പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും ഇടപെടലും

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും ഇടപെടലും

പാമോലിന്‍ അഴിമതിക്കേസില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതിയുടെ ഉത്തരവ് പുറത്ത് വന്നപ്പോള്‍ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍സജീവമായി. കോടതിയുടെ സജീവ പരിഗണനയ്ക്ക് വിധേയമായ വസ്തുതകള്‍ പാമോലിന്‍ കേസ് കേരള സമൂഹം ചര്‍ച്ച ചെയ്ത് തുടങ്ങിയ കാലം മുതല്‍ ഇടതുമുന്നണിനേതാക്ക•ാരും പത്രമാധ്യമങ്ങളും  ഉയര്‍ത്തിക്കൊണ്ട് വന്നവയാണ്. 1991-1996 കാലഘട്ടത്തിലെ നിയമസഭാ രേഖകളും പത്രമാധ്യമങ്ങളും പരിശോധിച്ചാല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍, ധനമന്ത്രി ഉമ്മന്‍ചാണ്ടി, ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍എം.ഡി.. ജിജി തോംസണ്‍, മുന്‍ ഭക്ഷ്യസെക്രട്ടറി പി. ജെ. തോമസ് എന്നിവര്‍ ഈ ഇടപാടില്‍ നടത്തിയ ഗുരുതരമായ ക്രമക്കേടുകളെകുറിച്ച്  നിയമസഭയ്ക്കകത്തും പുറത്തും ആരോപണങ്ങള്‍ ഉയര്‍ന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ 1996 ല്‍ എഫ്.ഐ. ആര്‍ രജിസ്റര്‍ ചെയ്തപ്പോള്‍ പ്രഥമ ദൃഷ്ടിയാല്‍ പ്രതിയാകേണ്ട ഉമ്മന്‍ചാണ്ടി സാക്ഷി മാത്രമാകുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെ പ്രതിയാകാത്തതിന്റെ ന്യായീകരണമാകട്ടെ, ധനകാര്യവകുപ്പിന്റെ അംഗീകാരമില്ലാതെ പാമോലിന്‍ ഇറക്കുമതി വഴി സംസ്ഥാന ഖജനാവിന് നഷ്ടം സംഭവിച്ച  കേസില്‍  ധനമന്ത്രിയെ പ്രതിചേര്‍ത്താല്‍ കേസ് ദുര്‍ബലമാകുമെന്നാണ്. ഇവിടെയാണ് വിജിലന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്.
    പാമോലിന്‍ അഴിമതിയില്‍  ഉമ്മന്‍ചാണ്ടിയുടെ പങ്ക് ചൂണ്ടിക്കാണിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട  ഫയലുകളില്‍ വ്യക്തമാണ്. ടെണ്ടര്‍ വിളിക്കാതെ സിംഗപ്പൂര്‍ കമ്പനിയ്ക്ക്  പാമോയിലിന്‍ ഇറക്കുമതി കരാര്‍ നല്‍കിയതിനെ എതിര്‍ത്ത ് ധനവകുപ്പ്  വിശദമായി കുറിപ്പ് തയ്യാറാക്കിയിരുന്നു. ഈ വിയോജനകുറിപ്പില്‍ ഒപ്പിടാതെ 1991 നവംബര്‍ 27 ന്  പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ച ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പിടുകയായിരുന്നു. ഇങ്ങനെ ഒരിടത്ത് ഒപ്പിട്ടും മറ്റൊരിടത്ത് ഒപ്പിടാതെയും ഉമ്മന്‍ചാണ്ടി അഴിമതിയ്ക്ക് വഴി തുറന്നുകൊടുത്തു. 1994 മാര്‍ച്ച് 1 ന്  നിയമസഭയില്‍ സി.ഐ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു “കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തില്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍  വൈകിപ്പോയതുകൊണ്ട്  മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച് ധൃതിയില്‍ തീരുമാനമെടുത്തു. പാമോലിന്‍  ഇടപാടില്‍ സര്‍ക്കാരിന് എതിരെയുള്ള സമരം രാഷ്ട്രീയപ്രേരിതമാണ് അതുകൊണ്ട് രാഷ്ട്രീയമായിത്തന്നെ അതിനെ ഞങ്ങള്‍ നേരിടും’’. ഇതില്‍ നിന്നും മനസ്സിലാക്കുന്നത് ധനവകുപ്പ് രേഖപ്പെടുത്തിയ  വിയോജനക്കുറിപ്പ് മറച്ച് വെച്ചുകൊണ്ട് പാമോലിന്‍ ഇറക്കുമതിക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി ബോധപൂര്‍വ്വം ഒപ്പുവെച്ച് കൊടുക്കുകയായിരുന്നു.
    സിംഗപ്പൂരിലെ പവര്‍ &എനര്‍ജി കമ്പിനി വഴി 15000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനും, അതിനുവേണ്ടി സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്  27 കോടി രൂപ നല്‍കാനും, അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, മുഖ്യമന്ത്രി കെ. കരുണാകരന്‍ എന്നിവര്‍ ഒപ്പിട്ട ഫയലാണ് 1991 നവംബര്‍ 27 ലെ മന്ത്രിസഭയുടെ പരിഗണനയ്ക്ക്  വന്നത്. വലിയ സാമ്പത്തിക ബധ്യതയുള്ള  ഇടപാടായിരുന്നിട്ടും, ധനവകുപ്പിന്റെ പരിശോധനപോലും നടത്താതെയാണ് ധനമന്ത്രി പാമോലിന്‍ ഇറക്കുമതിയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതേ ദിവസം തന്നെ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ ശുപാര്‍ശയിലെ  വ്യവസ്ഥകള്‍ അംഗീകരിച്ച്  പാമോലിന്‍ ഇറക്കുമതിക്ക്  മന്ത്രിസഭ തീരുമാനമെടുത്തു. 1991 നവംബര്‍ 29 സിംഗപ്പൂര്‍ പവര്‍ &എനര്‍ജി കമ്പിനി മുഖാന്തരം മലേഷ്യന്‍ പാമോലിന്‍ ഇറക്കുമതിയ്ക്ക് കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ധനമന്ത്രിയുടെ ശുപാര്‍ശ ഇല്ലായിരുന്നുവെങ്കില്‍ നവംബര്‍ 27ലെ മന്ത്രിസഭയ്ക്ക്  ഈ തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു. ധനവകുപ്പിന്റെ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു വെങ്കില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുകയില്ലായിരുന്നു.
    സുതാര്യതയെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും നാഴികയ്ക്ക് 40 വട്ടം പറയുന്ന ഉമ്മന്‍ചാണ്ടി ആകട്ടെ  പാമോലിന്‍  അഴിമതി രാഷ്ട്രീയ പ്രയരിതമെന്നാണ് പറയുന്നത്. ഈ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്  ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വെളിപ്പെട്ടതാണ്; പുതുതായി പൊന്തി വന്നതല്ല. ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച്  വ്യക്തമായ രേഖകള്‍ ഉണ്ടായിരിക്കെ സ്വന്തം മുഖം രക്ഷിക്കാന്‍ അദ്ദേഹം നടത്തുന്ന പരാക്രമങ്ങള്‍ പാഴാവുകയുള്ളു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവര്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരുമെന്ന്  മാത്രമല്ല മറുപടി പറയേണ്ടിവരും. രാഷ്ട്രീയ പ്രയരിതമെന്ന് ഉമ്മന്‍ചാണ്ടിയും  അത് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്ക•ാരും എം. എം. ഹസന്‍ ചെയര്‍മാനായ  പബ്ളിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ഈ കേസ് സംബന്ധിച്ച് വിവിധ കോടതികള്‍ നടത്തിയ നിരീക്ഷണങ്ങളും വിധികളും ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.   പാമോലിന്‍ ഇറക്കുമതി സംബന്ധിച്ച് കേന്ദതീരുമാനങ്ങള്‍ പാടെ ലംഘിച്ച്  ഒരു വിദേശ കമ്പിനിയ്ക്ക് കോടികള്‍ ലാഭമുണ്ടാക്കാന്‍ വഴിയൊരുക്കിയെന്ന് വ്യക്തമാക്കിയത്  ഇന്ത്യയുടെ കണ്‍ട്രോളര്‍ & ആഡിറ്റര്‍ ജനറലാണ്. 1992 ജൂലൈ 21 ന് നടന്ന അസംബ്ളി സമ്മേളനത്തില്‍  പാമോലിന്‍ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന്  സഭയില്‍ നടന്ന ധനകാര്യബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്   ഉമ്മന്‍ചാണ്ടി തന്നെ മറുപടിയായി പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പാമോലിന്‍ അഴിമതി സംബന്ധിച്ച രേഖകളുടെ കോപ്പി 1992 മാര്‍ച്ച് 10 ന് കേരളനിയമസഭയുടെ  മേശപ്പുറത്ത്  വെച്ചതിനെതുടര്‍ന്നാണ് ഗവണ്‍മെന്റ് പ്രസ്തുത ഫയലിന്റെ ഒര്‍ജിനല്‍ സഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത് .അതുവഴി ആ ഫയല്‍ സഭയുടെ പൊതുസ്വത്താകുന്നതും. ഇങ്ങനെ ഈ പ്രശ്നത്തില്‍ നിയമസഭയില്‍ ദിവസങ്ങളോളം നടന്ന പോരാട്ടങ്ങള്‍ ഈ നാട്ടിലെ  ജനങ്ങള്‍ക്കും പത്രസുഹൃത്തുക്കള്‍ക്കും അറിയാവുന്നതാണല്ലോ.
    കേരളീയര്‍ക്ക് ഇന്നും മനസിലാകാത്ത ഒരു കാര്യമുണ്ട് ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി സംസ്ഥാന ഖജനാവിന്റെ സൂക്ഷിപ്പുകാരന്‍ ആയിരുന്നിട്ടും ധനവകുപ്പിന്റെയോ, ധനകാര്യ സെക്രട്ടറിയുടെയോ അറിവില്ലാതെ പാമോലിന്‍ ഫയല്‍ ഒപ്പുവെച്ച് കൊടുത്തത് എന്തിനുവേണ്ടിയായിരുന്നു എന്നാണ്.  ഉമ്മന്‍ചാണ്ടിയാകട്ടെ  ഒപ്പ് വെച്ച് കൊടുത്തതില്‍ എന്താണ് തെറ്റ് എന്ന മട്ടിലും.  കേവലം ഒരു ഒപ്പില്‍  മാത്രം ഒതുങ്ങുന്നതല്ല  ഈ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്. കോടികളുടെ ഇടപാടില്‍ ഫയല്‍ ധനകാര്യസെക്രട്ടറിയെ പോലും കാണിക്കാതെ തനിച്ച് ക്ളിയര്‍ ചെയ്ത്  കൊടുക്കാന്‍ കഴിഞ്ഞ ധനമന്ത്രി എന്ന ബഹുമതി  കേരള ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. പാമോലിന്‍ ഇടപാടില്‍ കടുത്ത ക്രമക്കേടും ചട്ട ങ്ങളുടെ ലംഘനവുമാണ് നടന്നതെന്ന് സംസ്ഥാന ധനവകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.വി. തോമസിന്റെ മേല്‍നേട്ടത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്  (3638/പി.യു. 132/91 ഫൈനാസ് 10028/സി291) ധനമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മേശപ്പറത്ത് എത്തുന്നതിന് മുമ്പായി ഡെപ്യൂട്ടിസെക്രട്ടറി പി.എസ്. സലിംഷാ, ഫൈനാസ് (എക്സ്പെഡീച്ചര്‍) സെക്രട്ടറി  എന്‍വി.മാധവന്‍, ഫൈനാസ്  കമ്മീഷണറും സെക്രട്ടറിയുമായ മോഹനചന്ദ്രന്‍ എന്നിവര്‍ കണ്ട് ശരിവെച്ചിട്ടുണ്ട്. പാമോലിന്‍ ഇറക്കുമതിക്ക് 1991 നവംബര്‍ 26 ന് ആയിരുന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ നവംബര്‍ 27 ന്  ചേര്‍ന്ന  മന്ത്രിസഭായോഗം  ഈ ഇടപാട് നടത്താന്‍ കേരളാ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനെ അധികാരപ്പെടുത്തുന്നു.  നവംബര്‍ 27 ന് ബന്ദ് ദിനമായിരുന്നിട്ട് കൂടി കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ ജിജി തോംസണ്‍  എറണാകുളത്ത് വില്ലിങ്ങ് ടണ്‍ ഐലന്റിലെ  താജ് ഗ്രൂപ്പിന്റെ മലബാര്‍ ഹോട്ടലിലല്‍ എത്തി പവര്‍ & എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ശിവരാമകൃഷ്ണനുമായി  
കരാറില്‍ ഒപ്പിടുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായി ഈ കമ്പിനിയ്ക്ക്  ഇന്ത്യയില്‍ പാമോലിന്‍ ഇറക്കി വെക്കുന്നതിനുള്ള ഗോഡൌണോ മറ്റ് സംവിധാനമോ ഇല്ലാത്തതിനാല്‍ സഹോദരസ്ഥാപനമായ  മാലാ എക്സ്പോര്‍ട്ടേഴ്സ് ഏജന്‍സിയെ ഇതിന് ചുമതലപ്പെടുത്തുന്നു. ഈ കരാറിനും  ഇതേ ദിവസം തന്നെ ജിജി തോംസണും ശിവരാമകൃഷ്ണനും ഒപ്പിടുന്നു.  പാമോലിന്‍ മൊത്തവിലയുടെ 15%  മാലാ എക്സ്പോര്‍ട്ടേഴ്സ് ഏജന്‍സിയ്ക്ക്  സര്‍വ്വീസ് ചാര്‍ജായി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ കരാറില്‍ ഔദ്യോഗിക ഉത്തരവ് ജി.ഒ. (എംഎസ്.) 13/91) ഫുഡ് & സിവില്‍ സപ്ളൈസ് ഡിപ്പാര്‍ട്ട്മെന്റ്  പുറത്തിറക്കിയത് ഡിസംബര്‍ 2 നും. അതായത് സര്‍ക്കാര്‍ ഉത്തരവിറക്കിയതാകട്ടെ 02.12.1991 ലും മെസേഴ്സ് പവര്‍ & എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്  മെസേഴ്സ്   മാലാ എക്സ്പോര്‍ട്ടേഴ്സ്  എന്നവരുമായി കരാറുണ്ടാക്കിയത് 29.11.1991 ലും. സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതിക്കുള്ള അനുമതി നല്‍കുന്നതിന് മുന്‍പ് തന്നെ കരാര്‍ ഒപ്പിട്ടു എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.
    പാമോലിന്‍ ഇടപാട് സംബന്ധിച്ച ധനവകുപ്പിന്റെ പരിശോധനാറിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. ‘ഇന്ത്യാ ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കേരളാ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ 15000 മെട്രിക് ടണ്‍ പാമോലിന്‍ പവര്‍ & എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനെ ഇടനില ഏജന്‍സിയായി  ഉപയോഗിച്ച്  ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി  ജി.ഒ. (എം.എസ്.) 13/91) ഫുഡ് & സിവില്‍ സപ്ളൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ 02.12.1991 ലെ ഉത്തരവില്‍ കാണുന്നു. പവര്‍ & എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് മൊത്തമവിലയുടെ 15% സര്‍വ്വീസ് ചാര്‍ജായി നല്‍കാനും ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവ് ഇറക്കുന്നതിന്  ഉപോത്ബലമായ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉത്തരവ് ഞങ്ങളുടെ മുമ്പില്‍  ഇല്ലാത്തതുകൊണ്ട്  അതിലെ നിബന്ധകള്‍ എന്താണന്ന് ഞങ്ങള്‍ക്ക് വ്യക്തമല്ല. എന്നാല്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനോ  സര്‍ക്കാരോ ഈ ഇടപാടില്‍ അനുമതികൊടുക്കുന്നതിന് മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചതായി കാണുന്നില്ല. സാമ്പത്തിക ഇടപാടുകളില്‍ പുലര്‍ത്തേണ്ട മാന്യതയുടെ എല്ലാ തത്വങ്ങള്‍ക്കും എതിരാണിത്.’
    സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക്  വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വളരെ പ്രധാനപ്പെട്ട  പ്രശ്നമായിരുന്നിട്ട് കൂടി 02.12.1991 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കേണ്ട വകുപ്പുകളില്‍ ധനവകുപ്പിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഉത്തരവ്  ഇറക്കുമ്പോള്‍ ധനവകുപ്പുമായി ആലോചിച്ചിരുന്നില്ല എന്നത് വ്യക്തമാണ്. സംസ്ഥാനത്തിന്റെ പൊതുവിതരണ സംവിധാനത്തെ സ്വാധീനിക്കുന്നതും സര്‍ക്കാരിന്റെ അംഗീകാരം വേണ്ടതുമായ കോടിക്കണക്കിന് രൂപയുടെ ഇടപാടാണിത്.  മെസേഴ്സ്   മാലാ എക്സ്പോര്‍ട്ടേഴ്സ്  കോര്‍പ്പറേഷനുമായി  ഉണ്ടാക്കിയ കരാറിലെ  രണ്ടാം ഖണ്ഡികയില്‍  കേരള സര്‍ക്കാരിന്റെ പേര്  പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ 02.12.1991 ല്‍ ഈ ഉത്തരവ് ഇറക്കുന്നതിന്  മുന്‍പ് ധനവകുപ്പിന്റെ അംഗീകാരം തേടാതിരുന്നത്  കേരള സര്‍ക്കാരിന്റെ ബിസിനസ് റൂള്‍സിലെ 10-ാം ചട്ടം സെക്രട്ടറിയേറ്റിലെ  ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് നഗ്നമായി ലംഘിച്ചു എന്ന്  തെളിയിക്കുന്നു. ഈ ചട്ടം ലംഘിച്ച വിവരം ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രിമാരുടെ  ശ്രദ്ധയില്‍ കൊണ്ടുവരേണ്ട  ചുമതല ധനവകുപ്പിനുള്ളതാണ്. സെക്രട്ടറിയേറ്റ് നിയമാവലിയിലെ     7- ാം ഖണ്ഡിക പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ഡിപ്പര്‍ട്ട്മെന്റിന് ഇതിന്റെ ചുമതലയുണ്ട് . അതുകൊണ്ട് ഇക്കാര്യം ധനവകുപ്പ് കമ്മിഷണര്‍, സെക്രട്ടറിയുടെയും  ധനമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരണം. താഴേക്കിടയിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പിടിപ്പുകേട് കൊണ്ട് ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് പറഞ്ഞ് ആര്‍ക്കും  ഈ കേസില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല. ധനവകുപ്പില്‍ നിന്ന് ഈ ഉത്തരവ്  ഒളിപ്പിച്ചുവെച്ചതിന്  ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിയന്ത്രണമുള്ള അഡ്മിനിസ്ട്രേറ്റീവ്  ഡിപ്പാര്‍ട്ട്മെന്റിന്റെ പേര്  ഈ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ടെണ്ടറോ ബന്ധപ്പെട്ട വകുപ്പുകളുടെ ചട്ടപ്രകാരമുള്ള അംഗീകാരമോ ഈ ഇടപാടില്‍ ഉണ്ടായിരുന്നില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
    മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്താല്‍കൂടി ബിസിനസ് റൂളിലെ 10-ാം ചട്ടപ്രകാരം ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമായും നേടാനിരിയ്ക്കണമെന്നുണ്ട്. ധനവകുപ്പിന്റെ ഫയലിലെ  വിമര്‍ശനമിങ്ങനെ (19.02.1992 ഫയല്‍ നമ്പര്‍ 18889/പി.യു. 132/92 ഫൈനാന്‍സ്) ഖണ്ഡിക 22   ജി.ഒ. (എം.എസ്.) 13/91 ഭക്ഷ്യ സിവില്‍ സപ്ളൈസ്  ഡിപ്പാര്‍ട്ട്മെന്റ് ഇറക്കിയത്  മന്ത്രിസഭാതീരുമാനപ്രകാരമാണ്. മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തോടെ അഡ്മിനിസ്ട്രേറ്റീവ്  വകുപ്പ് ഉത്തരവിറക്കാന്‍ നിയുക്തരായിട്ടുണ്ടെങ്കില്‍ കൂടി ആ ഉത്തരവിന്റെ കരട് അടങ്ങുന്ന ഫയല്‍ നക്കല്‍ ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് ധനവകുപ്പ് ഫയല്‍ അംഗീകരിച്ചിരിക്കണമെന്നതാണ് .20.02.1987  സര്‍ക്കുലര്‍ നമ്പര്‍ 18/87 പ്രകാരം നല്‍കിയിരുന്ന നിര്‍ദ്ദേശം.  ഈ നടപടിക്രമം  അഡ്മിനിസ്ട്രേറ്റീവ്  വകുപ്പ് പാലിച്ചിട്ടില്ല.
    പവര്‍ & എനര്‍ജി ലിമിറ്റഡുമായി കരാറിന് അന്തിമരൂപം നല്‍കുന്നതിന് മുന്‍പ് ടെണ്ടര്‍  ക്ഷണിച്ചതായി ഫയലില്‍ കാണുന്നില്ല. ഇതിന്റെ വില എത്രയെന്ന് നിശ്ചയിക്കാതെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതും സാമ്പത്തികമായി ഉചിതമായില്ല. 27.11.1991 ലെ  മന്ത്രിസഭാ തീരുമാനവും  അഡീഷണല്‍  ചീഫ്  സെട്ട്രറിയുടെ കുറിപ്പും ചൂണ്ടിക്കാട്ടുന്നത് ഈ ഇടപാടില്‍  വിലയുടെ 15% കമ്മീഷനായി മെസേഴ്സ് പവര്‍ & എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് നല്‍കണമെന്ന് മാത്രം. ഇതിന്റെ കയറ്റിറക്കത്തിന് 45 ലക്ഷം രൂപയ്ക്ക്  മെസേഴ്സ്  മാലാ എക്സ്പോര്‍ട്ടേഴ്സ്  കോര്‍പ്പറേഷനുമായി  വീണ്ടും ഒരു കരാറിന് അനുമതി നല്‍കിയതില്‍  ഒട്ടും യുക്തിയില്ല. ചുരുക്കത്തില്‍ മാലാ എക്സ്പോര്‍ട്ടേഴ്സ്  കോര്‍പ്പറേഷനുമായി  ഉണ്ടാക്കിയ കരാര്‍ നിമയപ്രകാരമുള്ളതല്ല.15% കമ്മീഷനില്‍ കയറ്റിറക്ക് ഉള്‍പ്പെടുമെന്നാണ്  കരാറില്‍ പറയുന്നത്. ആ നിലയ്ക്ക് മാലാ എക്സ്പോര്‍ട്ടേഴ്സ്  കോര്‍പ്പറേഷനുമായി   45 ലക്ഷം രൂപയ്ക്ക്  ഉണ്ടാക്കിയ കരാര്‍ അനാവശ്യമായ  ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നത്.
    മര്‍മ്മ പ്രധാനമായ  ധനവകുപ്പുമായി  ആലോചിക്കാതെ  അന്നത്തെ മുഖ്യമന്ത്രി, ധനമന്ത്രി ഉമ്മന്‍ചാണ്ടി, ഭക്ഷ്യമന്ത്രി  ടി.എച്ച്.മുസ്തഫ അടക്കമുള്ളവര്‍, ഈ ഇടപാട് ക്യാബിനറ്റില്‍ അവതരിപ്പിച്ച് ചെവിക്ക് ചെവി അറിയാതെ  കരാര്‍ ഉണ്ടാക്കി ധനവകുപ്പിന്റെ അംഗീകാരത്തിനെത്തിച്ചപ്പോള്‍ ഒന്നരമാസം  കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 29 ന് ഒപ്പിട്ട കരാറിന്റെ അംഗീകാരത്തിന് ഫയല്‍ ധനവകുപ്പിലെത്തിയത്  ജനുവരി 10 നും. ജനുവരി 10 മുതല്‍  ഫെബ്രുവരി 29 വരെ ഫയല്‍ ധനവകുപ്പിലുണ്ടായിരുന്നു. ഈ ഫയല്‍ ധനമന്ത്രിയായിരുന്ന  ഉമ്മന്‍ചാണ്ടി കാണണമെന്ന് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരി 13, 14 തീയതികളില്‍ ഈ ഫയല്‍ സംബന്ധിച്ച ടെലിക്  സന്ദേശം  ധനമന്ത്രി കണ്ടിട്ടുമുണ്ട്. ഈ കരാര്‍ ഒപ്പിടുന്നതുവരെ മറ്റൊരു ഓഫറും  ലഭിച്ചിട്ടില്ല എന്ന  വാദവും  തെറ്റാണ്. ധനവകുപ്പിന്റെ ഫയല്‍ (ഫയല്‍ നമ്പര്‍ 3638/പി.യു 132/91 ഫൈനാന്‍സ് ) പരിശോധിച്ചാല്‍ ലഭിച്ച ഓഫര്‍ മനസ്സിലാക്കാന്‍ സാധിക്കും. പവര്‍ & എനര്‍ജി കമ്പിനി 405  അമേരിക്കന്‍ ഡോളറിനാണ്  ഇറക്കുമതി ചെയ്തത്.  ഇതിലും കുറഞ്ഞ നിരക്കില്‍ 9 കമ്പിനികളിലെ  ഓഫര്‍ ലഭിച്ചിട്ടുണ്ട്. ടി.പി സെക്ഷനിലെ രജിസ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാക്കാവുന്നതാണ്. 27.11.1991 ലെ  മന്ത്രിസഭായോഗത്തില്‍  നിന്നും ഈ ഇടപാട് സംബന്ധിച്ച് ധനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ധനമന്ത്രിയായിരുന്ന  ഉമ്മന്‍ചാണ്ടി മറച്ചു പിടിക്കുകയായിരുന്നു. സാധാരണ സാമ്പത്തിക ബാധ്യത വരുന്ന ഒരു ഇടപാട് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കുമ്പോള്‍ ധനകാര്യവകുപ്പിന്റെ അഭിപ്രായം ധനവകുപ്പ് മന്ത്രി കണക്കിലെടുക്കണ്ടതാണ്. എന്നാല്‍ ഈ ഇടപാടില്‍ ധനമന്ത്രി ഉമ്മന്‍ചാണ്ടി ധനവകുപ്പിന്റെ അഭിപ്രായം കണക്കിലെടുക്കാതെ  കോടിക്കണക്കിനു രൂപയുടെ  സാമ്പത്തിക ബാധ്യത വരുന്ന ഇടപാടിന് കൂട്ടുനില്‍ക്കുകയായിരുന്നു. ഇത് ധനമന്ത്രി അറിഞ്ഞുകൊണ്ട് തന്നെ  ചെയ്തതാണ്. അല്ലായെങ്കില്‍ പത്രമാധ്യമങ്ങളും  പ്രതിപക്ഷവും കരാറിന്റെ തുടക്കം മുതല്‍  അഴിമതി ആരോപണം ഉന്നയിക്കുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഈ കരാര്‍ സംബന്ധിച്ച തീരുമാനത്തില്‍ ധനമന്ത്രി ഒപ്പ് വെയ്ക്കുമായിരുന്നില്ല.
    നളിന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പിനി അയച്ച 390 ഡോളര്‍ നിരക്കിലുള്ള ഓഫര്‍ 26.11.1991 ല്‍  വൈകുന്നേരം 04.27 മണിക്ക്  ചീഫ് സെക്രട്ടറിക്ക് കിട്ടിയിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനത്തിലേക്ക് നയിക്കുന്ന 27.11.91 ലെ  കുറിപ്പുകള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതുന്നത്. പവര്‍ & എനര്‍ജി കമ്പിനിയെക്കുറിച്ച്  തനിയ്ക്ക് വളരെയൊന്നും അറിയില്ലായെന്നും, എന്നാല്‍ മറ്റാരോടെങ്കലും തേടാന്‍  സമയമില്ലായെന്നും  അതുകൊണ്ട്  ആ കമ്പിനിയെ 15% കമ്മീഷന്‍ നല്‍കി ഇടനിലക്കാരനാക്കണമ്ന്നുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി തയ്യറാക്കിയ  കുറിപ്പില്‍ രേഖപ്പെടുത്തിയത്്. ഇത് അംഗീകരിച്ചാണ്  ധനമന്ത്രി അടക്കമുള്ളവര്‍ ഫയലില്‍ ഒപ്പു വെയ്ക്കുന്നത്. 1992 മാര്‍ച്ച് 12 ന്  നളിന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫറിനെ സംബന്ധിച്ച്  പത്രക്കാരുടെ ചോദ്യത്തിന്  ഭക്ഷ്യമന്ത്രിയായിരുന്ന  ടി.എച്ച്.മുസ്തഫ പറഞ്ഞതിങ്ങനെ ‘നളിന്‍ ഇന്‍ഡസ്ട്രീസിന്റെത് ഒരു ഓഫറായി  പരിഗണിച്ചാല്‍ പവര്‍ & എനര്‍ജി കമ്പനിയുടെ അന്നത്തെ (26.11.1991) ഓഫര്‍ 385 ഡോളറാണ്. അതുകൊണ്ട് കുറഞ്ഞ ഓഫറായ പവര്‍ & എനര്‍ജിക്ക് കൊടുത്തു’.  നളിന്‍ ഇന്‍ഡസ്ട്രീസിന്റെ 390 ന്റെ കുറഞ്ഞ ഓഫര്‍ ലഭിച്ചിട്ടും 405 ഡോളറിന്റെ പാമോയില്‍ വാങ്ങിയതിനെപ്പറ്റി ആക്ഷേപമുന്നയിച്ചപ്പോള്‍ കരാറില്‍ ഏര്‍പ്പെട്ട കമ്പിനി തന്നെ 385 ന് നല്‍കാമെന്ന്  ഓഫര്‍ നല്‍കിയെന്നാണ് ഭക്ഷ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.
    പാമോയില്‍ ഇടപാട് സംബന്ധിച്ച് ഏറ്റവും വലിയ ക്രമക്കേട് യഥാര്‍ത്ഥത്തില്‍ നടത്തിയത് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഹൈക്കേടതിയുടെ പരാമര്‍ശം. സുപ്രീം കോടതിയും ഹൈകോടതിയും വിവിധഘട്ടങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്  നിരീക്ഷിച്ചിട്ടുണ്ട് . ഇപ്പോള്‍ വിജിലന്‍സി കോടതിയുടെ  ഉത്തരവാകട്ടെ ഉമ്മന്‍ ചാണ്ടയുടെ  പങ്കിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുന്നു.
    കേരള നിയമസഭയില്‍ ലഭ്യമായ രേഖകളും 05.03.1992 ലെ ചോദ്യോത്തരത്തിന് സഭയില്‍ നല്‍കിയ മറുപടിയും ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ 10028/സി.2/91/ എഫ് & സി.എസ് .ഡി. ഫയലും  സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ജെ.2/17391/91 ാം നമ്പര്‍ ഫയലും പരിശോധിക്കുന്ന ഏതൊരാള്‍ക്കും  മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, ധനമന്ത്രി ഉമ്മന്‍ചാണ്ടി, ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ എം.ഡി. ജിജി തോംസണ്‍, മുന്‍ ഭക്ഷ്യസെക്രട്ടറി പി. ജെ. തോമസ് എന്നിവര്‍ ഈ ഇടപാടിന്  പിന്നില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്ന്  മനസിലാക്കാന്‍ സാധിക്കും.  ഈ അഴിമതിക്കേസിലെ രാഷ്ട്രീയ പ്രേരിതരെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി കേസ് മുന്നോട്ടു പോയാല്‍ ലഭ്യമായ രേഖകര്‍  പ്രകാരം താന്‍ പ്രതിയാകുമെന്ന് മനസിലാക്കി 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ നവംബര്‍ 04 ന് കേസ് വിചാരണ  ചെയ്യാനുള്ള  അനുമതി പിന്‍വലിച്ചു. എല്‍.ഡി.എഫ് അധികാരത്തില്‍  വന്നതിന് ശേഷം 2006 നവംബര്‍ 25 ന് കേസ് വീണ്ടും  വിചാരണ ചെയ്യാന്‍ അനുമതി നല്‍കി. വിചാരണ നടപടികള്‍ പുരോഗമിയ്ക്കവേ 2011 ഫെബ്രുവരി 11 ാം തീയതി  ഈ കേസിലെ  02-ാം പ്രതി ടി.എച്ച്. മുസ്തഫ പാമോയില്‍ ഇടപാടില്‍ ധനമന്ത്രിയായിരുന്ന  ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത്  അനീതിയാണെന്നും  തന്നെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ട്  പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. ഫെബ്രുവരി  12 ാം തീയതി 4 ാം പ്രതി സഖറിയ മാത്യു ഈ ഇടപാടില്‍ ധനപരമായ ഉത്തരവാദിത്തം അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കാണന്ന് കാണിച്ച് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി.
    വിജിലന്‍സ് ഈ പുതിയ വെളിപെടുത്തലുകളുടെ  പശ്ചാത്തലത്തില്‍ പഴയ നിലപാടില്‍ നിന്നും  പിന്‍മാറുകയും 2011 ഫെബ്രുവരി 26 ന് കേസിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍  പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. മാര്‍ച്ച് 14 ലെ പ്രത്യേക കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് വിജിലന്‍സ്  പുനരന്വേഷണം ആരംഭിക്കുകയും  ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയെ   പ്രതി  ചേര്‍ക്കാന്‍ തെളിവില്ല എന്ന് പറഞ്ഞു ധൃതിയില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി  കോടതിയില്‍  സമര്‍പ്പിച്ചു.
    അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി ഒളിഞ്ഞും തെളിഞ്ഞും കേസ് അട്ടിമറിയ്ക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ 2011 ആഗസ്സ് 08 ന് പ്രത്യേക കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ധനവകുപ്പും ധനമന്ത്രിയും രണ്ടും രണ്ടാണെന്നും,  അന്ന് ധനമന്ത്രിയായിരുന്ന  ഉമ്മന്‍ചാണ്ടിയുടെ  പങ്ക് കൂടി അന്വേഷിക്കാന്‍ ഉത്തരവിടുന്നു. ഉമ്മന്‍ചാണ്ടിയാകട്ടെ തന്റെ മുന്‍ഗാമികള്‍ കാണിച്ച  മാതൃകകള്‍ തുടരാനുള്ള ധാര്‍മ്മികത കാണിയ്ക്കാതെ വിജിലന്‍സ്  വകുപ്പ്  ഒഴിഞ്ഞുകൊണ്ട്  ഭരണത്തലവനായി തുടര്‍ന്ന്  ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്  കേസില്‍ ഇടപെടുകയാണ്.  പാമോയില്‍ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ പ്രോസിക്യൂട്ട്  ചെയ്യാനുള്ള  അനുമതി തേടി കേന്ദ്രസര്‍ക്കാരിന്  എല്‍.ഡി.എഫ്  സര്‍ക്കാര്‍ അയച്ച കത്ത്  പിന്‍വലിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനമെടുത്തു. ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്നും സാക്ഷിയാക്കി മാറ്റാന്‍ ഉതകുന്ന നിയമോപദേശത്തിന്  പിന്നില്‍ പ്രവര്‍ത്തിച്ച ജി.ശശീന്ദ്രനെ ഉമ്മന്‍ചാണ്ടി വീണ്ടും വിജിലന്‍സ്  വകുപ്പില്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി  നിയമിച്ചിരിക്കുകയാണ്. 1998 ല്‍ ഇദ്ദേഹം തന്നെ പാമോയില്‍ കേസിലെ എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലായെന്ന് ഉപദേശം നല്‍കിയിരുന്നു. 2000 മാര്‍ച്ച് 29 പാമോയില്‍ കേസിന്റെ എഫ്.ഐ.ആര്‍  നിയമപരമായി നില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി പിന്നീട് വിധിച്ചു. 1996 ല്‍ പ്രതിയാകേണ്ട തന്നെ രക്ഷിച്ച ജി. ശശീന്ദ്രനെ വീണ്ടും വിജിലന്‍സ്  വകുപ്പിന്റെ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറായി പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ  ശ്രമത്തിന്റെ ഭാഗമാണ്.
    ഗവണ്‍മെന്റ് ചീഫ് വിപ്പ്  പി.സി.ജോര്‍ജിനെ ഉപയോഗിച്ച്  ഉമ്മന്‍ചാണ്ടി വിജിലന്‍സ്  ജഡ്ജിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചു. പത്രമാധ്യമങ്ങളിലൂടെ ജഡ്ജിയെ വ്യക്തിഹത്യ നടത്തി പാമോയില്‍ കേസ്  കേള്‍ക്കുന്നതില്‍ നിന്നും പിന്‍വാങ്ങിപ്പിച്ചിരിപ്പിക്കുകയാണ്. പ്രലോഭനത്തില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തുക അല്ലെങ്കില്‍ സ്വഭാവഹത്യ നടത്തുക എന്ന തെരുവുഗുണ്ടകളുടെ  ശൈലിയിലുള്ള പണിയാണ് ഉമ്മന്‍ചാണ്ടി  പി.സി. ജോര്‍ജിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു വന്നിട്ടുപോലും പി.സി.ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി  സ്വീകരിച്ചിരിക്കുന്നത്. ഇതില്‍നിന്നും മനസ്സിലാകുന്നത് ഉമ്മന്‍ചാണ്ടിയുടെ മൈക്കായി പി.സി.ജോര്‍ജ് പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ്. പുണ്യവാളന്‍ ചമയുന്ന പി.സി.ജോര്‍ജാകട്ടെ അഴിമതി നിരോധനനിയമപ്രകാരം രജിസ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്  വിധേയനായ വ്യക്തിയാണ്.

    പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള തുടരന്വേഷണം ചോദ്യം ചെയ്ത്  ജിജിതോംസണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാതിരുന്ന ഉമ്മന്‍ചാണ്ടി ക്കുള്ള പ്രത്യുപകാരമാണ്. അല്ലായെങ്കില്‍ 19 വര്‍ഷമായി  പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് ജിജി തോംസണ്‍ ഹൈക്കോടതിയില്‍  ഹര്‍ജി നല്‍കില്ലായിരുന്നു. കേസ് ഇത്രയും കാലം നീണ്ടുപോയത് കെ. കരുണാകരന്‍  ജനപ്രതിനിധി എന്ന നിലയിലും മറ്റും അന്വേഷണത്തെയും നിയമനടപടിയെയും  ചോദ്യം ചെയ്ത്  വിവിധ കോടതികളില്‍  നിന്ന്  സമ്പാദിച്ച വിധികള്‍ മൂലമാണ്. അന്നൊന്നും  ഉന്നയിക്കാത്ത കാര്യങ്ങള്‍ ഉന്നയിച്ച്  ജിജി തോംസണ്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പുനരന്വേഷണ ഉത്തരവിനെതിരെ സ്റേ സമ്പാദി ക്കാന്‍  ഹൈക്കോടതിയില്‍ പോയതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ തന്നെയാണ്. അവസാനം നിയമസഭയില്‍ നടന്ന  ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി ചോദിച്ചത് 10 വര്‍ഷം എല്‍.ഡി.എഫ്. ഭരിച്ചിട്ടും  എന്നെ എന്തുകൊണ്ട് പ്രതിയാക്കിയില്ല എന്നാണ്. ഇതേ ചോദ്യം തന്നെയാണ്  ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ചോദിക്കുന്നത്. എല്‍.ഡി.എഫ്  സര്‍ക്കാരിന്റെ കാലഘട്ടത്തിലെ അന്വേഷണവും കോടതികളും  എന്നെ പ്രതിയാക്കിയില്ലായെന്നാണ് ഉമ്മന്‍ചാണ്ടിയെപ്പോലെ  കുഞ്ഞാലിക്കുട്ടിയുടെയും അവകാശവാദം. എല്‍.ഡി.എഫ് ന്റെ കാലത്തെ അന്വേഷണത്തില്‍ പ്രതിയാക്കിയില്ല എന്ന് പറഞ്ഞാല്‍  ഇവര്‍ കുറ്റം ചെയ്തിട്ടില്ലായെന്ന്  വരുമോ? ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി എങ്ങനെ രക്ഷപ്പെട്ടു എന്ന് രേഖകള്‍ സഹിതം പുറത്തു വന്നിട്ടുള്ളതാണ്. കുഞ്ഞാലിക്കുട്ടിയെപ്പോലെ ഉമ്മന്‍ ചാണ്ടിയയും അധികാരവും  മറ്റ് സ്വാധീനവും ഉപയോഗിച്ച്  കേസ് അട്ടിമറിക്കാനുള്ള  ശ്രമങ്ങള്‍ തുടരുകയാണ്. ഉമ്മന്‍ചാണ്ടിയെന്ന  വ്യക്തിയെ കേരള സമൂഹം തിരിച്ചറിയാതെപോയത് എ.കെ. ആന്റണിയുടെ പിന്നില്‍ നിന്നും യുദ്ധം നയിച്ചതു മൂലമാണ്. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിക്ക്  അരങ്ങില്‍ ഒരു മുഖവും അണിയറയില്‍ മറ്റൊരു മുഖവുമാണ്.  പാമോലിന്‍ കേസിലെന്നത് പോലെ തിരുവനന്തപുരത്തെ ടൈറ്റാനിയത്തിലും ചവറയിലെ കെ.എം.എം.എല്ലിലും നടന്ന നവീകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഉള്ള അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാണ്. അത് വരുംദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ മനസിലാക്കാന്‍  കേരള ജനതയ്ക്ക് സഹായകരമായിരിക്കും.

All Rights Reserved WHM NEWS | (We Hate Manorama) Developed Designed Hosted and Powerd by
Twitter Bird Gadget