ലാവ്‌ലിന്‍: മിഥ്യയും യാഥാര്‍ത്ഥ്യങ്ങളും !
Do you like this story?
1. എന്താണ് ലാവ്‌ലിന്‍ പ്രശ്‌നം?
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ 1991-1996 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചു. കാനഡ സര്‍ക്കാരിന്റെ ധനസഹായത്തോടെ നവീകരണത്തിനായി ലാവ്‌ലിന്‍ കമ്പനിയുമായി അന്നത്തെ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയന്‍ നവീകരണത്തിന് ധാരണാപത്രവും കരാറും ഒപ്പിട്ടു. ആ കരാര്‍ പ്രാബല്യത്തിലുള്ള ഘട്ടത്തിലാണ് 1996 മെയ് മുതല്‍ 1999 ഒക്‌ടോബര്‍ വരെ പിണറായി വിജയന്‍ മന്ത്രിയായത്. കരാറിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും പണം നല്‍കിയതും വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴാണ്. പിണറായി ഈ പ്രശ്‌നത്തില്‍ തെറ്റായ ഒരുകാര്യവും ചെയ്‌തിട്ടില്ലെന്ന് യുഡിഎഫ് ഭരണകാലത്തുതന്നെ അന്വേഷിച്ച വിജിലന്‍സ് വ്യക്തമാക്കി. എന്നിട്ടും സ: പിണറായി വിജയനെതിരെ രാഷ്‌ട്രീയപ്രേരിതമായി സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് മന്ത്രിസഭാ തീരുമാനത്തെ മറികടന്ന് ഗവര്‍ണ്ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന് കോടതിയില്‍ കേസിന്റെ നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുകയാണ്. മാത്രമല്ല, സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് കോടതി ഉത്തരവിറക്കിയിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
2. എം.ഒ.യു (ധാരണാപത്രം) സമ്പ്രദായപ്രകാരമുള്ള കരാറുകള്‍ രൂപപ്പെടുന്ന രീതി എന്താണ്? അത് എപ്രകാരമാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ വന്നിട്ടുള്ളത്?
വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രണ്ട് മാര്‍ഗം അവലംബിക്കാം. ആദ്യത്തേത് ധാരണാപത്രം അഥവാ എം.ഒ.യു റൂട്ടാണ്. ബന്ധപ്പെട്ട കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിന്റെ രീതി. ഇതിലൂടെ മുഖ്യമായും നവീകരണത്തിനുള്ള ചെലവ് വിദേശരാജ്യത്തുനിന്ന് വായ്‌പയായി ലഭിക്കും. ദ്രുതഗതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. രണ്ടാമത്തെ മാര്‍ഗമാണ് ആഗോള ടെണ്ടര്‍ വിളിക്കുന്നത്.
എം.ഒ.യു റൂട്ടിലുള്ള കരാറിന് മൂന്ന് ഘട്ടങ്ങളാണ് ഉണ്ടാവുക. ആദ്യത്തേത് ധാരണാപത്രം ഒപ്പുവയ്‌ക്കലാണ്. ഇതിലാണ് എന്ത് പ്രോജക്‌ട്, ഏത് കമ്പനി, എത്ര തുക, വായ്‌പ എങ്ങനെയാണ് ലഭിക്കുക തുടങ്ങിയ പൊതു കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുക. രണ്ടാം ഘട്ടത്തില്‍ ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്. കമ്പനി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കമ്പനി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ എന്തെന്നും ഓരോന്നിന്റെയും സവിശേഷതകളും വിലയും ആ ഘട്ടത്തില്‍ തീരുമാനിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ കണ്‍സള്‍ട്ടന്‍സി കരാറിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നു. അതുകൊണ്ട് ഇതിനെ അനുബന്ധ കരാര്‍ എന്നു വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാംഘട്ട കരാറിന്റെ അനുബന്ധ പ്രവര്‍ത്തനം മാത്രമാണ്. അതുകൊണ്ടാണ് ഈ ഘട്ടത്തിന്റെ പേര് തന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നു വിളിക്കുന്നത്.
3. ആഗോള ടെണ്ടര്‍ വിളിക്കുന്ന പ്രശ്‌നം ഉയര്‍ന്നുവന്നല്ലോ. അക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും ഒരേ സമീപനമായിരുന്നോ സ്വീകരിച്ചത്?
1991-96 കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ 13 വൈദ്യുത പദ്ധതികള്‍ ക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഒന്നില്‍ പോലും ആഗോള ടെണ്ടര്‍ വിളിച്ചില്ല. എല്ലാം നേരിട്ട് സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയ്‌ത് ധാരണാപത്രം ഒപ്പുവെച്ച് കരാര്‍ ഉണ്ടാക്കുകയാണ് ചെയ്‌തത്.
എന്നാല്‍ 1996-2001 കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരൊറ്റ വൈദ്യുത പദ്ധതി പോലും ആഗോള ടെണ്ടര്‍ വിളിക്കാതെ കരാര്‍ ഉറപ്പിച്ചിട്ടില്ല. കുറ്റിയാടി അഡീഷണല്‍ എക്‌സ്‌റ്റന്‍ഷന്‍ പദ്ധതി ടെണ്ടര്‍ വിളിച്ച് പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെയാണ് ഏല്‍പ്പിച്ചത്. അതിരപ്പള്ളിയും ടെണ്ടര്‍ വിളിക്കുകയാണ് ചെയ്‌തത്. കോഴിക്കോട് ഡീസല്‍ പ്ലാന്‍റും ടെണ്ടര്‍ വിളിച്ചാണ് നിശ്ചയിച്ചത്. കരാര്‍ ഒപ്പിടാതെ ധാരണാപത്രം മാത്രം ഒപ്പിട്ട നേര്യമംഗലം പദ്ധതി ധാരണാപത്രം റദ്ദാക്കി ടെണ്ടര്‍ വിളിക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് ഉപേക്ഷിക്കാനാവാത്തവിധം ബാധ്യതപ്പെട്ട കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്ന പളളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി മാത്രമാണ് മുന്നോട്ടുകൊണ്ടുപോയത്.
4. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിക്കു മുമ്പ് യു.ഡി.എഫ് ഏതെങ്കിലും കരാറില്‍ ലാവ്‌ലിനുമായി ഏര്‍പ്പെട്ടിരുന്നോ?
50 മെഗാവാട്ടിനുള്ള കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ടെണ്ടര്‍ വിളിക്കാതെയാണ് ഏല്‍പ്പിച്ചത്. ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട് കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട് യു.ഡി.എഫ് നടപ്പിലാക്കിയത് ഈ മൂന്ന് ഘട്ട കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ഈ നടപടി തന്നെ അതേപോലെ ആവര്‍ത്തിക്കുകയാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയിലും യു.ഡി.എഫ് ചെയ്‌തത്. കുറ്റിയാടി പദ്ധതിയില്‍ മൂന്ന് കരാറുകളും ഒപ്പുവച്ചത് യു.ഡി.എഫാണ്. എന്നാല്‍ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളില്‍ ആദ്യത്തെ രണ്ട് കരാര്‍ യു.ഡി.എഫും മൂന്നാമത്തേത് എല്‍.ഡി.എഫ് സര്‍ക്കാരുമാണ് ഒപ്പുവച്ചത്.
പള്ളിവാസല്‍-പന്നിയാര്‍-ശെങ്കുളം പദ്ധതിയുടെ കാലത്ത് യു.ഡി.എഫ് ഒരുപടി കൂടി മുന്നോട്ടുപോയി. ജലവൈദ്യുതപദ്ധതികള്‍ മുഴുവന്‍ ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട് ചെയ്യിക്കാന്‍ ധാരണയുണ്ടാക്കി. ഇതിന്റെ ഒന്നാംഘട്ടമെന്ന നിലയിലാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി ലാവ്‌ലിന് നല്‍കുന്നതെന്ന് പറയുന്നുണ്ട്. ഇവരുമായി ഒരു സംയുക്ത സംരംഭം ആരംഭിക്കുമെന്ന് ധാരണാപത്രത്തില്‍ തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ കുത്തക ലാവ്‌ലിന് നല്‍കുന്നത് പൊളിക്കുകയാണ് പിന്നീടു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്‌തത്.
5. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ ദുര്‍വ്വഹമായ ചെലവുണ്ടായി എന്നും അതുമൂലം നഷ്‌ടമുണ്ടായി എന്നും പറയുന്നുണ്ടല്ലോ?
യു.ഡി.എഫ് ലാവ്‌ലിനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെയും കരാറിന്റെയും അടിസ്ഥാനത്തിലാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ കരാര്‍ ഒപ്പുവച്ചത്. ഇതിനെ സംസ്ഥാനത്തിന് കൂടുതല്‍ ആനുകൂല്യം വാങ്ങിയെടുക്കാന്‍ പറ്റുന്ന തരത്തില്‍ രൂപപ്പെടുത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. നഷ്‌ടമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി യു.ഡി.എഫ് മാത്രമാണ്.
115 മെഗാവാട്ടാണ് ഈ പദ്ധതിയുടെ സ്ഥാപിതശേഷി. പദ്ധതി നിര്‍വ്വഹണത്തിന് 350 കോടി ചെലവായി. മെഗാവാട്ട് ഒന്നിന് മൂന്നുകോടി രൂപ എന്ന നിരക്കിലാണ് ഈ ചെലവ്. ഇത് അധികമാണ് എന്ന് വിമര്‍ശിക്കുന്ന യു.ഡി.എഫ് അഞ്ചുവര്‍ഷം മുമ്പ് അവര്‍ പൂര്‍ണ്ണമായും ആവിഷ്‌കരിച്ച 50 മെഗാവാട്ടിന്റെ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്ക് 201 കോടി രൂപയാണ് ചെലവായത്. രണ്ട് പദ്ധതികളിലും പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്. യു.ഡി.എഫ് നടപ്പാക്കിയ കുറ്റിയാടി പദ്ധതിക്ക് നാലുകോടി രൂപയാണ് ചെലവ് വന്നത് എന്നു മാത്രമല്ല, കുറ്റിയാടി പദ്ധതിയില്‍ മുടക്കിയ 201 കോടി രൂപയും പാഴായിപ്പോയി എന്ന് എ.ജി പറഞ്ഞിട്ടുമുണ്ട്. കുറ്റിയാടി പദ്ധതിയിലെ അധികജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന് സാധ്യതയുണ്ട് എന്നു പറഞ്ഞാണ് എക്‌സ്റ്റന്‍ഷന്‍ പദ്ധതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതിനാവശ്യമായ ജലം ലഭ്യമല്ലെന്നാണ് പിന്നീട് തെളിഞ്ഞത്.
6. ധാരണാപത്രം റദ്ദാക്കാന്‍ കഴിയുമായിരുന്നില്ലേ?
ആന്റണി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിന്റെ 17-ാം വകുപ്പ് പ്രകാരം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വൈദ്യുതി ബോര്‍ഡ് കമ്പനിക്ക് നഷ്‌ടപരിഹാരം നല്‍കണം. പാരീസില്‍ പോയി കേസ് നടത്തണം. അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കണം. പുതിയ വായ്‌പ കണ്ടെത്തണം. നേരിയമംഗലം പവര്‍ പ്രോജക്‌ടില്‍ ഇത്തരത്തില്‍ യു.ഡി.എഫ് ഉണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ കരാറില്‍ ഒപ്പിട്ട എ.ബി.ബി കമ്പനി കേസ് നടത്തുകയും ആ കേസില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്‌തു. ഇതേ സ്ഥിതി തന്നെ ആകുമായിരുന്നു ലാവ്‌ലിന്‍ കരാര്‍ റദ്ദാക്കിയാലും ഉണ്ടാവുക.
7. കരാര്‍ റദ്ദാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേട്ടം സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നവിധം മാറ്റം വരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ?
കരാര്‍ റദ്ദാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് കേരളത്തിന് അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 1996 ഫെബ്രുവരി 24-ന് പ്രാബല്യത്തില്‍ വന്ന കരാറില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച അനുബന്ധ കരാറിന്റെ ഉള്ളടക്കം.
കരാറില്‍ വരുത്തിയ മാറ്റങ്ങള്‍
ഇനം യു.ഡി.എഫ് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ എല്‍.ഡി.എഫ് വരുത്തിയ മാറ്റങ്ങള്‍
സാധന സാമഗ്രികള്‍ 157.47 കോടി 131.26 കോടി
കണ്‍സള്‍ട്ടന്‍സി ഫീസ് 24.04 കോടി 17.88 കോടി
പലിശ 7.8 ശതമാനം 6.8 ശതാനം
കമിന്റ്‌മെന്റ് ചാര്‍ജ് 0.5 ശതമാനം 0.375 ശതമാനം
അഡ്‌മിനിസ്‌ട്രേഷന്‍ ഫീസ് 0.75 ശതമാനം 0.5 ശതമാനം
എക്‌സ്‌പോഷര്‍ ഫീ 6.25% മുതല്‍ 5.8% വരെ 4.76%
സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ് 46 കോടി 98 കോടി
8. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തിലുണ്ടായ വീഴ്‌ച ആരുടേതാണ്?
മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍� കാനഡ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ കനേഡിയന്‍ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള ധാരണ രൂപപ്പെടുന്നത്. ഇതിനായി കനേഡിയന്‍ അന്താരാഷ്‌ട്ര വികസന ഏജന്‍സിയില്‍നിന്നും മറ്റും സമാഹരിച്ച് ധനസഹായമായി 98 കോടി രൂപ നല്‍കാമെന്നും 105 കോടി രൂപ ചെലവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും തീരുമാനിച്ചു. എല്‍.ഡി.എഫ്. ഗവണ്‍മെന്റ് മാറി യു.ഡി.എഫ്. ഗവണ്‍മെന്റ് വന്നതോടുകൂടി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് യു.ഡി.എഫുകാര്‍ വലിയ തോതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയും 32 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഒപ്പിട്ട് അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. എസ്.എന്‍.സി. ലാവ്‌ലിന്‍ അധികൃതര്‍ ആന്റണി ഗവണ്‍മെന്റിനെ സമീപിക്കുകയും മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി തങ്ങള്‍ 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ബാക്കി തുക തരാന്‍ സന്നദ്ധമാണെന്നും പറഞ്ഞുകൊണ്ട് കത്ത് നല്‍കുകയുണ്ടായി. ഒപ്പം ചെയ്‌തു തന്ന സഹായങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് നല്‍കണമെന്നും ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഒരു കരാറാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. കത്ത് നല്‍കുന്നതിനോ കരാര്‍ ഉണ്ടാക്കുന്നതിനോ തയ്യാറാകാതെ അന്നത്തെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ ധാരണാപത്രം പുതുക്കാതെ തുടര്‍സഹായം നഷ്‌ടപ്പെടുത്തി. 98 കോടി രൂപയുടെ സഹായ വാഗ്‌ദാനത്തില്‍ നിന്ന് 12 കോടി രൂപ കഴിച്ച് ബാക്കി തുക നഷ്‌ടപ്പെട്ടതിന് കാരണം യുഡിഎഫ് ഗവണ്‍മെന്റാണ്.
ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാതെ പണം നഷ്‌ടപ്പെടുത്തിയ കടവൂര്‍ ശിവദാസന്റെ പേരിലോ 1995 ല്‍� കരാര്‍ ഉണ്ടാക്കിയ ജി. കാര്‍ത്തികേയന്റെ പേരിലോ യാതൊരു കുറ്റവും കാണാത്ത സി.ബി.ഐ പിണറായിയെ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്‌ട്രീയ ദുരുദ്ദേശത്തോടുകൂടിയാണെന്ന് വ്യക്തമാണ്.
9. ചില കാര്യങ്ങള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചു എന്നു പറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ടോ?
ഈ കരാറിന്റെ തുടക്കക്കാരന്‍ ജി. കാര്‍ത്തികേയനാണെങ്കില്‍ പിണറായി വിജയന്‍ മന്ത്രി ആയതിന് ശേഷമുള്ള കരാറിന്റെ തീരുമാനം എടുക്കുന്നത് മന്ത്രിസഭയാണ്. ഒരു വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുരുക്കി നോട്ടിനകത്ത് ഉണ്ടാകും. ആ നോട്ടിന്റെ വിവരങ്ങള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും യോഗത്തിനു മുമ്പാകെ വരും. സംശയമുള്ള ഏതെങ്കിലും അംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് ഈ ഫയലുകളെല്ലാം പരിശോധിക്കാവുന്നതുമാണ്. വസ്‌തുത ഇതായിരിക്കെ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് ക്യാബിനറ്റിന്റെ ബാലപാഠം അറിയാവുന്ന ഒരാള്‍ക്കുപോലും അംഗീകരിക്കാനാവില്ല. അന്നത്തെ മന്ത്രിസഭാംഗങ്ങളാരും തന്നെ ഇത്തരമൊരു തെറ്റിദ്ധരിപ്പിക്കല്‍ നടന്നതായി എവിടെയും പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും മൂന്നാമതൊരാള്‍ ഇപ്പോള്‍ തെറ്റിദ്ധരിപ്പിച്ചു എന്ന വിചിത്ര വാദവുമായി മുന്നോട്ടുവരുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
10. വരദാചാരിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നമെന്താണ്?
സി.ബി.ഐ പിണറായിയെ കേസില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാന കാരണമായി പറഞ്ഞത് വരദാചാരി ഈ കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഫയല്‍ അയച്ചിരുന്നുവെന്നും അതില്‍ ശക്തമായ എതിര്‍പ്പ് പിണറായി രേഖപ്പെടുത്തി എന്നുമാണ്. എന്നാല്‍ ഇങ്ങനെ ഒരു ഫയല്‍ അയച്ചിട്ടില്ലെന്നും അത് അയച്ചത് സഹകരണവകുപ്പുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നും വ്യക്തമായിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം പുറത്തുവന്നതോടെ സി.ബി.ഐയുടെ മറ്റൊരു കല്ലുവെച്ച നുണ പുറത്താവുകയും ചെയ്‌തു. സി.ബി.ഐ കേസ് രാഷ്‌ട്രീയ പ്രേരിതമായാണ് കെട്ടിച്ചമച്ചതെന്ന വസ്‌തുത പകല്‍ വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്. ഇല്ലാത്ത ഫയല്‍ കണ്ടതിന് കള്ള സാക്ഷികളേയും സി.ബി.ഐ ഒരുക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ ഗൂഢാലോചനയുടെ ആഴവും പരപ്പും വ്യക്തമാകുന്നത്. മ
11. മന്ത്രിസഭ പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നത് നിയമപരമാണോ?
ഇന്ത്യയിലെ നിയമങ്ങള്‍ അനുശാസിക്കുന്നത് സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ഇരുന്നവര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ സമ്മതമുണ്ടെങ്കിലേ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ പറ്റൂ എന്നാണ്. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതിന്റെ ലക്ഷ്യം അനാവശ്യ വ്യവഹാരങ്ങളില്‍നിന്ന് പൊതുപ്രവര്‍ത്തകന്മാരെയും മറ്റും സംരക്ഷിക്കുക എന്നതാണ്. രാഷ്‌ട്രീയമായ താല്‍പ്പര്യത്തോടുകൂടി ഓരോ ഘട്ടത്തിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കുത്തിപ്പൊക്കാമെന്നത് പ്രതിസന്ധി സൃഷ്‌ടിക്കും എന്നതാണ് ഇതിനടിസ്ഥാനം. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തന്നെ ഉള്ളതാണ് ഇത്തരത്തിലുള്ള പ്രോസിക്യൂഷന്‍ അനുമതി നല്‍കുക എന്ന പ്രശ്‌നം. അതില്‍ നിയമത്തില്‍നിന്ന് വ്യതിചലിക്കുന്ന ഒന്നുമില്ലെന്നര്‍ത്ഥം.
പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ മുഖേന സിബിഐ നല്‍കിയ അപേക്ഷ ഭരണഘടന അനുശാസിക്കുന്നതുപോലെ മന്ത്രിസഭ അഡ്വക്കേറ്റ് ജനറലിന് കൈമാറി. അഡ്വക്കേറ്റ് ജനറലിന്റെ ഉത്തരവാദിത്വമെന്തെന്ന് ഭരണഘടന കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്.
``അഡ്വക്കേറ്റ് ജനറലിന് അപ്പോഴപ്പോള്‍ ഗവര്‍ണ്ണര്‍ അയച്ചുകൊടുക്കുകയോ ഏല്‍പ്പിക്കുകയോ ചെയ്യുന്ന അങ്ങനെയുള്ള നിയമപരമായ വിഷയങ്ങളെക്കുറിച്ച് ആ സംസ്ഥാനത്തിന്റെ സര്‍ക്കാരിന് ഉപദേശം കൊടുക്കുകയും നിയമസ്വഭാവമുള്ള അത്തരം മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ഈ ഭരണഘടനയാലോ ഭരണഘടനപ്രകാരമോ ആ സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്താലോ നിയമപ്രകാരമോ നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നത് അഡ്വക്കേറ്റ് ജനറലിന്റെ കര്‍ത്തവ്യമായിരിക്കുന്നതാണ്.'' (ഇന്ത്യന്‍ ഭരണഘടന, 165 (2))
ഇപ്രകാരം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നവിധം സര്‍ക്കാരിനു മുമ്പാകെ വന്ന നിയമപ്രശ്‌നം എ.ജിക്ക് അയയ്‌ക്കുകയാണ് മന്ത്രിസഭ ചെയ്‌തത്. ഇതില്‍ അസാധാരണമായി ഒന്നുമില്ല. എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും സിബിഐ നല്‍കിയ രേഖകള്‍ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തിലും മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്‌തു. സ്വാഭാവികമായും മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യേണ്ടത്. എന്നാല്‍ ഈ കീഴ്‌വഴക്കവും ഭരണഘടനാപരമായ ഉത്തരവാദിത്വവും മറന്ന് സ്വന്തം നിലയ്‌ക്ക് തെളിവുകള്‍ ശേഖരിക്കാനും സി.ബി.ഐയുമായി നേരിട്ട് ഇടപാടുകള്‍ നടത്താനും അവരുടെ കൈയില്‍ നേരിട്ട് പ്രോസിക്യൂഷനുള്ള അനുമതി കൊടുക്കാനുമാണ് ഇവിടെ ഗവര്‍ണ്ണര്‍ തയ്യാറായത്.
12. പിണറായി വിചാരണ നേരിടുകയല്ലേ വേണ്ടത്? നിയമപരമായി കൈകാര്യം ചെയ്യേണ്ട കാര്യം എന്തിന് രാഷ്‌ട്രീയവല്‍ക്കരിക്കുന്നു?
രാഷ്‌ട്രീയമായി കെട്ടിച്ചമച്ച, ഗൂഢാലോചനയിലൂടെയും ഉപജാപങ്ങളിലൂടെയും കരുപ്പിടിപ്പിച്ച കേസിനെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും അതിന്‍െറ രാഷ്‌ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാനും രാഷ്‌ട്രീയത്തിന്റെ വഴിതന്നെ വേണം. പിണറായി വിജയനെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും സി.പി.ഐ (എം) നെ കരിതേച്ചുകാണിക്കാനും കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ അറിഞ്ഞേതീരൂ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയംതന്നെ കേസിന്റെ നിയമപരമായ വശങ്ങളെ അതിന്‍െറ വഴിയിലൂടെതന്നെ നേരിടും.
രാഷ്ട്രീയമായും നിയമപരമായും ഈ കടന്നാക്രമണത്തെ നേരിടും എന്നാണ് സി.പി.ഐ (എം) ന്റെ തീരുമാനം. കള്ള സാക്ഷിമൊഴികളുടെയും വ്യക്തമായ മുന്‍വിധിക്ക് അനുസൃതമായി തെരഞ്ഞെടുത്ത രേഖകളുടെയും അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച ഈ കേസ് കോടതിയില്‍ നിലനില്‍ക്കാന്‍ പോകുന്നില്ല.
ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ചതാണ്. നിയമത്തിന്റെ ഒരു കണക്കിലും പെടുത്തിയല്ല വിജിലന്‍സ് അന്വേഷണത്തിന്മേല്‍ യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു പൈസയുടെ അഴിമതി സിബിഐ കണ്ടെത്താത്ത കേസ് കൂറ്റന്‍ അഴിമതിയെന്ന് സംഘടിതമായി പ്രചരിപ്പിക്കുന്നത് നിയമവും വകുപ്പും നോക്കിയല്ല. ഇപ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയെ വെല്ലുവിളിച്ചുകൊണ്ട് സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും നിയമത്തെയും ഭരണഘടനയെയും മാനിച്ചുകൊണ്ടല്ല. യുഡിഎഫും തല്‍പ്പരകക്ഷികളാകെയും ഗവര്‍ണറെയും അദ്ദേഹവുമായി ബന്ധമുള്ള മറ്റുചിലരെപ്പോലും സ്വാധീനിച്ചതും ഭീഷണിപ്പെടുത്തിയതും പ്രലോഭിപ്പിച്ചതും ഒരു നിയമത്തിന്റെയും ആനുകൂല്യത്തിലല്ല. എല്ലാറ്റിലും കളിച്ചത് രാഷ്ട്രീയമാണ്. സിപിഐ എമ്മിനെ തകര്‍ത്തുകളയണമെന്ന് മോഹിക്കുന്ന ആ രാഷ്ട്രീയത്തോട് രാഷ്ട്രീയമായിത്തന്നെ പ്രതികരിച്ചേ തീരൂ. കാര്‍ത്തികേയന്റെ പങ്ക് പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന കോടതിയുടെ ഉത്തരവ് സി.ബി.ഐ നടത്തിയ ഗൂഢാലോചനയുടെ ഉള്ളടക്കത്തിലേക്കാണ് വെളിച്ചം വീശുന്നത്.
13. കേസ് രാഷ്‌ട്രീയപ്രേരിതമാണ് എന്ന് പറയാന്‍ കാരണമെന്ത്?
യു.ഡി.എഫിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം നടത്തി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സി.ബി.ഐ തന്നെ തുടക്കത്തില്‍ ഈ കേസ് അന്വേഷിക്കാന്‍തന്നെ അതുകൊണ്ട് തയ്യാറായില്ല. ഇപ്പോള്‍ കോടതിയില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രത്തില്‍ പുനരന്വേഷണം നടത്തണമെന്ന് കോടതി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. കരാര്‍ തുടങ്ങിയ ജി. കാര്‍ത്തികേയന്‍ പ്രതി ആവാതിരിക്കുകയും അതില്‍ ഗുണപരമായി മാറ്റം വരുത്തിയ പിണറായി വിജയന്‍ പ്രതി ആവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുതന്നെ ഗൂഢാലോചനയുടെ ഫലമായാണ് പിണറായി പ്രതിയാക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ കാണിച്ച ഭരണഘടനാ ലംഘനവും ആര്‍ക്കോവേണ്ടി കേസ് ഉപയോഗപ്പെടുത്തുകയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.
14. കേസില്‍ എങ്ങനെ മുന്നോട്ട് പോകണമെന്നാണ് സി.പി.ഐ (എം) തീരുമാനം?
ഈ കേസില്‍ നിരപരാധിത്വം നിയമപരമായി തെളിയിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗങ്ങളും പാര്‍ട്ടി സ്വീകരിക്കും. അതിനര്‍ത്ഥം സിബിഐ ഉന്നയിച്ച ദുരാരോപണങ്ങളാകെ ശിരസ്സാവഹിച്ച്; മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകളാകെ അംഗീകരിച്ച് കീഴടങ്ങുകയല്ല, കമ്മ്യൂണിസ്‌റ്റുകാരുടെ കറതീര്‍ന്ന ശുദ്ധി ഈ പ്രസ്ഥാനത്തിനും ഇതിന്‍െറ നേതൃത്വത്തിനുമുണ്ടെന്ന് ജനങ്ങള്‍ക്കുമുന്നില്‍ തെളിയിക്കാനുള്ള പോരാട്ടമാണ് പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നത്

This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter

