി 300 കോടി രൂപ.
1996-വളം ഇറക്കുമതി അഴിമതി 1,300 കോടി രൂപ; യൂറിയ അഴിമതി 133 കോടി രൂപ; ബിഹാര്‍ കാലിത്തീറ്റ അഴിമതി 950 കോടി രൂപ.
1997-സുഖ്‌റാം ടെലികോം അഴിമതി 1500 കോടി രൂപ; ബിഹാര്‍ ഭൂമി അപവാദം 400 കോടി രൂപ; സി.ആര്‍. ബന്‍സാലി സ്റ്റോക്ക് അപവാദം 1200 കോടി രൂപ.
1998-തേക്ക് തോട്ടം ധനാപഹരണം 8000 കോടി രൂപ.
2001-യു.ടി.ഐ. അപവാദം 4800 കോടി രൂപ; ദിനേഷ് ഡാല്‍മിയ സ്റ്റോക്ക് അപവാദം 595 കോടി രൂപ; കേതന്‍ പരേഖ് ഓഹരി അപവാദം 1250 കോടി രൂപ.
2002-സഞ്ജയ് അഗര്‍വാള്‍ ഹോംട്രേഡ് അഴിമതി 600 കോടി രൂപ.
2003-തേല്‍ഗി മുദ്രപ്പത്ര കുംഭകോണം 172 കോടി രൂപ.
2005-ഐ.പി.ഒ.-ഡിമാറ്റ് അഴിമതി 146 കോടി രൂപ; ബിഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതി 17 കോടി രൂപ; സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ അഴിമതി 18,978 കോടി രൂപ.
2006-പഞ്ചാബ് സിറ്റി സെന്റര്‍ പ്രോജക്ട് അഴിമതി 1500 കോടി രൂപ; ടാജ് ഇടനാഴി അഴിമതി 175 കോടി രൂപ.
2008-പുനെയിലെ കോടീശ്വരന്‍ ഹസ്സന്‍ അലിഖാന്‍ നികുതി ക്രമക്കേട് 50,000 കോടി രൂപ; സത്യം അഴിമതി 10,000 കോടി രൂപ; ആര്‍മി റേഷന്‍ വെട്ടിപ്പ് 5000 കോടി രൂപ; സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര അഴിമതി 95 കോടി രൂപ; സ്വിസ് ബാങ്കുകളിലുള്ള അവിഹിത പണം 2008-ലെ കണക്കു പ്രകാരം 71,00,000 കോടി രൂപ.
2009-ജാര്‍ഖണ്ഡ് മെഡിക്കല്‍ ഉപകരണം അഴിമതി 130 കോടി രൂപ; അരി കയറ്റുമതി കുംഭകോണം 2,500 കോടി രൂപ; ഒറീസ ഖനി അഴിമതി 7000 കോടി രൂപ; മധു കോഡ മൈനിങ് തട്ടിപ്പ് 4000 കോടി രൂപ.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പരിഷ്‌കരണങ്ങള്‍ക്കായി വഴിയൊരുക്കിക്കൊണ്ട് തുറന്നുകൊടുത്ത 1991 മുതല്‍ സാമ്പത്തിക അഴിമതികളായി ആദര്‍ശം-ലൈസന്‍സ് രാജില്‍ നിന്നു മോചിപ്പിക്കാനും അഴിമതിക്കുള്ള സാധ്യത കുറയ്ക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു പരിഷ്‌കരണങ്ങള്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അരുണ്‍കുമാര്‍ മാഗസിനോടു സംസാരിക്കവേ പറയുന്നു: 'സാധാരണമായുള്ളവ അസാധാരണവും അസാധാരണമായ കാര്യങ്ങള്‍ സാധാരണവുമായിത്തീരുന്നു.' 1991നും 1996നുമിടയില്‍ ഉദാരവത്കരണത്തിനു തൊട്ടുപിറകെ 26 സംഭവങ്ങളാണുണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ ഓരോന്നിലും ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയായിരുന്നു. അതു മുതല്‍ പൂജ്യങ്ങളുടെ എണ്ണം മാത്രം വര്‍ധിച്ചു വന്ന്, അഴിമതിയുടെ തുകകള്‍ ജ്യോതിശ്ശാസ്ത്രസംഖ്യകളിലേക്കുയര്‍ന്നു. 2008ലെ സ്‌പെക്ട്രം അഴിമതിയുടെ തുക 60,000 കോടി രൂപയാണെന്നു പറയപ്പെടുന്നു. ഇങ്ങനെയൊരു നാട്ടിലാണ് നാമിന്നു ജീവിക്കുന്നത് എന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ 50 ശതമാനത്തോളം വരും ഇന്ത്യയിലെ കള്ളപ്പണ സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ വലിപ്പമെന്ന് കുമാര്‍ വിശ്വസിക്കുന്നു. അതായത് 26,60,876.5 കോടി രൂപ. എല്ലാമുള്‍പ്പെടെയുള്ള കണക്കായിരിക്കും ഇത്, തീര്‍ച്ച. തന്റെ വരുമാനത്തിനു നികുതിയടയ്ക്കാത്ത ആളെയോ, സ്‌കൂളില്‍നിന്നു മടങ്ങിയെത്തിയാല്‍ ട്യൂഷനെടുക്കുന്ന അധ്യാപകനെയോപോലും ഇതു കണക്കിലെടുത്തിട്ടില്ല. അരുണ്‍കുമാറിന്റെ അഭിപ്രായത്തില്‍ അമ്പതുകളില്‍ ഈ സമ്പദ്‌വ്യവസ്ഥ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിരോധാഭാസമെന്ന് പറയാം, എങ്ങനെയും ബിസിനസും, വികസനവും പ്രോത്സാഹിപ്പിക്കാനുള്ള ആവേശമാണ് അഴിമതിയെ ഇത്രത്തോളം വളര്‍ത്തിയത്.
സാമ്പത്തികകാര്യ വകുപ്പിലെ മുന്‍ സെക്രട്ടറി ഇ.എ.എസ്. ശര്‍മ മാഗസിനോടു പറഞ്ഞു: 'അതിവേഗത്തിലുള്ള അനുമതി നല്കല്‍ മാതൃകയില്‍, ഒരു സംരംഭകന്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മറ്റു മാര്‍ഗം നോക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിരിക്കുന്നു. ഇനി അതിന്റെ വഴിയില്‍ എന്തെങ്കിലും നിയമതടസ്സം വന്നാല്‍ അവയെ ആക്രമിച്ചു തിടുക്കത്തില്‍ ശക്തി കുറയ്ക്കാന്‍ ഗവണ്‍മെന്റ് സജ്ജമായിരിക്കുന്നു.' ഉദാരവത്കരണത്തിനു ശേഷമുള്ള മൂലധന വിപണിക്ക്-അത് ഉയര്‍ന്ന മൂല്യത്തില്‍ എത്തിനില്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തിന്റെ സൂചകമായി മിക്കവാറും കൊണ്ടാടപ്പെട്ടിരുന്നു-സ്വയം ഭഞ്ജിച്ച് മതിയായ മേല്‍നോട്ടം, കര്‍ശനമായ വിശ്വാസ്യത, ഉചിതമായ ശിക്ഷ എന്നിവ ഇന്നും നഷ്ടമാവുന്നു എന്നതു തന്നെയാണതിനു കാരണമെന്ന് അറിയപ്പെടുന്ന ബിസിനസ് ജേര്‍ണലിസ്റ്റായ സുചേത ദലാല്‍ എഴുതുന്നു.
പണവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം പണത്തിന് മേല്‍ക്കൈ കിട്ടുന്നതോടെ മാറ്റത്തിനു വിധേയമാവുന്നു. പണത്തിന്റെ കറ പുരണ്ട രാഷ്ട്രീയ അഴിമതികളുടെ സമീപകാല പ്രളയത്തെ സൂചിപ്പിച്ചുകൊണ്ട്-മധു കോഡ, കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്‍ എന്നിവരുടെ അഴിമതികളുള്‍പ്പെടെയുള്ളവ-ആന്ധ്രാപ്രദേശിലെ ലോക്‌സത്തയുടെ ജയപ്രകാശ് നാരായണ്‍ ചൂണ്ടിക്കാണിക്കുന്നു, അവര്‍ ഈ ബന്ധത്തിന്റെ അടുത്ത ദശ 'നാടകീയമായി' അവതരിപ്പിക്കുന്നു. 'പണത്താല്‍ സ്വാധീനിക്കപ്പെടുന്നത് രാഷ്ട്രീയം മാത്രമല്ല. ഇന്ന് അതു യഥാര്‍ഥത്തില്‍ വ്യവസ്ഥകളെ ഭരിക്കുകയാണ് ചെയ്യുന്നത്,' അദ്ദേഹം പറയുന്നു. 'സ്വത്തുത്്പാദനം നടക്കുന്നില്ല. നാടിന്റെ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് ഇഷ്ടംപോലെ ദാനം ചെയ്യുകയാണ്; ഒറ്റ പരിഗണനയേയുള്ളൂ-സ്വകാര്യ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന വഞ്ചനാപരമായ ഉദ്ദേശ്യം.'
സി.പി.ഐയുടെ എ.ബി. ബര്‍ദന്‍ ഇതിനോടു യോജിക്കുന്നു: 'അളവറ്റ ധനത്തിന്റെ ശക്തി നമ്മുടെ ജനാധിപത്യത്തിനു മുകളില്‍ ഒരു കരിമേഘംപോലെ അലഞ്ഞുതിരിയുന്നുണ്ട്. വാര്‍ഡ് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളതാണെങ്കില്‍പോലും തിരഞ്ഞെടുപ്പുകള്‍ക്കായി കോടികളാണ് ചെലവാക്കപ്പെടുന്നത്. ഇത് വിജയകരമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്നും പാവങ്ങളെയും പാവങ്ങളുടെ പാര്‍ട്ടികളെയും അകറ്റിനിര്‍ത്തുന്നു. കോഡ പിടിക്കപ്പെട്ടേക്കാം. പക്ഷേ ഇനിയും പിടിക്കപ്പെടാത്ത നിരവധി വന്‍മത്സ്യങ്ങളുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിയാന എം.എല്‍.എയുടെ ശരാശരി വില അഞ്ചു കോടി രൂപയായി ഉയര്‍ന്നു എന്ന വാര്‍ത്ത ഒരുദാഹരണം. ജഗ്‌മോഹന്‍ റെഡ്ഡിയുടെ സ്വത്തുക്കള്‍പോലും പല മടങ്ങായി പെരുകിയിരിക്കുന്നു. ഇതിനെ എങ്ങനെയാണ് നിങ്ങള്‍ വിശദീകരിക്കുക? ജനാധിപത്യത്തിനു മേല്‍ പണത്തിനുള്ള ഈ സ്വാധീനം നമ്മുടെ ധാര്‍മികപ്രകൃതത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അഴിമതി സ്വാഭാവികവും സാധാരണവുമാണിന്ന് എന്ന് അനവധി ആളുകള്‍ ചിന്തിക്കുന്ന ഒരു ധാര്‍മികപ്രതിസന്ധിയുടെ നടുവിലാണ് നാം.'
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതിലെ പരാജയം ഏതാണ്ട് പൂര്‍ണമായിരിക്കുന്നു. ഏതാനും അപവാദങ്ങള്‍ മാത്രം; രാഷ്ട്രീയക്കാര്‍ പൊതുവേ ശിക്ഷിക്കപ്പെടുകയോ വിശദീകരണത്തിനുള്ള അവസരം നല്കപ്പെടുകയോ ചെയ്യാറില്ല. നീതിന്യായവ്യവസ്ഥ പോലും അഴിമതിക്കറയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനെതിരെ ഉണ്ടായ ഒരു ഭൂമി തട്ടിയെടുക്കല്‍ കേസ് അടുത്തകാലത്തെ ഉദാഹരണം. മറ്റൊരു തടസ്സം-ഉദ്യോഗസ്ഥസമൂഹം-വളരെ നേരത്തെതന്നെ അഴിമതിക്കിരയാവുകയുണ്ടായി. ഉള്ളുകള്ളികളറിയാവുന്ന ഏതാനും ആളുകള്‍ തുറന്നുപറയാന്‍ തയ്യാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ അത്ര സന്ദേഹികളല്ല. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചെയര്‍മാനായ റിട്ടയേഡ് അഡ്മിറല്‍ ആര്‍.എച്ച്. തഹിലിയാനി ഔട്ട്‌ലുക്ക് മാഗസിനോടു സംസാരിക്കവേ പറയുകയാണ്: 'തിരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ അഴിമതി അതിന്റെ കൊടുമുടിയിലാണ്. അതിനാല്‍ രാഷ്ട്രീയക്കാരുടെ അരികിലേക്ക് ഒരാളെ ചെല്ലാനനുവദിക്കാനാവില്ല, കാരണം ഭരണാധികാരികളാണ് അതിനു പശ്ചാത്തലമൊരുക്കുന്നത്... 99 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള വെള്ളത്തിന് ചൂടുണ്ട്, പക്ഷേ അതിന് ഊര്‍ജമില്ല. ഒരു ഡിഗ്രി വര്‍ധിപ്പിച്ചു നോക്കൂ, അതു തിളയ്ക്കാന്‍ തുടങ്ങുന്നു, നീരാവി വമിച്ച് അത്യധികമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നു. അതുപോലെ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംഘര്‍ഷം നിലനിര്‍ത്തേണ്ട ആവശ്യമുണ്ട്. എപ്പോഴാണ് കൂടുതലായി വേണ്ട ആ ഇത്തിരി ഡിഗ്രി വരാനിടയുള്ളതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഇനി എല്ലാത്തിനും പുറമേ, ഒരൊറ്റ വെടിയുണ്ടപോലും ഉതിര്‍ക്കാതെയാണ് ബര്‍ലിന്‍ മതില്‍ നിലംപതിച്ചത്, ശരിയല്ലേ?'
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകീര്‍ത്തികള്‍
ചുര്‍ഹത് ലോട്ടറി കേസ് (1982)
അര്‍ജുന്‍സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം ഒരു അപകീര്‍ത്തി വിഷയത്തില്‍ ഉള്‍പ്പെട്ടു. ചിലര്‍ അതിന് ചുര്‍ഹത് ലോട്ടറി കേസ് എന്നു പേരു വിളിച്ചു. 1982-ല്‍ അര്‍ജുന്‍സിങ്ങിന്റെ ബന്ധുക്കള്‍ സ്ഥാപിച്ചതാണ് ചുര്‍ഹത് ചില്‍ഡ്രന്‍ വെല്‍ഫെയര്‍ സൊസൈറ്റി. ലോട്ടറി നടത്തി ഫണ്ട് സ്വരൂപിക്കാന്‍ അനുമതിയും ധര്‍മസേവനമെന്ന നിലയില്‍ നികുതിയിളവും അതിനു ലഭിക്കുകയുണ്ടായി. എന്നിട്ടു പോലും, ഗണ്യമായൊരു തുക വക മാറ്റി ചെലവഴിച്ചെന്നും ഭോപ്പാലിനടുത്ത് ആഡംബരപൂര്‍ണമായ കേര്‍വാഡാം കൊട്ടാരം നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നും വ്യാപകമായ ആരോപണങ്ങളുയര്‍ന്നു. സൊസൈറ്റിക്കു ലഭിച്ച സംഭാവനകളില്‍ യൂണിയന്‍ കാര്‍ബൈഡ് നല്കിയ 1,50,000 രൂപയും ഉള്‍പ്പെട്ടിരുന്നു. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സനെ രാജ്യം വിട്ടുപോകാനനുവദിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസായിരുന്നു എന്ന് ആരോപണങ്ങളുണ്ടായിട്ടുണ്ട്.
ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ വാദം കേള്‍ക്കെ ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചു: 'ഭോപ്പാലിലെ കൊട്ടാരസദൃശമായ ആഡംബരമന്ദിരത്തിന്റെ നിര്‍മാണച്ചെലവിന്റെ സ്രോതസ്സുകളെപ്പറ്റി രാഷ്ട്രത്തോടു വിശദീകരിക്കാന്‍ അര്‍ജുന്‍സിങ് ബാധ്യസ്ഥനാണ്.' 18 ലക്ഷം രൂപയാണ് കൊട്ടാരത്തിന്റെ മൂല്യമെന്ന് അര്‍ജുന്‍സിങ് അവകാശപ്പെട്ടപ്പോള്‍ ഐ.ടി. വകുപ്പ് അതിന് ഒരു കോടി രൂപയില്‍ കൂടുതല്‍ വില മതിച്ചു. എന്തായാലും അപവാദം അന്വേഷിച്ച ഒരു ജഡ്ജി മാത്രമുള്ള കമ്മീഷന്‍ അര്‍ജുന്‍സിങ്ങിനെ അഴിമതിയില്‍നിന്നും കുറ്റവിമുക്തനാക്കി. ജെയിന്‍ ഹവാലാ കേസിനുശേഷം ഈ കേസ് വീണ്ടും തുടങ്ങി. കൊട്ടാരനിര്‍മാണച്ചെലവിന്റെ പുതിയ കണക്കുകള്‍ സമര്‍പ്പിക്കാന്‍ അര്‍ജുന്‍സിങ്ങിനോട് വീണ്ടും ആവശ്യപ്പെട്ടു. കോടതിയില്‍ കപില്‍സിബലായിരുന്നു കേസ് വാദിച്ചത്. പുനരന്വേഷണത്തിനുള്ള ഉത്തരവിട്ടു; അതു തിടുക്കപ്പെട്ട് ഇറക്കിയതാണെന്നും 'വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെ'ന്നുമുള്ള കാരണം പറഞ്ഞ് ഉത്തരവ് നിര്‍വീര്യമാക്കപ്പെട്ടു.
സെന്റ് കിറ്റ്‌സ് കേസ്(1989)
സെന്റ് കിറ്റ്‌സിലെ ഫസ്റ്റ് ട്രസ്റ്റ് കോര്‍പ്പറേഷന്‍ ബാങ്കില്‍ അജയ്‌സിങ് അക്കൗണ്ട് തുറക്കുകയും 21 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അച്ഛന്‍ വി.പി. സിങ്ങിനെ അതിന്റെ അവകാശിയാക്കുകയും ചെയ്തു എന്നു കാണിക്കുന്ന വ്യാജപ്രമാണങ്ങള്‍ ചമച്ചതിന്റെ പേരില്‍ പി.വി. നരസിംഹറാവു തന്റെയൊപ്പമുള്ള മന്ത്രി കെ.കെ. തിവാരി, ചന്ദ്രസ്വാമി, കെ.എന്‍. അഗര്‍വാള്‍ എന്നിവരോടൊപ്പം കുറ്റാരോപിതനായി. വി.പി. സിങ്ങിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമായി ആരോപിക്കപ്പെട്ടത്. 1989ലാണ് സംഭവമെന്നു കരുതപ്പെടുന്നു. എങ്കിലും 1996-ല്‍ നരസിംഹറാവുവിന്റെ പ്രധാനമന്ത്രിപദ കാലാവധി അവസാനിച്ചതിനു ശേഷം മാത്രമാണ് സി.ബി.ഐ. ഔദ്യോഗികമായി അദ്ദേഹത്തിന്റെ മേല്‍ കുറ്റപത്രം ചാര്‍ത്തിയത്. ഏതാണ്ട് ഒരു വര്‍ഷത്തിനകം കേസുമായി ബന്ധിപ്പിക്കുന്ന തെളിവില്ലെന്ന കാരണത്താല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. മറ്റു കുറ്റാരോപിതരും, അവസാനത്തെ ആള്‍ ചന്ദ്രസ്വാമിയായിരുന്നു, എന്നന്നേക്കുമായി വിട്ടയയ്ക്കപ്പെട്ടു.
ബോഫോഴ്‌സ് അപവാദം (1987)
ഇന്ത്യയിലെ പ്രധാന അഴിമതിക്കഥയായ ബോഫോഴ്‌സ് അപവാദം 1987-ല്‍ പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയുടെ 155 എം.എം. യുദ്ധപീരങ്കി എത്തിച്ചുകൊടുക്കുന്നതിനുള്ള ലേലം കിട്ടാനായി ബോഫോഴ്‌സ് എ.ബി. എന്ന കമ്പനിയില്‍നിന്നും അന്നത്തെ പ്രധാനമന്ത്രിയും മറ്റു പലരും കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഇന്ത്യ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തത്ര വഷളായിരുന്നു അഴിമതിയുടെ തോത്. അത് 1989 നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുന്നതിലേക്കു വഴിയൊരുക്കി. 400 മില്യന്‍ രൂപയുടെ അഴിമതി നടന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. വിശ്വനാഥ് പ്രതാപ്‌സിങ് പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് സംഭവം വെളിയില്‍ വന്നത്. ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലെ ചിത്ര സുബ്രഹ്മണ്യവും ദി ഹിന്ദുവിലെ എന്‍. റാമുമാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സംഭവം ലോകത്തെ അറിയിച്ചത്.
അഴിമതിവിവാദവുമായി ബന്ധപ്പെട്ട ഇടനിലക്കാരന്റെ പേര് ഒട്ടാവിയോ ക്വട്ടറോച്ചി എന്നായിരുന്നു. സ്‌നാംപ്രോഗെറ്റി എന്ന പെട്രോകെമിക്കല്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ച ഇറ്റാലിയന്‍ ബിസിനസ്സുകാരനാണയാള്‍. പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളായിരുന്നുവെന്നും 1980 കളില്‍ വന്‍ ഇടപാടുകള്‍ക്കും ഇന്ത്യാഗവണ്‍മെന്റിനും ഇടയിലുള്ള ശക്തനായ ദല്ലാളായി ഉയര്‍ന്നു വന്നയാളാണെന്നും ക്വട്ടറോച്ചിയെക്കുറിച്ചു വാര്‍ത്തകള്‍ പരന്നു. കേസിന്റെ അന്വേഷണഘട്ടത്തില്‍ 1991 മെയ് 21ന്, ഇതുമായി ബന്ധമില്ലാത്ത കാരണത്താല്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ ഏതാണ്ട് 500 രേഖകള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു. സി.ബി.ഐ. ക്വട്ടറോച്ചിക്കും വിന്‍ഛദ്ദയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു; രാജീവ്ഗാന്ധി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നാഗര്‍ എന്നിവര്‍ കൂടാതെ മറ്റു പലരുടെയും പേരുകള്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇതിനിടെ വിന്‍ഛദ്ദയും മരണമടഞ്ഞു.
2004 ഫിബ്രവരി 5ന്, രാജീവ്ഗാന്ധിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കൈക്കൂലിക്കേസ് ഡല്‍ഹി ഹൈക്കോടതി നിര്‍വീര്യമാക്കി. എന്നാല്‍ വഞ്ചന, ഗവണ്‍മെന്റിന് നഷ്ടം വരാന്‍ കാരണമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു. 2005 മെയ് 31ന് ബ്രിട്ടനിലെ ബിസിനസ് സഹോദരങ്ങളായ ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നിവര്‍ക്കെതിരെയുള്ള ബോഫോഴ്‌സ് കേസ് ആരോപണങ്ങള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.
ഇന്ത്യാഗവണ്‍മെന്റിനും സി.ബി.ഐക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബി.ദാത് 2005 ഡിസംബറില്‍, ഒട്ടാവിയോ ക്വട്ടറോച്ചിയെ ബോഫോഴ്‌സ് പണമിടപാടുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ അപര്യാപ്തമാകയാല്‍, അയാളുടെ മരവിപ്പിച്ചിട്ടുള്ള രണ്ടു ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോടപേക്ഷിച്ചു. ആ അക്കൗണ്ടുകളില്‍ 3 മില്യന്‍ ഡോളറും ഒരു മില്യന്‍ ഡോളറുമായിരുന്നു ഉണ്ടായിരുന്നത്. ഒട്ടാവിയോ ക്വട്ടറോച്ചി ലണ്ടനിലെ രണ്ടു ബാങ്കുകളില്‍നിന്നും പണം പിന്‍വലിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ജനവരി 16-ാം തീയതി സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഏതാണ്ട് 21 കോടി രൂപ, അതായത് ഏകദേശം 4.6 മില്യന്‍ യു.എസ്. ഡോളര്‍, നേരത്തെ തന്നെ രണ്ട് അക്കൗണ്ടുകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ടെന്ന് 2006 ജനവരി 23ന് സമ്മതിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഫണ്ടുകള്‍ മരവിപ്പില്‍നിന്നു മുക്തമാക്കി. കൂടുതലായി 160 കോടി രൂപ ഇന്ത്യാഗവണ്‍മെന്റിന് ഇടപാടുകള്‍ക്കു ചെലവായി.
2006 ജനവരി 16ന് സുപ്രീംകോടതി മുന്‍പാകെ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍, ക്വട്ടറോച്ചിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍ എന്ന് സി.ബി.ഐ. അവകാശപ്പെട്ടു. സി.ബി.ഐയുടെ അപേക്ഷപ്രകാരം ഇന്റര്‍പോളിന്റെ പക്കല്‍ ക്വട്ടറോച്ചിയെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവുണ്ടായിരുന്നു. 2007 ഫിബ്രവരി 6ന് അര്‍ജന്റീനയില്‍ വെച്ച് ക്വട്ടറോച്ചി തടവിലാക്കപ്പെട്ടു. പക്ഷേ അയാളെ തടവിലാക്കിയതിന്റെ വാര്‍ത്ത ഫിബ്രവരി 23-ാം തീയതി മാത്രമാണ് സി.ബി.ഐ. പുറത്തുവിട്ടത്. ക്വട്ടറോച്ചിയെ അര്‍ജന്റീനയില്‍ പോലീസ് മോചിപ്പിച്ചു. എങ്കിലും അയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും രാജ്യം വിട്ടുപോകാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ കുറ്റവാളികളെ പിടികൂടി കൈമാറുന്ന വ്യവസ്ഥകളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ കേസ് അര്‍ജന്റീനയിലെ സുപ്രീംകോടതിയിലാണ് അവതരിപ്പിച്ചത്. ക്വട്ടറോച്ചിയുടെ അറസ്റ്റിന് അടിസ്ഥാനമായിത്തീര്‍ന്ന ഒരു നിര്‍ണായക കോടതി ഉത്തരവ് ഇന്ത്യാ ഗവണ്‍മെന്റ്‌നല്കാഞ്ഞതിനാല്‍ കുറ്റവാളിയെ കൈമാറ്റം ചെയ്യുന്ന കേസില്‍ ഇന്ത്യാഗവണ്‍മെന്റ് പരാജയപ്പെട്ടു. തുടര്‍ന്ന്, കോടതിയുടെ തീരുമാനത്തിന്റെ ഔദ്യോഗികമായ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കുന്നതില്‍ സംഭവിച്ച കാലതാമസം കാരണം ഇന്ത്യാഗവണ്‍മെന്റ് ഈ തീരുമാനത്തിനുമേല്‍ പുനര്‍വിചാരണ ആവശ്യപ്പെട്ടില്ല. സി.ബി.ഐ., കുറ്റവാളികളായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഈ ഇറ്റാലിയന്‍ ബിസിനസ്സുകാരന്‍ സൂചിപ്പിക്കപ്പെട്ടിട്ടേയില്ല. ബോഫോഴ്‌സ് പണമിടപാടു കേസില്‍ ജീവിച്ചിരിക്കുന്ന ഏക സംശയിക്കപ്പെടുന്ന കുറ്റവാളിക്കെതിരെയുള്ള പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് സി.ബി.ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്, ഈ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍നിന്നും പിന്‍വലിക്കപ്പെട്ടു. ക്വട്ടറോച്ചിക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകളില്ലെന്ന കാരണത്താല്‍ ഡല്‍ഹിയിലെ ഒരു കോടതി അയാളെ 2011 മാര്‍ച്ച് 4-ാം തീയതി കുറ്റവിമുക്തനാക്കി.
ജെ.എം.എം. കോഴ കേസ് (1993)
1993 ജൂലായില്‍ നരസിംഹറാവുവിന്റെ ഗവണ്‍മെന്റിന് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് പ്രതിപക്ഷം കരുതിയതിനാല്‍ അത് ഒരു അവിശ്വാസപ്രമേയം നേരിടുകയുണ്ടായി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം.) അംഗങ്ങള്‍, പിളര്‍ന്നുമാറാന്‍ സാധ്യതയുള്ള ഒരു വിഭാഗം ജനതാദള്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് വിശ്വാസപ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ തനിക്കനുകൂലമായി വോട്ടു ചെയ്യുന്നതിനായി, നരസിംഹറാവു തന്റെ ഒരു പ്രതിപുരുഷന്‍ വഴി ദശലക്ഷക്കണക്കിനു രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു എന്ന് ആരോപണമുയര്‍ന്നു. കൈക്കൂലിപ്പണം സ്വീകരിച്ച അംഗങ്ങളിലൊരാളായ ശൈലേന്ദ്ര മഹാതോ മാപ്പുസാക്ഷിയായി. റാവുവിന്റെ ഭരണകാലാവധി കഴിഞ്ഞ്, 1996-ല്‍ ഈ സംഭവത്തെക്കുറിച്ച് ഗൗരവത്തോടെ അന്വേഷണമാരംഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കു ശേഷം 2000-ല്‍ റാവുവിനെയും അദ്ദേഹത്തിന്റെ കൂട്ടാളിയായ ബൂട്ടാസിങ്ങിനെയും (എം.പിമാരെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ഇദ്ദേഹമാണെന്ന് ആരോപണമുയര്‍ന്നു) ഒരു പ്രത്യേക കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. റാവു ഒരു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് ജാമ്യമെടുത്തു സ്വതന്ത്രനായി വിലസി. മഹാതോയുടെ പ്രസ്താവനകളുടെ (അവ അത്യന്തം പരസ്പരവിരുദ്ധമായിരുന്നു) വിശ്വാസ്യതയില്‍ സംശയമുണ്ടായതു മൂലമാണ് മുഖ്യമായും തീരുമാനം അട്ടിമറിക്കപ്പെട്ടത്; 2002-ല്‍, റാവുവും ബൂട്ടാസിങ്ങും കുറ്റവിമുക്തരാക്കപ്പെട്ടു.
ഹവാല അഴിമതി (1993)
ഹവാല ഇടപാടുകാരായ ജെയിന്‍ സഹോദരന്മാരിലൂടെ, രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റിയതായി ആരോപിക്കപ്പെട്ട സംഭവം ഉള്‍പ്പെടുന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആക്ഷേപമായിരുന്നു ഇത്. 1993-ല്‍ പുറത്തുവന്ന ഇതില്‍ 18 മില്യന്‍ യു.എസ്. ഡോളര്‍ കൈക്കൂലിയായിരുന്നു ആരോപിക്കപ്പെട്ടത്. രാജ്യത്തെ പ്രമുഖരായ ചില രാഷ്ട്രീയപ്രവര്‍ത്തകരോടൊപ്പം 115 ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞു. പണം കാശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കായി തിരിച്ചുവിട്ടുവെന്നും ആരോപണമുയര്‍ന്നു.
സംഭവം പുറത്തുകൊണ്ടുവന്ന വിനീത് നാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയുടെ ഫലമായി കേസിന് പെട്ടെന്നുതന്നെ വന്‍പ്രചാരം ലഭിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 1996-ല്‍ നിരവധി ക്യാബിനറ്റ് മന്ത്രിമാരു
ടെയും മുഖ്യമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും മേല്‍ കുറ്റപത്രം ചുമത്തപ്പെട്ടു. കുറ്റാരോപിതരില്‍ എല്‍.കെ. അദ്വാനി, വി.സി. ശുക്ല, പി. ശിവശങ്കര്‍, ശരത് യാദവ്, ബല്‍റാം ഝാക്കര്‍, മദന്‍ലാല്‍ ഖുരാന എന്നിവര്‍ ഉള്‍പ്പെട്ടു. പ്രധാന തെളിവെന്ന നിലയ്ക്ക് കോടതി പരിശോധിച്ച ഹവാല രേഖകള്‍ (ഡയറികളുള്‍പ്പെടെ) അപര്യാപ്തമാണ് എന്നു ഭാഗികമായ കാരണത്താല്‍ 1997ലും 1998ലും മറ്റു പലരും കുറ്റാരോപിതരായി. സി.ബി.ഐയ്ക്ക് വ്യവഹാരത്തില്‍ സംഭവിച്ച ഈ വീഴ്ച വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
കാലിത്തീറ്റ അഴിമതി (1996)
ബിഹാറിലെ ഗവണ്‍മെന്റ് ഖജനാവില്‍നിന്നും ഏകദേശം 950 കോടി രൂപ (210.9 മില്യന്‍ യു.എസ്. ഡോളര്‍) അപഹരിക്കപ്പെട്ടു എന്ന ആരോപണം ഉള്‍പ്പെടുന്ന അഴിമതി വിവാദമാണിത്. ആരോപിക്കപ്പെട്ട മോഷണം നിരവധി വര്‍ഷങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്നു. നിരവധി ഗവണ്‍മെന്റുദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ടവരുമൊക്കെ ഉള്‍പ്പെട്ടിട്ടുള്ളതും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംവിധാനങ്ങളുമൊക്കെ ചേര്‍ന്ന് വ്യാജരേഖ ചമച്ച് 'കെട്ടിച്ചമച്ച കന്നുകാലിക്കൂട്ട'ത്തിനായി കാലിത്തീറ്റ, മരുന്നുകള്‍, മൃഗപരിപാലന ഉപകരണങ്ങള്‍ എന്നിവ സാങ്കല്പികമായി വാങ്ങിച്ചു. 1996-ല്‍ ഈ വിവാദം പുറത്തുവന്നെങ്കിലും അപഹരണം വളര്‍ന്നും പുരോഗമിച്ചും വലുതാവാന്‍ രണ്ടു ദശകത്തിലേറെ സമയം വേണ്ടിവന്നു.
ഒരു പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതിയിലെത്തിയതോടെ 1996 മാര്‍ച്ചില്‍ സുപ്രീംകോടതിയുടെ അന്തിമനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയുടെ ഇടപെടലിനു വഴിയൊരുങ്ങി; കേസ് സി.ബി.ഐയ്ക്കു കൈമാറാന്‍ ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന് ഈ വിഷയത്തിലുള്ള ബന്ധങ്ങള്‍ സി.ബി.ഐ. പുറത്തുകൊണ്ടുവന്നു; 1997 മെയ് 10ന് ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബിഹാര്‍ ഗവര്‍ണറോട് സി.ബി.ഐ. ഔദ്യോഗികമായി അപേക്ഷിച്ചു. ആ ദിവസം തന്നെ കുറ്റാരോപിതരിലൊരാളായ ഹരീഷ് ഖണ്ഡേല്‍വാള്‍ എന്ന ബിസിനസ്സുകാരന്‍ മരിച്ച നിലയില്‍ റെയില്‍വേട്രാക്കില്‍ കാണപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി സാക്ഷി പറയാന്‍ തന്നെ സി.ബി.ഐ. ഭീഷണിപ്പെടുത്തിയെന്നു പ്രസ്താവിക്കുന്ന ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ലാലുവിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ജൂണ്‍ 17ന് ഗവര്‍ണര്‍ അനുമതി നല്കി. ജൂണ്‍ 23ന് ലാലുവിനും മറ്റ് 55 പേര്‍ക്കുമെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ചന്ദ്രദേവ് പ്രസാദ് വര്‍മ(മുന്‍ കേന്ദ്രമന്ത്രി), ജഗന്നാഥ്മിശ്ര (മുന്‍ ബിഹാര്‍ മുഖ്യമന്ത്രി), ലാലുമന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ (ഭോലാറാം തൂഫാനിയും വിദ്യാസാഗര്‍ നിഷാദും), ബിഹാറിലെ മൂന്ന് എം.എല്‍.എമാര്‍ (ജനതാദളിലെ ആര്‍.കെ. റാണ, കോണ്‍ഗ്രസ്സിലെ ജഗദീഷ് ശര്‍മ, ഭാരതീയ ജനതാപാര്‍ട്ടിയിലെ ധ്രുവഭഗത്), ജോലിയിലിരിക്കുന്നവരും വിരമിച്ചവരുമായ ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ (ഇവരില്‍ നാലു പേര്‍ നേരത്തെ കസ്റ്റഡിയിലായിക്കഴിഞ്ഞിരുന്നു) എന്നിവര്‍ ഉള്‍പ്പെടുന്നു. ബിഹാര്‍ ഹൈക്കോടതി ജഗന്നാഥ മിശ്രയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേ കോടതി ലാലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍ ലാലു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും ജൂലായ് 29ന്, ജാമ്യം പരിപൂര്‍ണമായും നിഷേധിക്കുന്നതിലാണ് അതു കലാശിച്ചത്. പിറ്റേന്ന് ലാലു ജയിലിലടയ്ക്കപ്പെട്ടു.
ലാലുവിന്റെ രാജിക്കായി തുടരെത്തുടരെ മുറവിളി ഉയര്‍ന്നപ്പോള്‍, ജൂലായ് 25ന് അദ്ദേഹം മുഖ്യമന്ത്രിപദം രാജിവെച്ചു. എന്നാല്‍ അന്നുതന്നെ തന്റെ ഭാര്യ റാബ്രിദേവിയെ തത്സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജൂലായ് 28-ാം തീയതി കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്നീ പാര്‍ട്ടികള്‍ രാഷ്ട്രീയ ജനതാദളിനോടു ചേര്‍ന്നു വോട്ടു ചെയ്തതിനാല്‍ റാബ്രിയുടെ പുതിയ സര്‍ക്കാര്‍ 194-110 എന്ന വ്യത്യാസത്തില്‍ വിശ്വാസവോട്ടു നേടി ബിഹാര്‍ നിയമസഭയില്‍ വിജയിച്ചു. ജൂണ്‍ 30ന് സി.ബി.ഐ. ഡയറക്ടര്‍ ജോഗീന്ദര്‍ സിങ്ങിനെ ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേക്കു മാറ്റിക്കൊണ്ട് ഗവണ്‍മെന്റ് ഉത്തരവു പുറപ്പെടുവിച്ചു. സാങ്കേതികാര്‍ഥത്തില്‍ ഈ മാറ്റം സ്ഥാനക്കയറ്റമാണെങ്കിലും അദ്ദേഹത്തെ അന്വേഷണച്ചുമതലയില്‍നിന്നും നീക്കം ചെയ്യുകയാണെന്ന ഫലവും അതിനുണ്ടായിരുന്നു. റീജ്യണല്‍ സി.ബി.ഐ. ഡയറക്ടറായിരുന്ന യു.എന്‍. ബിശ്വാസിനെ സ്ഥലം മാറ്റാനുള്ള ഒരു നീക്കവും ഇതേ തുടര്‍ന്നുണ്ടായത് ആരോപണവിധേയമായി. ഇതുപോലുള്ള ഏതൊരു സ്ഥലംമാറ്റവും അനുവദിക്കാതിരിക്കാനായി പ്രവര്‍ത്തിക്കണമായിരുന്നു എന്ന് ഹൈക്കോടതിയുടെ ഒരു മുന്നറിയിപ്പിലേക്കും ഇതു വഴിയൊരുക്കി.
2000 മുതലുള്ള വര്‍ഷങ്ങളില്‍ ലാലുയാദവും ജഗന്നാഥമിശ്രയും കുറ്റാരോപിതരായ മറ്റുള്ളവരും കേസുകളുടെ ബാഹുല്യവും വൈവിധ്യവും മൂലം നിരവധി പ്രാവശ്യം റിമാന്‍ഡിലായിട്ടുണ്ട്. 2007-ല്‍ 58 മുന്‍ ഉദ്യോഗസ്ഥരെയും വിതരണക്കാരെയും കുറ്റക്കാരെന്നു വിധിച്ചു ശിക്ഷിച്ചു. ശിക്ഷ അഞ്ചു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവായിരുന്നു. 2007 മെയ് മാസമായപ്പോഴേക്കും രണ്ടു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവിന് ഏകദേശം 200 പേര്‍ ശിക്ഷിക്കപ്പെട്ടു.
ടെലികോം-സുഖ്‌റാം-അഴിമതി വിവാദം (1996)
1996 ആഗസ്തില്‍ അന്നത്തെ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഡല്‍ഹിയിലും മാന്‍ഡിയിലുമുള്ള വസതികളില്‍നിന്നും പണം നിറച്ച സ്യൂട്ട്‌കേസുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രണ്ടു കേസുകള്‍ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. ഹിമാചല്‍പ്രദേശിലെ മാന്‍ഡി നിയോജകമണ്ഡലത്തില്‍നിന്നുമുള്ള ലോകസഭാംഗമായിരുന്നു അദ്ദേഹം. അഞ്ചു തവണ വിധാന്‍സഭ തിരഞ്ഞെടുപ്പിലും മൂന്നു തവണ ലോകസഭാതിരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ചരിത്രമുണ്ട് അദ്ദേഹത്തിന്.
84 വയസ്സുള്ള അദ്ദേഹം ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. നരസിംഹറാവു ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന കാലത്ത് അവിഹിതമായി നാലു കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു; 2009-ല്‍ അപ്പീല്‍ നല്കിയതിനെ തുടര്‍ന്ന് കേസ് തീരുമാനമാകാതെ ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ തുടരുകയാണ്. രണ്ടാമത്തെ കേസില്‍, 2002-ല്‍ സുഖ്‌റാമിനെ കോടതി ശിക്ഷിച്ചു. ടെലികോം ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് റേഡിയോ മാസ്റ്റ്‌സ് (അഞങ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് അനുകൂലമായ നിലപാടെടുത്തതു വഴി പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് അദ്ദേഹം മൂന്നു വര്‍ഷത്തെ കഠിനതടവിനു ജയിലിലടയ്ക്കപ്പെട്ടു. ഇതിനു പുറമെ അദ്ദേഹത്തിന് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.
ബാരക് മിസൈല്‍ അപവാദം (2001)
ഇന്ത്യ ഇസ്രയേലില്‍നിന്നും ബാരക് മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിരോധവകുപ്പിലുണ്ടായ ഒരു കേസാണിത്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടക്കുന്ന ദശയിലാണ്. സമതാപാര്‍ട്ടിയുടെ മുന്‍ ട്രഷറര്‍ ആര്‍.കെ. ജെയിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിട്ടുള്ളവരില്‍ രാഷ്ട്രീയരംഗത്തെ ജോര്‍ജ് ഫെര്‍ണാണ്ടസ്, ജയ ജെയ്റ്റ്‌ലി, ആയുധവ്യാപാരിയും മുന്‍ നാവിക ഓഫീസറുമായ സുരേഷ് നന്ദ എന്നിവരുള്‍പ്പെടുന്നു. ചീഫ് ഓഫ് നേവല്‍സ്റ്റാഫായി വിരമിച്ച എസ്.എം. നന്ദയുടെ മകനാണ് സുരേഷ് നന്ദ.
ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസും (കഅക) റാഫേല്‍ (ഞഅഎഅഋഘ) ആര്‍മമെന്റ് അതോറിറ്റി ഓഫ് ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത ബാരക് മിസൈല്‍ സംവിധാനം ആന്റി-ഷിപ്പ് സീ-സ്‌കിമ്മിങ് മിസൈലുകളെ പ്രതിരോധിക്കാന്‍ കുത്തനെ വിക്ഷേപിക്കുന്ന മിസൈലുകളെ പ്രയോഗിക്കുകയും വിമാനം വഴി ആക്രമിക്കുകയും ചെയ്യുന്നു. 2000 ഒക്‌ടോബര്‍ 23-ാം തീയതി 69.13 ദശലക്ഷം ഡോളര്‍ വില വെച്ച്, മൊത്തം 199.50 ദശലക്ഷം ഡോളറിന് 200 മിസൈലുകള്‍ വാങ്ങാനായി ഇന്ത്യാഗവണ്‍മെന്റ് കരാറുകളൊപ്പിട്ടു. മിസൈലിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തുടക്കത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച സംഘത്തിലെ അംഗങ്ങള്‍, അന്ന് ഡിഫന്‍സ് റിസര്‍ച്ച് & ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ചുമതല വഹിച്ചിരുന്ന എ.പി.ജെ. അബ്ദുള്‍കലാം ഉള്‍പ്പെടെ പലരും എതിര്‍പ്പുകളുയര്‍ത്തിയിട്ടും ഈ കരാര്‍ ഒപ്പിട്ടു. ചില എതിര്‍പ്പുകളൊക്കെ നടപടിക്രമങ്ങളുടെ സ്വഭാവമാണെങ്കിലും, ഇപ്പോള്‍ അന്വേഷണം നേരിടുന്ന നേവല്‍ ചീഫ് ഓഫ് സ്റ്റാഫ് സുശീല്‍കുമാറിനെ സംബന്ധിച്ച്, എന്തുകൊണ്ടാണ് ഈ എതിര്‍പ്പുകളൊന്നും പരിഗണിക്കപ്പെടാതിരുന്നത്.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നടത്തിയ15 ഇടപാടുകളില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ബാരക് മിസൈല്‍ ഇടപാട് അവയിലൊന്നാണെന്നും 2001-ല്‍ തെഹല്‍ക നടത്തിയ വാര്‍ത്തചോര്‍ത്തലില്‍ ആരോപിച്ചു.
വ്യാജ കമ്പനിക്ക് ഗവണ്‍മെന്റ് കരാറുകള്‍ സംഘടിപ്പിച്ചു കൊടുത്തു സഹായിക്കാന്‍ വേണ്ടി ഭരണകക്ഷിയായ ബി.ജെ.പിയുടെ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങുന്നതിന്റെ ചിത്രം ഫിലിമിലാക്കിയിട്ടുണ്ടെന്ന് തെഹല്‍ക അവകാശപ്പെട്ടു. സമതാപാര്‍ട്ടിയുടെ നേതാവും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഏറ്റവുമടുത്തയാളുമായ ജയ ജെയ്റ്റ്‌ലിയെയും അവര്‍ സന്ദര്‍ശിച്ചു. അപവാദം പുറത്തുവന്നതോടെ ബഹളമായി. കൈക്കൂലി വാങ്ങിയെന്ന് ആരോപിതനായിരുന്നില്ലെങ്കില്‍പോലും ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചു. ലക്ഷ്മണും രാജി വെച്ചു. അതേസമയം ജയ ജെയ്റ്റ്‌ലി തെഹല്‍ക ജേണലിസ്റ്റുകളെ പാകിസ്താനി ഏജന്റുമാരെന്നു വിളിക്കുകയും ടേപ്പുകളുടെ ആധികാരികതയില്‍ സംശയമുന്നയിക്കുകയും ചെയ്തു. ഫോറന്‍സിക് പരിശോധനകള്‍ക്കായി ടേപ്പുകള്‍ യു.കെയിലേക്കയച്ചു കൊടുത്തു. അവ അകൃത്രിമമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
വൈകാതെ തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസ് അധികാരത്തില്‍ മടങ്ങിയെത്തി. സിറ്റിങ് ജഡ്ജിയുടെ രാജിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഏര്‍പ്പാടായി. അതേസമയം അദ്ദേഹത്തിന്റെ സ്ഥാനചലനം ശ്രദ്ധ ലഭിക്കാതെ പോയ, ഫലപ്രദമല്ലാത്ത ഒന്നായി. തെഹല്‍ക വിഷയത്തില്‍ നേരത്തേയുള്ള അവസ്ഥയില്‍നിന്നും തങ്ങള്‍ക്കനുകൂലമാകുന്ന വിധത്തിലേക്ക് ഗവണ്‍മെന്റ് അതിന്മേല്‍ അന്വേഷണം തുടങ്ങി. തെഹല്‍കയെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാനികളെ കസ്റ്റംസിന്റെയും പോലീസിന്റെയും നികുതി വകുപ്പധികാരികളുടെയും ലക്ഷ്യമാക്കി മാറ്റി. 2003 ആയപ്പോഴേക്കും തെഹല്‍ക കമ്പനിയില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 120 ല്‍ നിന്ന് ഒന്ന് എന്ന നിലയിലേക്കു കുറഞ്ഞു. സ്ഥാപനം യഥാര്‍ഥത്തില്‍ കുളംതോണ്ടി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം 2004-ല്‍ പുനരുജ്ജീവിച്ചു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ പുതിയ ഗവണ്‍മെന്റ് പ്രശ്‌നം സി.ബി.ഐയ്ക്കു കൈമാറി.
മധു കോഡ കള്ളപ്പണ നിക്ഷേപ അപവാദം
2009 ഒക്ടോബര്‍ 10-ാം തീയതി, അന്നത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരെ, 4,000 കോടിയിലേറെ രൂപ കള്ളപ്പണം നിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍, 4,000 കോടി രൂപ വിലമതിക്കുന്ന-ഒരു കാലത്ത് അദ്ദേഹം ഭരിച്ചിരുന്ന സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിന്റെ ഏകദേശം അഞ്ചിലൊന്ന്-സ്വത്തുക്കള്‍ കണ്ടെത്തി. മുംബൈയില്‍ ഹോട്ടലുകളും മൂന്നു കമ്പനികളും, കൊല്‍ക്കത്തയില്‍ വസ്തു, തായ്‌ലന്‍ഡില്‍ ഒരു ഹോട്ടല്‍, ലൈബീരിയയില്‍ കല്‍ക്കരി ഖനി എന്നിവയൊക്കെ ഈ സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുവെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹായികളിലൊരാളായ ബിനോദ് സിന്‍ഹ ഇപ്പോള്‍ ജയിലിലാണ്; മറ്റൊരാളായ സഞ്ജയ് ചൗധരി ദുബായിലേക്കു കടന്നുകളഞ്ഞു. ഹൊത്‌വാറിലെ ബിന്‍സ മുന്‍ഡ സെന്‍ട്രല്‍ ജയിലിലെ ഏതൊരു തടവുകാരനെയും പോലെ മധു കോഡ ഇപ്പോള്‍ തന്റെ ജീവിതകാലം ചെലവഴിക്കുന്നു.
1971 ജനവരി 6 നു ജനിച്ച മധു കോഡ 2006 സപ്തംബര്‍ 18-ാം തീയതി ജാര്‍ഖണ്ഡിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 2008 ആഗസ്ത് 23 ന് രാജി വെക്കുന്നതുവരെ തത്സ്ഥാനത്തു തുടര്‍ന്നു; ഷിബു സോറനാണ് അദ്ദേഹത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായത്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്റെ സജീവപ്രവര്‍ത്തകനായാണ് മധു കോഡ തന്റെ രാഷ്ട്രീയജീവിതമാരംഭിച്ചത്. ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 2000 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗന്നാഥപൂരില്‍നിന്നും മത്സരിച്ചു വിജയിച്ചു. ബാബുലാല്‍ മറാന്‍ഡി മുഖ്യമന്ത്രിയായ ഗവണ്‍മെന്റില്‍ മധു കോഡ പഞ്ചായത്തീരാജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. 2003-ല്‍ അര്‍ജുന്‍ മുണ്ഡ ഭരണമേറ്റെടുത്തപ്പോഴും അദ്ദേഹം ഈ വകുപ്പില്‍ത്തന്നെ തുടര്‍ന്നു.
2005-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോഡയ്ക്കു സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിയായി അദ്ദേഹം ജഗന്നാഥ്പൂരില്‍നിന്നു വീണ്ടും മത്സരിച്ചു വിജയിച്ചു. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് തന്റെ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ചത്. സംസ്ഥാനഭരണത്തിനുള്ള ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ കോഡ അര്‍ജുന്‍ മുണ്ഡ നയിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റിനെ പിന്തുണയ്ക്കാമെന്നു സമ്മതിച്ചുകൊണ്ട് ഖനി-ഭൂവകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റെടുത്തു. 2006 സപ്തംബറില്‍ മധു കോഡയും മറ്റ് മൂന്നു സ്വതന്ത്ര അംഗങ്ങളും മുണ്ഡ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട്, അതിനെ ന്യൂനപക്ഷ ഗവണ്‍മെന്റാക്കിത്തീര്‍ത്തു. തുടര്‍ന്നുള്ള കാലം, പ്രതിപക്ഷമായ ഐക്യപുരോഗമന സഖ്യത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായി.
2 ജി സ്‌പെക്ട്രം അഴിമതി
മൊബൈല്‍ ടെലിഫോണുകള്‍ക്കു വേണ്ട 2 ജി സബ്‌സ്‌ക്രിപ്ഷനുകളുണ്ടാക്കാനുപയോഗിക്കുന്നതിനുള്ള ഫ്രീക്വന്‍സി അനുമതി ലൈസന്‍സുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിയമവിരുദ്ധമായി വില കുറച്ചു നല്കി എന്നതിന്റെ പേരില്‍ ഇന്ത്യാ ഗവണ്‍മെന്റിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതി വിവാദമാണ് 2 ജി സ്‌പെക്ട്രം വിവാദം. 3 ജി ലൈസന്‍സുകളില്‍നിന്നും ശേഖരിച്ച പണത്തിന്റെ അടിസ്ഥാനത്തില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം ഖജനാവിനു സംഭവിച്ച നഷ്ടം 1,76,379 കോടി രൂപ (39.16 ബില്യന്‍ യു.എസ് ഡോളര്‍)യാണ്.
2008 ലാണ് 2 ജി ലൈസന്‍സുകള്‍ അനുവദിച്ചു നല്കിയത്. രേഖകളുടെ കാര്യത്തില്‍ സുബ്രഹ്മണ്യം സ്വാമിയുടെ പരാതി സുപ്രീംകോടതി കേട്ടപ്പോഴും രാഷ്ട്രീയ ഉപജാപകയായ നീരാറാഡിയയെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിച്ചപ്പോഴുമാണ് അഴിമതി പൊതുജനശ്രദ്ധയില്‍പെട്ടത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിച്ച, എന്‍.ഡി.എ. ഗവണ്‍മെന്റില്‍ ടെലികോം മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയാണ് കള്ളത്തരം പരസ്യമാക്കിയത്; ടെലികോം ലൈസന്‍സുകള്‍ക്ക് അനുമതി നല്കുന്നതില്‍ യു.പി.എ. ഗവണ്‍മെന്റിന്റെ നയത്തിലെ നിരവധി പഴുതുകളും അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ഉത്തരവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് 2008-ല്‍ ആദായനികുതി വകുപ്പ് നീരാറാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനാരംഭിച്ചു. നീരാറാഡിയ ചാരപ്രവൃത്തി ചെയ്തുവെന്ന ആരോപണത്തിന്മേല്‍ നടക്കുന്ന അന്വേഷണത്തിനു സഹായകമാകുന്നതിനു വേണ്ടിയാണ് ഇതു ചെയ്തത്. 300 ദിവസത്തിലേറെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളില്‍ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കപ്പെട്ടു. ചോര്‍ന്ന ടേപ്പുകളെക്കുറിച്ച് കൊഴുത്തുവന്ന വിവാദം മാധ്യമങ്ങളില്‍ നീരാറാഡിയ ടേപ്പ് വിവാദം എന്നറിയപ്പെട്ടു.
രാഷ്ട്രീയക്കാരും പത്രക്കാരും കോര്‍പ്പറേഷനും തമ്മിലുള്ള ചില സംഭാഷണങ്ങളായിരുന്നു ടേപ്പില്‍. കരുണാനിധിയെപ്പോലുള്ള രാഷ്ട്രീയക്കാര്‍, ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി, പ്രഭു ചാവ്‌ല തുടങ്ങിയ ജേണലിസ്റ്റുകള്‍, ടാറ്റാ ഗ്രൂപ്പ് പോലുള്ള വ്യവസായസ്ഥാപനങ്ങള്‍-ഒക്കെ ഈ സംഭാഷണങ്ങളില്‍ പങ്കാളികളാവുകയോ പരാമൃഷ്ടരാവുകയോ ചെയ്തു.
രാജ 2 ജി സ്‌പെക്ട്രം ലൈസന്‍സുകളുടെ വിപണിവിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവയുടെ വില്പനയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുത്തു. കുറഞ്ഞ ആസ്തിയുള്ള സ്വാന്‍ ടെലികോം എന്ന ഒരു പുതിയ കമ്പനി 1,537 കോടി രൂപയ്ക്ക് (341.21 ദശലക്ഷം യു.എസ്. ഡോളര്‍) ഒരു ലൈസന്‍സ് വാങ്ങി. തൊട്ടുപിന്നാലെ ഭരണസമിതി യോഗം ചേര്‍ന്ന് കമ്പനിയുടെ 45 ശതമാനം ഓഹരി എറ്റിസലാറ്റിന് 4,200 കോടി രൂപയ്ക്ക് (932.4 ദശലക്ഷം യു.എസ്. ഡോളര്‍) വിറ്റു. ഇതേപോലെ റിയല്‍ എസ്റ്റേറ്റില്‍ നേരത്തേ നിക്ഷേപിച്ചിരുന്ന ഒരു കമ്പനി യൂണിടെക് ഗ്രൂപ്പ് 1,661 കോടി രൂപയ്ക്ക് (368.74 ദശലക്ഷം യു.എസ്. ഡോളര്‍) ലൈസന്‍സ് വാങ്ങി. ഉടന്‍ തന്നെ കമ്പനിയുടെ ഭരണസമിതി കൂടി അവരുടെ വയര്‍ലെസ് വിഭാഗത്തിന്റെ 60 ശതമാനം ഓഹരികള്‍ 6,200 കോടി രൂപയ്ക്ക് (1.38 ബില്യന്‍ യു.എസ്. ഡോളര്‍) ടെലിനോര്‍ എന്ന കമ്പനിക്കു വിറ്റു.
ലൈസന്‍സുകള്‍ അവയുടെ വിപണിവിലയ്ക്കായിരിക്കണം വില്ക്കപ്പെടേണ്ടത് എന്നാണ് ലൈസന്‍സുകളുടെ വില്പനയുടെ സ്വഭാവം. കൂടിയ ലാഭത്തില്‍ ലൈസന്‍സുകള്‍ പെട്ടെന്നു മറിച്ചു വിറ്റുപോയി എന്ന വസ്തുത സൂചിപ്പിക്കുന്നത്, വില്പനദല്ലാളന്മാര്‍ വിപണിവിലയിലും കുറഞ്ഞ വിലയ്ക്ക് ലൈസന്‍സുകള്‍ നല്കി എന്നാണ്. ഒമ്പതു കമ്പനികള്‍ ലൈസന്‍സുകള്‍ വാങ്ങിച്ചു. അവര്‍ വാര്‍ത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് ഒന്നിച്ച് 10,772 കോടി രൂപ (2.39 ബില്യന്‍ യു.എസ്. ഡോളര്‍) അടച്ചു. ഈ ലൈസന്‍സ് അനുമതി നല്കുന്നതിനായി പ്രതീക്ഷിക്കപ്പെടുന്ന തുക, കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കു പ്രകാരം 176,700 കോടി രൂപ (39.23 ബില്യന്‍ യു.എസ.് ഡോളര്‍)യായിരുന്നു.
2010 നവംബര്‍ ആദ്യം, എ. രാജയെ അഴിമതിക്കുറ്റങ്ങളില്‍നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ജയലളിത എ. രാജയുടെ രാജിക്കായി മുറവിളി കൂട്ടി. നവംബര്‍ പകുതിയാവുമ്പോഴേക്കും എ. രാജ രാജിവെച്ചു. നവംബര്‍ മധ്യത്തില്‍ യൂണിടെക്, എസ് ടെല്‍, ലൂപ് മൊബൈല്‍, ഡാറ്റാകോം (വീഡിയോകോണ്‍), എറ്റിസലാറ്റ് എന്നീ കമ്പനികള്‍ക്ക്, ഇവയ്ക്ക് അനുവദിച്ചു നല്കിയ 85 ലൈസന്‍സുകള്‍ക്കും അപേക്ഷിച്ച സമയത്ത് വേണ്ടത്ര മൂലധനം ഉണ്ടായിരുന്നില്ലെന്ന തന്റെ തീര്‍പ്പിന് മറുപടി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കംട്രോളര്‍ വിനോദ് റായ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു; അവ നിയമവിരുദ്ധമാണെന്നും അതില്‍ പറഞ്ഞിരുന്നു. ഈ കമ്പനികള്‍ നിലവില്‍ ചില ഉപഭോക്തൃസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ അവയുടെ ലൈസന്‍സ് അസാധുവാക്കുകയില്ലെന്നും മറിച്ച്, കനത്ത തുക പിഴ ചുമത്തുമെന്നും ചില മാധ്യമകേന്ദ്രങ്ങള്‍ അനുമാനിച്ചു.
വിവിധ ആരോപണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് അന്നു ചുമതല വഹിച്ചിരുന്ന ടെലികോം മന്ത്രി എ. രാജയെ മാറ്റി കപില്‍ സിബലിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു. മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രിയായിരുന്ന അദ്ദേഹം അതിനു
പുറമേ ടെലികോം വകുപ്പു കൂടി ഏറ്റെടുത്തു. പറഞ്ഞു കേള്‍ക്കുന്ന 'സാങ്കല്പിക'നഷ്ടങ്ങള്‍ പിഴച്ച കണക്കുകൂട്ടലുകളുടെ ഫലമായി സംഭവിച്ചതാണെന്നും യഥാര്‍ഥ നഷ്ടം ഒന്നുമില്ലെന്നും കപില്‍ സിബല്‍ എതിര്‍വാദമുയര്‍ത്തി.
എ. രാജ, മറ്റു നാല് ടെലികോം ഉദ്യോഗസ്ഥര്‍-മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ, രാജയുടെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, ടെലികോം മെമ്പര്‍ കെ. ശ്രീധര്‍, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ.കെ. ശ്രീവാസ്തവ-എന്നിവരുടെ കാര്യത്തില്‍ 2010 ഡിസംബര്‍ 8-ാം തീയതി സി.ബി.ഐ. റെയ്ഡ് നടത്തി. 2011 ഫിബ്രവരി 2-ാം തീയതി എ.രാജ, രാജയുടെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ എന്നിവരെ സി.ബി.ഐ. അറസ്റ്റു ചെയ്തു. പുറത്തുവിട്ട റാഡിയ ടേപ്പുകളില്‍ നീരാറാഡിയയുടെ സംഭാഷണങ്ങളില്‍ എ. രാജയും ആര്‍. കെ. ചന്ദോലിയയും ഉണ്ടായിരുന്നു. 2 ജി സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക്‌സ് ബല്‍വാസ് (ഡി.ബി.) ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷഹിദ് ഉസ്മാന്‍ ബല്‍വയെ 2011 ഫിബ്രവരി 8 ന് സി.ബി.ഐ. അറസ്റ്റു ചെയ്തു. എ. രാജയുടെ അടുത്തയാളായി കരുതപ്പെട്ടിരുന്ന ഷഹിദ് ഉസ്മാന്‍ ബല്‍വ, മുന്‍ ടെലികോം മന്ത്രി സ്വീകരിച്ചതായി ആരോപിക്കപ്പെട്ട കൈക്കൂലിപ്പണം വഴിതിരിച്ചു കൊണ്ടുപോകുന്നതിനു വഴിയൊരുക്കിയെന്ന് ആദായനികുതി വകുപ്പില്‍നിന്നും ലഭിച്ച തെളിവ് സി.ബി.ഐയുടെ പക്കലുണ്ടായിരുന്നു. 2011 മാര്‍ച്ച് 29-ാം തീയതി, ഡി.ബി-എറ്റിസലാറ്റ് ഗ്രൂപ്പിന്റെ അറസ്റ്റു ചെയ്യപ്പെട്ട മുന്‍ മാനേജിങ് ഡയറക്ടര്‍ ഷഹിദ് ബല്‍വയുടെ അനുജന്‍ അസിഫ് ബല്‍വയെയും രാജീവ് അഗര്‍വാളിനെയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) വകയായ കലൈഞ്ജര്‍ ടി.വി ചാനലിന് പണം മാറ്റിയതില്‍ പങ്കുണ്ടെന്നുള്ള ആരോപണത്തിന്റെ പേരില്‍, ഡല്‍ഹിയില്‍ വെച്ച് സി.ബി.ഐ. അറസ്റ്റു ചെയ്തു.
ഒമ്പതു വ്യക്തികളുടെയും മൂന്ന് കമ്പനികളുടെയും പേരെടുത്തു പറഞ്ഞിട്ടുള്ള, 2 ജി സ്‌പെക്ട്രം അഴിമതി കേസിലെ 80,000 പേരുള്ള പ്രഥമ കുറ്റപത്രം ഡല്‍ഹിയിലെ പ്രത്യേക കോടതി മുന്‍പാകെ 2011 ഏപ്രില്‍ 2 ന് സി.ബി.ഐ. സമര്‍പ്പിച്ചു. കുറ്റാരോപിതരുടെ തെറ്റായ പ്രവൃത്തികള്‍ ഗവണ്‍മെന്റ് ഖജനാവിന്, കിട്ടേണ്ടിയിരുന്ന 30,985 കോടി രൂപ നഷ്ടപ്പെടുത്തി എന്ന് അതില്‍ പറയുന്നു.
അറസ്റ്റു ചെയ്യപ്പെട്ട മുന്‍ ടെലികോം മന്ത്രി എ. രാജ, അറസ്റ്റിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ, എ. രാജയുടെ അറസ്റ്റിലായ പേഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, സ്വാന്‍ ടെലികോമിന്റെ (ഇപ്പോള്‍ എറ്റിസലാറ്റ്-ഡി.ബി.) അറസ്റ്റിലായ മുന്‍ ഡയറക്ടര്‍ ഷഹിദ് ഉസ്മാന്‍ ബല്‍വ, യൂണിടെക് ലിമിറ്റഡിന്റെയും യൂണിടെക് വയര്‍ലെസ്സിന്റെയും മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ഗ്രൂപ്പ് എം.ഡി ഗൗതം ദോഷി, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി നായര്‍, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെയും റിലയന്‍സ് ടെലികോം ലിമിറ്റഡിന്റെയും സീനിയര്‍ വൈസ് പ്രസിഡന്റ് സുരേന്ദ്ര പിപാര, സ്വാന്‍ ടെലികോമിന്റെ ഡയറക്ടറും, ഡി.ബി. റിയാല്‍റ്റിയുടെ മാനേജിങ് ഡയറക്ടറുമായ വിനോദ് ഗോയങ്ക എന്നിവരെല്ലാം കുറ്റാരോപിതരില്‍ ഉള്‍പ്പെടുന്നു. അതില്‍ പറഞ്ഞിട്ടുള്ള മൂന്നു കമ്പനികള്‍ സ്വാന്‍ ടെലികോം, യൂണിടെക് വയര്‍ലെസ്, റിലയന്‍സ് ടെലികോം എന്നിവയാണ്. ആദ്യത്തെ കുറ്റപത്രത്തില്‍ ഉപജാപകയായ നീര റാഡിയയെയും മറ്റു 124 പേരെയും സാക്ഷികളായി പേരെടുത്തു പറഞ്ഞിട്ടുണ്ട്.
ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി
മുംബൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോപ്പറേറ്റീവ് സൊസൈറ്റിയാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി. യുദ്ധത്തില്‍ മരിച്ച ഭടന്മാരുടെ വിധവകള്‍ക്കും കാര്‍ഗില്‍ യുദ്ധത്തിലെ സേനാനികള്‍ക്കുമായി പ്രത്യേകം നീക്കിവെച്ചിട്ടുള്ളതായിരുന്നു അത്. ആദര്‍ശ് സൊസൈറ്റി വക കെട്ടിട നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന വിവരം 2010-ല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു. കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, കാര്‍ഗില്‍ യുദ്ധത്തില്‍ യാതൊരു പങ്കുമില്ലാത്തവര്‍ക്കും അനുവദിച്ചതുമായി ബന്ധപ്പെട്ട് അവ അനുവദിക്കുന്നതിനെക്കുറിച്ചും ആദര്‍ശ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടും ചോദ്യങ്ങളുയര്‍ന്നു.
ഇന്ത്യന്‍ പ്രതിരോധ സേനാവിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട തീരമേഖലയായി കരുതുന്ന മുംബൈയിലെ കൊളാബ എന്ന മോടിയാര്‍ന്ന പ്രദേശത്താണ് ആദര്‍ശ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മിക്കപ്പെട്ടത്. അവിടെ നിരവധി ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമങ്ങള്‍ സൊസൈറ്റി കാറ്റില്‍ പറത്തിയെന്നും ആരോപണമുയര്‍ന്നു. കുറെക്കാലമായി ഈ അഴിമതി പുറത്തുകൊണ്ടുവരാനായി മേധാപട്കറെ പോലുള്ള നിരവധി സാമൂഹികപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ അഴിമതിക്കാര്യത്തില്‍ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, കെട്ടിടനിര്‍മാതാക്കളും തമ്മിലുള്ള കുപ്രസിദ്ധമായ അവിശുദ്ധബന്ധത്തെ തുറന്നുകാട്ടുന്നത്, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കുമെന്നു പറയപ്പെടുന്നു. ഈ സംഭവം അന്നത്തെ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിയിലേക്കു നയിച്ചു.
ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കുന്നതിനായി ആര്‍മിയും ഗവണ്‍മെന്റും നിരവധി ഉത്തരവുകളിറക്കി. ആദര്‍ശ് കോപ്പറേറ്റീവ് സൊസൈറ്റി ഫ്ലറ്റുകളില്‍ ഇപ്പോള്‍ താമസിക്കുന്ന ചിലയാളുകള്‍, തങ്ങള്‍ സ്വാധീനിച്ചോ സഹായം നേടിയോ ആണ് ഫ്ലറ്റുകള്‍ നേടിയതെന്ന ആരോപണം നിഷേധിച്ചുകൊണ്ടുതന്നെ തങ്ങളുടെ ഫ്ലറ്റുകള്‍ ഒഴിയാന്‍ സന്നദ്ധത കാണിച്ചു.
നിയമം ലംഘിച്ചാണ് സൊസൈറ്റി കെട്ടിടം നിര്‍മിച്ചതെന്നുള്ളതും അവര്‍ നിഷേധിച്ചു. പ്രദീപ് വ്യാസ് എന്ന ഉദ്യോഗസ്ഥന്‍ മൂലം ലോകസഭ തെറ്റിദ്ധരിക്കപ്പെട്ടു എന്നും മാധ്യമങ്ങള്‍ പുറത്തറിയിച്ചു.
2011 ജനവരി 16-ാം തീയതി വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുപ്രകാരം അനധികൃതമായി നിര്‍മിക്കപ്പെട്ടിട്ടുള്ള കെട്ടിടസമുച്ചയം അപ്പാടെ പൊളിച്ചുനീക്കി ആ പ്രദേശം അതിന്റെ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു
കല്‍ക്കരി ഖനികള്‍ തീറെഴുതിയും തീവെട്ടിക്കൊള്ള
സ്പെക്ട്രം, കോമണ്‍വെല്‍ത്ത് കൊള്ളകള്‍ക്കു പിന്നാലെ, യുപിഎ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കാലത്തു നടന്ന മറ്റൊരു തീവെട്ടിക്കൊള്ളയുടെ കണക്കു കൂടി വെളിച്ചത്തു വരുന്നു. രാജ്യത്തിന്‍റെ പ്രധാന ഊര്‍ജ സ്രോതസായ കല്‍ക്കരിശേഖരം അനില്‍ അംബാനിയുടെ റിലയന്‍സ് പവറിനു തീറെഴുതിക്കൊടുത്ത വകയില്‍ പൊതു ഖജനാവിന് 1.20 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നു കണ്ടുപിടിച്ചത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. അഴിമതിയുടെ കണക്ക് ലക്ഷങ്ങളിലും കോടികളിലുമായിരുന്നു മുന്‍പൊക്കെ പറഞ്ഞു കേട്ടിരുന്നത്. ലക്ഷം കോടികളുടെ കണക്കില്‍പ്പെടുന്നില്ലെങ്കില്‍ അഴിമതിക്കു തന്നെ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന ഇക്കാലത്ത്, അഴിമതിക്കാരുടെ മുഖം രക്ഷിക്കുന്നതായി കല്‍ക്കരി ഇടപാടും.
അമ്പതു കോടിയില്‍പ്പരം പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയില്‍ അവര്‍ക്ക് അരിയോ പയറോ വാങ്ങിയ ഇനത്തില്‍ നഷ്ടപ്പെടുത്തിയതല്ല ഈ തുക. ലോകോത്തര ടെലിഫോണ്‍ രാജാക്കന്മാരുടെ കീശയിലേക്കായിരുന്നു സ്പെക്ട്രം അഴിമതിയുടെ ലാഭം ഒഴുകിയത്. ഇടനിലക്കാര്‍ക്കും ഒത്താശക്കാര്‍ക്കുമുണ്ടായി അതുകൊണ്ടുള്ള നേട്ടം. കോമണ്‍വെല്‍ത്ത് കൊള്ളയുടെ ഗുണഭോക്താക്കളും വിരലിലെണ്ണാവുന്നവരില്‍ ഒതുങ്ങി. കല്‍ക്കരിക്കച്ചവടം കൊണ്ടു ഗുണമുണ്ടായത് അംബാനി കുടുംബക്കാര്‍ക്കു മാത്രവും. അതിന്‍റെ പേരില്‍ അവരുടെ ആശ്രിതരായ ആര്‍ക്കെങ്കിലും വല്ലതും തടഞ്ഞിട്ടുണ്ടാവും. കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്നവരായ പ്രണബ് കുമാര്‍ മുഖര്‍ജിയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് റിലയന്‍സിനെ സഹായിച്ചതെന്നാണു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുന്നത്.
റിലയന്‍സിനു നേട്ടമുണ്ടാക്കത്തക്ക വിധത്തില്‍ കല്‍ക്കരി ഉപയോഗ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയെന്നാണു സിഎജി കണ്ടെത്തല്‍. വന്‍കിട താപനിലയങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കല്‍ക്കരി വഴിവിട്ട മാര്‍ഗത്തിലൂടെ വകമാറ്റി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നുവത്രേ. നാലായിരം മെഗാവാട്ടോ അതില്‍ കൂടുതലോ ശേഷിയുള്ള താപനിലയങ്ങളെ അള്‍ട്രാ മെഗാ പവര്‍ പ്രൊജക്റ്റുകളായാണു പരിഗണിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്കു കല്‍ക്കരി അനുവദിക്കുമ്പോള്‍ അധികമായി ഒരു ബ്ലോക്ക് കൂടി കരാറുകാര്‍ക്കു ലഭിക്കും. ഇവിടെ നിന്നുള്ള കല്‍ക്കരി അതതു പദ്ധതികള്‍ക്കു മാത്രമേ കരാറുകാര്‍ ഉപയോഗിക്കാവൂ എന്നാണു കല്‍ക്കരി ലൈസന്‍സ് ചട്ടം. അധികമായി ഖനനം ചെയ്യുന്നതു സര്‍ക്കാര്‍ ഇടപെട്ട് മറ്റു പദ്ധതികള്‍ക്കു നല്‍കേണ്ടതാണ്.
ഈ ചട്ടം തിരുത്തിയാണു കേന്ദ്ര സര്‍ക്കാര്‍ റിലയന്‍സ് പവറിനെ സഹായിച്ചത്. മധ്യപ്രദേശിലെ സാസനിലും ഝാര്‍ഖണ്ഡിലെ തിലയ്യയിലുമായി റിലയന്‍സിനു രണ്ടു മെഗാ പവര്‍ പ്രൊജക്റ്റുകളുണ്ട്. ഈ പദ്ധതികള്‍ക്കൊപ്പം അനുവദിക്കപ്പെട്ട ബ്ലോക്കുകളില്‍നിന്ന് കൂടുതല്‍ കല്‍ക്കരി ഖനനം ചെയ്ത് റിലയന്‍സിന്‍റെ മറ്റു പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും പ്രണബ് മുഖര്‍ജിയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതികള്‍ അനുമതി നല്‍കിയെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിരക്കില്‍ കല്‍ക്കരി വാങ്ങി ഉപയോഗിക്കേണ്ട പദ്ധതികള്‍ക്കാണ് അള്‍ട്രാ മെഗാ പദ്ധതിപ്രദേശത്തുനിന്ന് റിലയന്‍സിനു കുറഞ്ഞ നിരക്കില്‍ കല്‍ക്കരി ലഭിച്ചത്. അടുത്ത 25 വര്‍ഷത്തെ ഇടപാടു കണക്കാക്കിയ സിഎജി, സര്‍ക്കാരിനു മൊത്തം 1.20 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നു തിട്ടപ്പെടുത്തി.
സിഎജിയുടേത് അന്തിമ റിപ്പോര്‍ട്ടോ ഇടക്കാല റിപ്പോര്‍ട്ട് പോലുമോ അല്ലെന്നാണ് ഇതിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം. സിഎജി കണക്കുകളുടെ ആധികാരികത പൂര്‍ണമായി അംഗീകരിക്കുക ബുദ്ധിമുട്ടാണ്. പദ്ധതി നടപ്പാക്കലുകളുടെ പ്രായോഗികതകള്‍ കൃത്യമായി ധരിക്കാതെയാണ് ഈ കണക്കപ്പിള്ളമാര്‍ നഷ്ടക്കണക്കുകള്‍ ഊതിപ്പെരുപ്പിക്കുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഊര്‍ജസ്രോതസുകള്‍ അപ്പാടെ അംബാനിമാര്‍ക്കു തീറെഴുതുക എന്ന യുപിഎ നയം തിരിച്ചറിയാന്‍ സിഎജി കണക്കുകളുടെ പിന്‍ബലം തേടേണ്ടതില്ല എന്നതാണു സത്യം.
റിലയന്‍സുമായി നടത്തിയ കല്‍ക്കരിക്കച്ചവടത്തിന്‍റെ വിശദാംശങ്ങള്‍ സിഎജി ചോദിച്ചിട്ടുണ്ടെന്ന കാര്യം ഊര്‍ജ വകുപ്പ് സമ്മതിക്കുന്നു. കണക്കുകള്‍ തിട്ടപ്പെടുത്തിക്കഴിഞ്ഞ് എന്നെങ്കിലുമൊരിക്കല്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവരും. നഷ്ടത്തിന്‍റെ കണക്ക് അന്ന് ഇത്തിരി കൂടുകയോ കുറയുകയോ ചെയ്തെന്നുമിരിക്കും. രണ്ടായാലും ഈ രാജ്യത്തെ ദരിദ്ര ജനകോടികള്‍ അതു കേട്ടു ഞെട്ടില്ല. അഴിമതിയുടെ കണക്ക് സഹസ്രകോടികളില്‍ കേട്ടു തഴമ്പിച്ചുപോയ അവരുടെ മസ്തിഷ്കം പുതിയ ഒരു കണക്കിലും മരവിക്കുകയുമില്ല. പക്ഷേ, ഒരു രാജ്യത്തിന്‍റെ പൊതു സ്വത്ത് ഇഷ്ടക്കാരായ ഏതാനും കുത്തകകള്‍ക്കു തീറെഴുതിക്കൊടുക്കുന്ന ഭരണഭീകരതയെ ഏതു ഭാഷയില്‍ അവര്‍ വിശേഷിപ്പിക്കും? എത്രകാലം അതിനോടു പ്രതികരിക്കാതിരിക്കും?
തെലുങ്കാന സമരം, ലോറി സമരം, നക്സല്‍ ഭീഷണി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് രാമഗുണ്ടം പോലുള്ള പദ്ധതികള്‍ക്ക് കല്‍ക്കരി നല്‍കാതിരിക്കുകയും രാജ്യമൊട്ടാകെ ഈ ദീപാവലിക്കാലത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാക്കുകയും ചെയ്ത സര്‍ക്കാരാണ് ഒരു ലോപവും കൂടാതെ കുത്തകക്കാര്‍ക്ക് ചുളുവിലയ്ക്ക് കല്‍ക്കരി ഖനികള്‍ തീറെഴുതിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ ദിവസങ്ങളില്‍ വൈദ്യുതിക്ഷാമം നേരിട്ടപ്പോള്‍, ചിത്രാംഗി പദ്ധതിയിലൂടെ റിലയന്‍സ് യൂനിറ്റ് ഒന്നിന് 1.26 രൂപ നിരക്കില്‍ ലാഭം കൊയ്യുകയായിരുന്നു. കോരന്മാര്‍ക്കു കുമ്പിളില്‍പ്പോലും കഞ്ഞി കിട്ടാത്തപ്പോള്‍ കുബേരന്മാര്‍ക്കു സ്വര്‍ണത്തളികയില്‍ പായസം വിളമ്പുന്ന നെറികേടുകള്‍ക്ക് തീര്‍ച്ചയായും മറുപടി പറയേണ്ടിവരും, യുപിഎ നേതൃത്വം.
by WHM NEWS ONLINE · 0
Subscribe to:
Posts (Atom)




